മാലേഗാവ് അട്ടിമറി: ചോദ്യം ചെയ്യപ്പെടുന്നത് എന്‍.ഐ.എയുടെ വിശ്വാസ്യത

ന്യൂഡല്‍ഹി: മാലേഗാവ് സ്ഫോടന കേസില്‍നിന്ന് സന്യാസിനി പ്രജ്ഞ സിങ് ഠാകുര്‍ രക്ഷപ്പെടുമ്പോള്‍ എന്‍.ഐ.എയുടെ സ്വതന്ത്ര അന്വേഷണ ഏജന്‍സിയെന്ന വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്നു. പ്രജ്ഞ അടക്കമുള്ള അഞ്ചു പ്രതികള്‍ക്കെതിരെ തെളിവില്ളെന്നു പറയുന്ന എന്‍.ഐ.എ, കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് അടക്കമുള്ള 11 പ്രതികള്‍ക്കെതിരെയുള്ള മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയമം (മകോക) എടുത്തുകളയുകയും ചെയ്തു. പ്രജ്ഞയും പുരോഹിതും ഉള്‍പ്പെട്ട സംഘ്പരിവാര്‍ ബന്ധമുള്ളവരാണ് മാലേഗാവ് സ്ഫോടനത്തിനു പിന്നിലെന്ന് ആദ്യം കണ്ടത്തെിയത് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന തലവനായിരുന്ന ഹേമന്ദ് കര്‍ക്കരെയാണ്. പിന്നീട് കേസന്വേഷണം ഏറ്റെടുത്ത എന്‍.ഐ.എ ആദ്യ കുറ്റപത്രത്തില്‍ കര്‍ക്കരെയുടെ കണ്ടത്തെലുകള്‍ ശരിവെക്കുകയാണുണ്ടായത്.

എന്നാല്‍, കഴിഞ്ഞ ദിവസം നല്‍കിയ അനുബന്ധ കുറ്റപത്രത്തില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഒരിക്കല്‍ ശരിവെച്ച കാര്യങ്ങളില്‍ വെള്ളം ചേര്‍ക്കുമ്പോള്‍ കേന്ദ്രത്തിലെ ഭരണമാറ്റം എന്‍.ഐ.എയെ ബാധിച്ചുവെന്നാണ് വ്യക്തമാകുന്നത്. പ്രജ്ഞയും പുരോഹിതും അസീമാനന്ദും ഉള്‍പ്പെടെയുള്ളവരെക്കുറിച്ചുള്ള രഹസ്യങ്ങള്‍ പുറത്തുവന്നത് സംഘ്പരിവാറിനെ അസ്വസ്ഥരാക്കുന്നുണ്ട്. മോദിസര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ, മാലേഗാവ് കേസില്‍ മെല്ളെപ്പോക്ക് നയം സ്വീകരിക്കാന്‍ എന്‍.ഐ.എ നിര്‍ദേശിച്ചുവെന്ന് അന്നത്തെ സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ രോഹിണി സാലിയന്‍ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസത്തെ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത് ഇപ്പോഴത്തെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അവിനാഷ് റസല്‍ അറിയാതെയുമാണ്. അതില്‍ പ്രതിഷേധിച്ച് പ്രോസിക്യൂട്ടര്‍ സ്ഥാനമൊഴിയുകയും ചെയ്തു.

കേന്ദ്രം ഭരിക്കുന്നവരുടെ താല്‍പര്യത്തിന് എന്‍.ഐ.എ വഴങ്ങുന്നുവെന്ന ആരോപണം ശരിവെക്കുന്നതാണ് എന്‍.ഐ.എ തലവന്‍ ശരത്കുമാറിന്‍െറ നിലപാടിലൂടെ വ്യക്തമാവുന്നത്. ഹേമന്ദ് കര്‍ക്കരെയുടെ അന്വേഷണ സംഘം പ്രജ്ഞക്കെതിരെ കണ്ടത്തെിയ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നാണ് ശരത്കുമാര്‍ ഇപ്പോള്‍ പറയുന്നത്. പ്രജ്ഞക്കെതിരെ തെളിവുണ്ടെന്നും ജാമ്യം നല്‍കരുതെന്നും സുപ്രീംകോടതിയില്‍ വാദിച്ചതും ഇതേ എന്‍.ഐ.എ തന്നെ. രാജ്യം അശോകചക്ര നല്‍കി ആദരിച്ച കര്‍ക്കരെയുടെ വിശ്വാസ്യതയാണ് എന്‍.ഐ.എ തലവന്‍ പരസ്യമായി തള്ളിപ്പറഞ്ഞത്. പുരോഹിത് അടക്കമുള്ളവര്‍ക്കെതിരായ മകോക ഒഴിവാക്കാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ നീക്കം തുടങ്ങിയിരുന്നു. മകോക ചുമത്തുന്നതു സംബന്ധിച്ച് അറ്റോണി ജനറലിന്‍െറ ഉപദേശം തേടിയത് അതിന്‍െറ ഭാഗമായിരുന്നു.

മകോക നിലനില്‍ക്കില്ളെന്ന അദ്ദേഹത്തിന്‍െറ ഉപദേശം എന്‍.ഐ.എ സ്വീകരിക്കുകയും ചെയ്തു. ഒത്തുകളി സംശയിക്കാന്‍ എല്ലാ ന്യായങ്ങളും നല്‍കുന്നതാണ് എന്‍.ഐ.എയുടെ നടപടി. എന്നാല്‍, കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു ഇക്കാര്യം നിഷേധിക്കുന്നു. എന്‍.ഐ.എക്കുമേല്‍ സമ്മര്‍ദം ചെലുത്തി യു.പി.എ സര്‍ക്കാര്‍ ചിലരെ കുടുക്കിയെന്നും അന്വേഷണ സംഘത്തിന് സ്വാതന്ത്ര്യം നല്‍കിയ മോദിസര്‍ക്കാര്‍ നിരപരാധികളെ വെറുതെവിടുന്നതില്‍ അസ്വാഭാവികതയില്ളെന്നും റിജിജു പറഞ്ഞു. ഇത്തരം കേസുകള്‍ മോദിസര്‍ക്കാര്‍ തേച്ചുമായ്ച്ചുകളയുമെന്നത് തങ്ങള്‍ നേരത്തേ പ്രവചിച്ചതാണെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.