രാഷ്ട്രീയ നേതാക്കളെ വധിക്കാന്‍ ഗൂഢാലോചന: പ്രതികള്‍ക്ക് അഞ്ചുവര്‍ഷം തടവ്

ബംഗളൂരു: രാഷ്ട്രീയ നേതാക്കളെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും മാധ്യമപ്രവര്‍ത്തകരെയും വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതികളായ 13 ലശ്കറെ ത്വയ്യിബ, ഹര്‍കതുല്‍ ജിഹാദ്-ഇ-ഇസ്ലാമി പ്രവര്‍ത്തകര്‍ക്ക് പ്രത്യേക എന്‍.ഐ.എ കോടതി അഞ്ചുവര്‍ഷം തടവ് ശിക്ഷ വിധിച്ചു. യു.എ.പി.എ പ്രകാരം വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ശിക്ഷ. 7000 രൂപ വീതം പിഴയും അടക്കണം. കേസിലെ പ്രതികളായ ബംഗളൂരു സ്വദേശികളായ സയ്യിദ് തന്‍സിം അഹ്മദ്, ഡോ. ഇംറാന്‍ അഹ്മദ്, ദേവനഗരയിലെ ഡോ. നയീം സിദ്ദീഖി, ഹൈദരാബാദ് സ്വദേശി ഉബൈദു റഹ്മാന്‍, ഷുഹൈബ് അഹ്മദ് മിര്‍സ, അബ്ദുല്‍ ഹകീം ജാംദാര്‍, റിയാസ് അഹ്മദ്, ജാഫര്‍ ഇഖ്ബാല്‍, മുഹമ്മദ് സാദിഖ്, മെഹബൂബ്, ബാബ എന്ന മെഹബൂബ്, വാഹിദ് ഹുസൈന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് വ്യാഴാഴ്ച കോടതി കണ്ടത്തെിയിരുന്നു. വെള്ളിയാഴ്ചയാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ നാലുവര്‍ഷമായി ജയിലിലായതിനാല്‍ ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ ജയില്‍ മോചിതരാകും.

ബംഗളൂരുവിലെയും ഹുബ്ബള്ളിയിലെയും പ്രമുഖരെ വധിച്ച് സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ച് 2012ലാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സി.സി.ബി) പ്രതികളെ പിടികൂടിയത്. ഇവരില്‍നിന്ന് തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തിരുന്നു. ബി.ജെ.പി എം.പിമാരായ പ്രതാപ് സിംഹ, പ്രഹ്ളാദ് ജോഷി, കന്നടപ്രഭ എഡിറ്റര്‍ വിശേശ്വര ഭട്ട്, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരായ ബി. ദയാനന്ദ, ഡി.എം. കൃഷ്ണരാജു, ന്യാമെ ഗൗഡ, ബജ്റംഗ്ദള്‍ നേതാവ് ഗനു ജാര്‍ത്താര്‍കര്‍ തുടങ്ങിയവരാണ് ഇവരുടെ ഹിറ്റ്ലിസ്റ്റില്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് വെളിപ്പെടുത്തിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.