രാഹുൽ ഗാന്ധിയുടെ എസ്.പി.ജി ഗാർഡുകൾ പൈലറ്റുമാരുടെ ലൈസൻസ് ചോദിച്ചെന്ന്

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ എസ്.പി.ജി ഗാർഡുകൾ പൈലറ്റുമാരുടെ ലൈസൻസ്  കാണിക്കാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഡൽഹിയിൽ നിന്നും വരാണാസിയിലേക്കുള്ള കോൺഗ്രസ് വൈസ് പ്രസിഡന്റിൻെറ യാത്രക്ക് മുമ്പാണ് സംഭവം. വിമാനത്തിൽ ഉപയോഗിക്കുന്ന ഇന്ധനത്തിൻെറ ഗുണമേന്മ പരിശോധനയും എസ്.പി.ജി നടത്തി. സെപ്റ്റംബർ 14 ന് രാവിലെ 8.55ന് ഇൻഡിഗോ 6ഇ 308 വിമാനത്തിലാണ് സംഭവം.

പൈലറ്റുമാരുടെ ലൈസൻസുകൾ കാണിക്കാൻ എസ്.പി.ജി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട സമയത്ത് തങ്ങൾ അദ്ഭുതപ്പട്ടതായി  വിമാന ജീവനക്കാരൻ പറഞ്ഞു. എന്നാൽ, വിമാനക്കമ്പനിയോട് ഇക്കാര്യം ആവശ്യപ്പെടാൻ പൈലറ്റുമാർ അഭ്യർഥിച്ചു. പിന്നീട് സിവിൽ വ്യോമയാന ഡയറക്ടർ ജനറലുടെ നേതൃത്വത്തിൽ വിമാനം പരിശോധിച്ചു. ഇതുകഴിഞ്ഞ് ഇന്ധന സാമ്പിളുകൾ എടുക്കാനായിരുന്നു എസ്.പി.ജിയുടെ ആവശ്യം. തുടർന്ന് 45 മിനുട്ട് വൈകിയാണ് വിമാനം പുറപ്പെട്ടത്. എസ്.പി.ജിയുടെ നടപടിയെ സംബന്ധിച്ച് പ്രതികരിക്കാൻ ഇൻഡിഗോ വിസമ്മതിച്ചു. ഇക്കാര്യത്തെ സംബന്ധിച്ച് വിശദമായി വെളിപ്പെടുത്താൻ കഴിയില്ലെന്ന് കമ്പനി വക്താവ് പറഞ്ഞു.

പ്രത്യേക വി.ഐ.പികൾ സഞ്ചരിക്കുന്ന ഫ്ലൈറ്റുകൾക്ക് ഒരു പ്രോട്ടോക്കോൾ ഉണ്ട്. എയർ ഇന്ത്യ, ഇന്ത്യൻ എയർ ഫോഴ്സ് എന്നിവർ അവരുടെ മികച്ച പൈലറ്റുമാരെയാണ് ദൗത്യത്തിന് നിയോഗിക്കാറുള്ളത്. എന്നാൽ സ്വകാര്യ എയർലൈനുകൾ വഴി വി.ഐ.പികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ പൈലറ്റുമാരുടെ ലൈസൻസ് ആവശ്യപ്പെടുകയില്ലെന്നും മൂന്നു ദശാബ്ദങ്ങളായി വി.ഐ.പികൾക്കായി വിമാനം നിയന്ത്രിക്കുന്ന മുതിർന്ന പൈലറ്റ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.