ന്യൂഡല്‍ഹി: ബി.ജെ.പിയും സഖ്യകക്ഷികളും ചേര്‍ന്ന് സൃഷ്ടിച്ച ധ്രുവീകരണത്തില്‍ അസമില്‍ കോണ്‍ഗ്രസിന്‍െറ 15 വര്‍ഷത്തെ കുത്തക തകര്‍ന്നു. ബദ്റുദ്ദീന്‍ അജ്മലിന്‍െറ എ.ഐ.യു.ഡി.എഫിനും തിരിച്ചടി നേരിട്ടു. എന്‍.ഡി.എ 87 മണ്ഡലങ്ങള്‍ പിടിച്ചപ്പോള്‍ 2011ല്‍ 78 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസിന് 25 കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
നേരത്തെയുണ്ടായിരുന്ന 18 ല്‍ നിന്ന് എ.ഐ.യു.ഡി.എഫ്12ലേക്ക് ഒതുങ്ങി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുണ്ടായിരുന്ന ബി.ജെ.പി 60 മണ്ഡലങ്ങളിലാണ് ജയിച്ചത്. സഖ്യകക്ഷിയായ അസം ഗണ പരിഷത് ഇക്കുറി നാല് സീറ്റുകള്‍ കൂടുതല്‍ നേടി 14ലത്തെിച്ചപ്പോള്‍ മറ്റൊരു സഖ്യകക്ഷിയായ ബോഡോ പീപ്ള്‍സ് ഫ്രന്‍റ് ബോഡോലാന്‍ഡിലെ 12 സീറ്റുകളും നിലനിര്‍ത്തി.
ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥി സര്‍ബാനന്ദ സോനോവാള്‍ ഗോത്രവര്‍ഗക്കാര്‍ക്കുള്ള മജൗലിയില്‍ നിന്നും ബി.ജെ.പി നേതാവ് ഹേമന്ത ബിശ്വ ശര്‍മ ജലൂക്ബാരിയില്‍ നിന്നും സഖ്യകക്ഷി അസം ഗണ പരിഷത് നേതാവ് അതുല്‍ ബോറ ബൊകാഘട്ടില്‍ നിന്നും എ.ജി.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പ്രഫുല്ല കുമാര്‍ മഹന്ത ബാറംപുരില്‍ നിന്നും മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയ് ടിറ്റാബറില്‍ നിന്നും വിജയിച്ചപ്പോള്‍ എ.ഐ.യു.ഡി.എഫ് നേതാവും ലോക്സഭാ എം.പിയുമായ ബദ്റുദ്ദീന്‍ അജ്മല്‍ സൂത് സല്‍മാറയിലും സി.പി.എം നേതാവ് മനോരഞ്ജന്‍ താലൂക്ദാര്‍ ശൊര്‍ബൊഗിലും പരാജയപ്പെട്ടു.
ആദ്യഘട്ട വോട്ടെടുപ്പ് നടന്ന അപ്പര്‍ അസമിലും ബറാക്വാലിയിലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയ ബി.ജെ.പിയും സഖ്യകക്ഷികളും രണ്ടാം ഘട്ടം തെരഞ്ഞെടുപ്പ് നടന്ന ലോവര്‍ അസമിലും മധ്യ അസമിലും അപ്രതീക്ഷിത മുന്നേറ്റമാണ് നടത്തിയത്. മുസ്ലിം വോട്ടുകൊണ്ട് കോണ്‍ഗ്രസിന് മേല്‍ക്കൈ നേടുമെന്ന് കരുതിയ ലോവര്‍ അസമില്‍ മുസ്ലിം വോട്ടുകളുടെ ഭിന്നത ബി.ജെ.പിക്ക് ഗുണകരമായി. അപ്പര്‍ അസമില്‍ മൃഗീയ ഭൂരിപക്ഷമാണ് ബി.ജെ.പി സഖ്യം നേടിയത്. ആകെയുള്ള 34 മണ്ഡലങ്ങളില്‍ 25ഉം അവര്‍ ജയിച്ചടക്കി.
ഏഴ് സീറ്റ് മാത്രമാണ് ഇവിടെ കോണ്‍ഗ്രസിന് കിട്ടിയത്. എ.ഐ.യു.ഡി.എഫും ഒരു സ്വതന്ത്രനും അവശേഷിച്ച രണ്ടെണ്ണം പങ്കിട്ടെടുത്തു. അപ്പര്‍ അസമിനൊപ്പം ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്ന ബറാക്വാലി മേഖലയില്‍ ആകെയുള്ള 20 മണ്ഡലങ്ങളില്‍ 12 എണ്ണം ബി.ജെ.പി നേടിയപ്പോള്‍ കോണ്‍ഗ്രസും എ.ഐ.യു.ഡി.എഫും നാല് വീതം നേടി. ഈ രണ്ട് മേഖലകളില്‍ സീറ്റ് കുറഞ്ഞാലും ലോവര്‍ അസമിലും മധ്യ അസമിലുമുള്ള മുസ്ലിം വോട്ടുകളുടെ ബലത്തില്‍ പിടിച്ചുനില്‍ക്കുമെന്നായിരുന്നു കോണ്‍ഗ്രസ് കരുതിയിരുന്നത്.
എന്നാല്‍, 40 മണ്ഡലങ്ങളുള്ള ലോവര്‍ അസമില്‍ മുസ്ലിം വോട്ടുകള്‍ കോണ്‍ഗ്രസിനും എ.ഐ.യു.ഡി.എഫിനുമിടയില്‍ ഭിന്നിച്ചത് മുതലാക്കി 24 സീറ്റുകളില്‍ ജയിച്ചുകയറി ബി.ജെ.പി ഇരുകൂട്ടരെയും ഞെട്ടിച്ചു. മധ്യ അസമില്‍ 32ല്‍ 25ഉം ബി.ജെ.പി സഖ്യം നേടി.
കോണ്‍ഗ്രസിന് അഞ്ച് സീറ്റും എ.ഐ.യു.ഡി.എഫിന് രണ്ട് സീറ്റും മാത്രമാണ് ഇവിടെ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.