ഭീകരകേസുകളില്‍നിന്ന് ആര്‍.എസ്.എസ് നേതാക്കളെ രക്ഷിക്കുന്നു; മാലേഗാവ് അട്ടിമറിക്കെതിരെ കോണ്‍ഗ്രസ്, ആപ്


ന്യൂഡല്‍ഹി: ഭീകരകേസുകളില്‍നിന്ന് ആര്‍.എസ്.എസ് നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് മോദി സര്‍ക്കാര്‍ നടത്തുന്നതെന്നും മാലേഗാവ് കേസ് അന്വേഷണത്തിലെ അട്ടിമറി അതിലൊന്നാണെന്നും കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ആരോപിച്ചു. 2008ലെ മാലേഗാവ് സ്ഫോടനത്തെക്കുറിച്ച് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണത്തിന് തയാറായി ഭരണഘടനാപരമായ ഉത്തരവാദിത്തം നിര്‍വഹിക്കണമെന്ന് കോണ്‍ഗ്രസ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുകയും ചെയ്തു.
കൊല്ലപ്പെട്ട മുന്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തില്‍ അതീവ സൂക്ഷ്മതയോടെ നടത്തിയ അന്വേഷണം തകര്‍ക്കാന്‍വേണ്ടി മോദി സര്‍ക്കാര്‍ തയാറാക്കിയതാണ് ഈ കുറ്റപത്രമെന്ന് കോണ്‍ഗ്രസ് ഉപനേതാവ് ആനന്ദ് ശര്‍മ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. എന്‍.ഐ.എയുടെ പുതിയ നിലപാടിനെ പിന്തുണക്കുന്നതിലുടെ കര്‍ക്കരെയുടെ ജീവത്യാഗത്തെ എന്‍.ഡി.എ സര്‍ക്കാര്‍ നിഷേധിക്കുകയാണോ എന്നും കോണ്‍ഗ്രസ് ചോദിച്ചു.
മാലേഗാവ് സ്ഫോടനക്കേസില്‍ എന്‍.ഐ.എ സമര്‍പ്പിച്ച പുതിയ കുറ്റപത്രം ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടെ പ്രതിബദ്ധതക്കുമേലുള്ള ചോദ്യചിഹ്നമായി മാറിയിരിക്കുകയാണെന്ന് ആനന്ദ് ശര്‍മ പറഞ്ഞു.  കേസന്വേഷണത്തിലുണ്ടായ ഈ മലക്കം മറിച്ചിലാണ് പ്രജ്ഞാ സിങ് അടക്കം ആറ് പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെടുന്നതിനും മറ്റു പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ ദുര്‍ബലമാകുന്നതിനും കാരണമായതെന്ന് ശര്‍മ തുടര്‍ന്നു. തങ്ങളുടെ ആദര്‍ശം പിന്തുടരുന്നവരെയും തങ്ങളുമായി ബന്ധപ്പെട്ട സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നവരെയും ഇത്തരം കുറ്റകൃത്യങ്ങളില്‍ നിയമ നടപടി നേരിടുമ്പോള്‍ അവരെ സ്ഥിരമായി രക്ഷിക്കാനുള്ള ഭാഗമാണ് മോദി സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുണ്ടാകുന്നത്. ദേശീയ അന്വേഷണ ഏജന്‍സി നമോ അന്വേഷണ ഏജന്‍സിയായി മാറിയിരിക്കുകയാണ്. ഭീകരവിരുദ്ധ സ്ക്വാഡ് രേഖപ്പെടുത്തിയ മൊഴികളൊന്നും തെളിവായി അംഗീകരിക്കുകയില്ളെന്നു പറഞ്ഞാണ് എന്‍.ഐ.എ മകോകയില്‍നിന്ന് മാലേഗാവ് കേസിലെ പ്രതികളെ ഒഴിവാക്കിയത്. ഇന്ത്യയുടെ അഖണ്ഡതക്കും ഭീകരശക്തികള്‍ക്കെതിരായ പോരാട്ടത്തോടുള്ള രാജ്യത്തിന്‍െറ പ്രതിബദ്ധതക്കും മേലുള്ള ചോദ്യചിഹ്നമായി എന്‍.ഐ.എ നടപടി മാറിയിരിക്കുകയാണ്.  ഭീകരതക്കും കുറ്റകൃത്യങ്ങള്‍ക്കും മതവും ജാതിയുമില്ളെന്ന് വളരെ ഗൗരവത്തോടെ തങ്ങള്‍ ആവര്‍ത്തിക്കാറുള്ളതാണെന്നും ആനന്ദ് ശര്‍മ ചൂണ്ടിക്കാട്ടി.
ബി.ജെ.പി അധികാരത്തിലത്തെിയതു മുതല്‍ ഭീകരകേസുകളിലുള്ള ആര്‍.എസ്്.എസ് പോലുള്ള ഹിന്ദുത്വ തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമമാണ് നടത്തിയിട്ടുള്ളതെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് ആശിഷ് ഖേതാന്‍ പറഞ്ഞു. പ്രജ്ഞ സിങ്ങിനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കുകയും ഹേമന്ത് കര്‍ക്കരെയുടെ അന്വേഷണം സംശയാസ്പദമാണെന്ന് ആരോപിക്കുകയും ചെയ്തതിലൂടെ ആ രക്തസാക്ഷിയെ അപമാനിക്കുകയാണ് എന്‍.ഐ.എ ചെയ്തിരിക്കുന്നത്. എന്‍.ഐ.എ മാപ്പുപറയണമെന്നും ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.