അക്രമികളെ കൊല്ലാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ഹരിയാന ഡി.ജി.പി

ചണ്ഡിഗഢ്: അക്രമം തടയാന്‍ ജനങ്ങള്‍ക്ക് നിയമം കൈയിലെടുക്കാന്‍ അവകാശമുണ്ടെന്ന് ഹരിയാന ഡി.ജി.പി കെ.പി. സിങ്. സ്ത്രീകളെ അപമാനിക്കുകയോ ഒരാളുടെ വീടിന് തീവെക്കുകയോ ഒരാളെ കൊല്ലുകയോ ചെയ്യുന്നത് കാണുകയാണെങ്കില്‍ അക്രമിയെ കൊല്ലാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഈ അവകാശത്തെപ്പറ്റി സാധാരണക്കാര്‍ക്ക് അറിവുണ്ടാകില്ല. ഇത് പൊലീസിന്‍െറ മാത്രം അവകാശമല്ല എന്ന് ജനങ്ങള്‍ ഓര്‍ക്കണം. ഇന്ത്യന്‍ പീനല്‍കോഡിലെ 96 മുതല്‍ 106 വരെയുള്ള വകുപ്പുകളില്‍ വ്യക്തിയുടെയും സ്വത്തിന്‍െറയും സ്വകാര്യ സംരക്ഷണത്തെക്കുറിച്ച് പറയുന്നുണ്ട്. സ്വന്തം ജീവനോ മറ്റുള്ളവരുടെ ജീവനോ സ്വത്തോ ആക്രമിക്കപ്പെടുന്ന സമയത്ത് പൊലീസിന്‍െറയും മറ്റും സഹായം ലഭിച്ചില്ളെങ്കില്‍ അക്രമിക്കെതിരെ ബലംപ്രയോഗിക്കാന്‍ ഒരാള്‍ക്ക് അധികാരം നല്‍കുന്ന വ്യവസ്ഥ ഈ വകുപ്പുകളിലുണ്ടെന്ന് ഡി.ജി.പി ചൂണ്ടിക്കാട്ടി.
ഹരിയാനയിലെ ജിന്ദില്‍ പഞ്ചായത്ത്രാജില്‍ പൊലീസിന്‍െറ പങ്ക് എന്ന വിഷയത്തില്‍ സംസാരിക്കവെയായിരുന്നു ഡി.ജി.പിയുടെ വിവാദ പരാമര്‍ശം. കഴിഞ്ഞദിവസം വിവാഹചടങ്ങിനിടെ ഹരിയാനയില്‍ ഒരു പെണ്‍കുട്ടിയെ ഒരു സംഘം അപമാനിച്ച സംഭവത്തിന്‍െറ പശ്ചാത്തലത്തിലായിരുന്നു പരാമര്‍ശം. ക്രമസമാധാനപാലനത്തില്‍ പൊലീസിന്‍െറ പങ്കിനെക്കുറിച്ച് വിശദീകരിക്കവെയാണ്, ജനങ്ങളുടെ അവകാശത്തെക്കുറിച്ചും ഇന്ത്യന്‍ പീനല്‍കോഡിലെ വകുപ്പുകളുദ്ധരിച്ച് ഡി.ജി.പി ഉദ്ബോധനം നടത്തിയത്. പരിപാടിയുടെ വിഡിയോ ട്വിറ്ററിലൂടെ പുറത്തുവന്നതിനെതുടര്‍ന്ന് എതിര്‍ത്തും അനുകൂലിച്ചും വന്‍ പ്രതികരണങ്ങളുണ്ടായി. ജാട്ട് സംവരണപ്രക്ഷോഭം അടിച്ചമര്‍ത്തിയതുമായി ബന്ധപ്പെട്ട വിമര്‍ശത്തില്‍ ഡി.ജി.പിയായിരുന്ന യശ്പാല്‍ സിംഗാളിനെ മാറ്റിയാണ് സിങ്ങിനെ നിയമിച്ചത്. ജാട്ട് പ്രക്ഷോഭത്തിലേതിന് സമാനമായ അതിക്രമമുണ്ടാകുകയാണെങ്കില്‍ പൊലീസ് കാഴ്ചക്കാരായിരിക്കില്ളെന്ന് സിങ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.