മാധ്യമങ്ങള്‍ക്ക് വിശ്വാസ്യതയും ആത്മനിയന്ത്രണവും വേണം -വെങ്കയ്യ നായിഡു

ചെന്നൈ: ദാരിദ്ര്യത്തിനും അഴിമതിക്കും ഭീകരതക്കുമെതിരായ ഏറ്റവും നല്ല ആയുധമാണ് വിവരമെന്നും അതിനാല്‍ മാധ്യമങ്ങള്‍ വിശ്വാസ്യത മുഖമുദ്രയായി കാത്തു സൂക്ഷിക്കണമെന്നും കേന്ദ്ര വാര്‍ത്താപ്രക്ഷേപണ മന്ത്രി എം. വെങ്കയ്യ നായിഡു. ദൃശ്യമാധ്യമങ്ങള്‍ ബ്രേക്ക് ചെയ്ത വാര്‍ത്തകളുടെ വസ്തുതയും വിശദാംശവും അറിയാന്‍ ആളുകള്‍ വര്‍ത്തമാന പത്രങ്ങളെ ആശ്രയിക്കുന്നതിനാല്‍ അച്ചടി മാധ്യമങ്ങള്‍ക്ക് പ്രാധാന്യമേറുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര ഗവണ്‍മെന്‍റിന്‍െറ പ്രസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംഘടിപ്പിച്ച പത്രാധിപന്മാരുടെ മേഖലാതല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വാര്‍ത്താവിനിമയ രംഗത്ത് പുതിയ പരീക്ഷണങ്ങള്‍ക്ക് സര്‍ക്കാര്‍ സജീവമായി രംഗത്തുണ്ട്. സോഷ്യല്‍ മീഡിയ  മികച്ച ഭരണനിര്‍വഹണ ഉപാധിയായി പ്രധാനമന്ത്രി തന്നെ ഉപയോഗപ്പെടുത്തി വരുന്നു. ‘സ്വഛ് ഭാരത്’ കാമ്പയിന്‍െറ ചിഹ്നം പോലും ഇങ്ങനെ സാധാരണക്കാരില്‍ നിന്നു കണ്ടെത്തിയതാണെന്ന് നായിഡു അനുസ്മരിച്ചു. സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് ഒരു സെന്‍സര്‍ഷിപ്പും ഏര്‍പ്പെടുത്തിയിട്ടില്ല. ഉടമകളുടെ നിയന്ത്രണം മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ടാകാം. ആത്മ നിയന്ത്രണമാണ് മാധ്യമങ്ങള്‍ക്ക് വേണ്ടത്. ബഹുസ്വര സമൂഹത്തില്‍ സൗഹാര്‍ദമുണ്ടാക്കാനാണ് ശ്രമിക്കേണ്ടതെന്നും നായിഡു പറഞ്ഞു.

ആഗോളതലത്തില്‍ നിന്നു വ്യത്യസ്തമായി ഇന്ത്യയില്‍ അച്ചടി മാധ്യമം വളരുകയാണ്. ഒമ്പതു ശതമാനം വളര്‍ച്ച കഴിഞ്ഞ വര്‍ഷം പ്രാദേശിക മാധ്യമങ്ങള്‍ക്കുണ്ടായി. ഗുണനിലവാരം, വിശ്വാസ്യത, ഉത്തരവാദിത്ത ബോധം എന്നിവയായിരിക്കണം മാധ്യമങ്ങളുടെ മുദ്രാവാക്യം. മനുഷ്യാവകാശങ്ങള്‍ മനുഷ്യര്‍ക്കു വേണ്ടിയാണെന്നും മനുഷ്യപ്പറ്റില്ലാത്തവര്‍ക്കുള്ളതല്ലെന്നും കശ്മീരിനെ സംബന്ധിച്ച വാര്‍ത്തകളെ പരാമര്‍ശിച്ചു അദ്ദേഹം പറഞ്ഞു.

ഭീകരതക്ക് മതമില്ല. ഭീകരന്‍ ഭീകരനാണ്. രാജ്യത്ത് തടവിലുള്ളവരുടെ മതവും ജാതിയും ചിലര്‍ അന്വേഷിക്കുന്നു. വിചാരണയില്ലാതെ ആരെ തടവിലിടുന്നതും ശരിയല്ല. അതിവേഗ കോടതിയും മറ്റും ഉപയോഗപ്പെടുത്തി അക്കാര്യത്തിലുള്ള വിവേചനമൊഴിവാക്കണമെന്നാണ് കേന്ദ്രനയം. എന്നാല്‍, ഇതുപയോഗിച്ച് ശിഥിലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് കേന്ദ്രമന്ത്രി ഓര്‍മിപ്പിച്ചു.

വ്യവസായ വിപ്ലവത്തില്‍ നേടാന്‍ കഴിയാതിരുന്ന ഇന്ത്യ പുതിയ ഡിജിറ്റല്‍ വിപ്ലവത്തില്‍ നഷ്ടം സംഭവിക്കരുതെന്ന ദൃഢനിശ്ചയത്തിലാണെന്ന് ഐ.ടി മേഖലയിലെ നരേന്ദ്രമോദി ഗവണ്‍മെന്‍റിന്‍െറ നേട്ടങ്ങള്‍ അക്കമിട്ടുവിവരിച്ച് കേന്ദ്ര നിയമകാര്യ, ഐ.ടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. ജന്‍ധന്‍ പദ്ധതി, ആധാര്‍, മൊബൈല്‍ എന്നിവയെ പരസ്പരം ബന്ധിപ്പിച്ച് സാധാരണക്കാരനും പുതിയ വിവരവിപ്ലവത്തിന്‍െറ സാധ്യതകള്‍ ലഭ്യമാക്കുകയാണ് സര്‍ക്കാറെന്ന് അദ്ദേഹം പറഞ്ഞു.

തമിഴ്നാട് വിവര വിനിമയമന്ത്രി കടമ്പൂര്‍ രാജു സംസാരിച്ചു. പി.ഐ.ബി ഡയറക്ടര്‍ ജനറല്‍ ഫ്രാങ്ക് നൊറോണ സ്വാഗതവും ദക്ഷിണമേഖല ഡയറക്ടര്‍ ജനറല്‍ എം. മുത്തുകുമാര്‍ നന്ദിയും പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച ‘ആസാദി 70’ പ്രദര്‍ശനവും വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.