ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ ഉടന്‍ അഴിച്ചുപണിയുണ്ടാകുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളടക്കമുള്ള ഘടകങ്ങള്‍ പരിശോധിച്ചായിരിക്കും പുനഃസംഘടന. കേന്ദ്രസര്‍ക്കാറിന്‍െറ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ബി.ജെ.പി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിസഭയിലും പാര്‍ട്ടിയിലും പുനഃസംഘടന സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും തിരക്കിട്ട കൂടിയാലോചന നടത്തുന്നതിനിടയിലാണ് സ്ഥിരീകരണം. പാര്‍ട്ടി രാജ്യസഭാ സ്ഥാനാര്‍ഥികളുടെയും ഗവര്‍ണര്‍മാരുടെയും കാര്യവും ഇതോടൊപ്പം ചര്‍ച്ച ചെയ്യുന്നുണ്ട്. പുനഃസംഘടന എന്ന് നടക്കുമെന്ന് ചോദിച്ചപ്പോള്‍ അത്തരം വിശദാംശങ്ങള്‍ ചര്‍ച്ചചെയ്യാനുദ്ദേശിക്കുന്നില്ളെന്ന് അമിത് ഷാ പറഞ്ഞു.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് വരാനിരിക്കേ സംഘ്പരിവാര്‍ സംഘടനയായ ബജ്റംഗ്ദള്‍ സായുധ പരിശീലനം നടത്തി വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ബജ്റംഗ്ദള്‍ ബി.ജെ.പി അല്ളെന്നായിരുന്നു മറുപടി. അത്തരം സംഘടനകള്‍ എന്തുചെയ്യുന്നുവെന്നതല്ല, സര്‍ക്കാര്‍ എന്തുചെയ്യുന്നുവെന്ന് നോക്കിയാല്‍ മതിയെന്നും ബി.ജെ.പി അധ്യക്ഷന്‍ പറഞ്ഞു.
സുസ്ഥിരതയുള്ള സര്‍ക്കാറാണ് എന്‍.ഡി.എയുടേതെന്ന് പോയ രണ്ടു വര്‍ഷം തെളിയിച്ചു. അഴിമതിയും കുംഭകോണവും നയപാളിച്ചകളുമായി പത്ത് വര്‍ഷത്തെ യു.പി.എ സര്‍ക്കാറിന്‍െറ ഭരണത്തില്‍നിന്നുള്ള വ്യത്യാസം ജനങ്ങള്‍ അനുഭവിച്ചതിന്‍െറ ഫലമാണ് അഞ്ചു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിച്ചത്.
എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാന്‍ മോദി സര്‍ക്കാര്‍ നിശ്ചയദാര്‍ഢ്യം കാണിക്കുന്നുണ്ട്. ഏറക്കാലത്തിനുശേഷമാണ് രാജ്യം ഇത്തരമൊരു സര്‍ക്കാറിനെ കാണുന്നത്്. രാജ്യത്ത് മുടങ്ങിക്കിടന്ന വികസനം നടപ്പാക്കികൊണ്ടിരിക്കുകയാണ്. വിലക്കയറ്റം വലിയൊരളവോളം പിടിച്ചുനിര്‍ത്തിയെന്ന് അമിത് ഷാ അവകാശപ്പെട്ടു. അതേസമയം, ചില സാധനങ്ങളുടെ വില പലപ്പോഴും കൂടുന്നത് സര്‍ക്കാറിന് നിയന്ത്രിക്കാന്‍ കഴിയാത്ത കാരണങ്ങള്‍ കൊണ്ടാണ്. ‘നീറ്റ്’ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിലൂടെ കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കാന്‍ കഴിഞ്ഞുവെന്നും അമിത് ഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.