രാജസ്ഥാനിലെ ചരിത്ര പാഠപുസ്തകത്തില്‍നിന്ന് നെഹ്റുവിനെ വെട്ടിമാറ്റി

ന്യൂഡല്‍ഹി: സ്വാതന്ത്ര്യസമര സേനാനിയും പ്രഥമ പ്രധാനമന്ത്രിയുമായ ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ പേര് ഒരു തവണപോലും പരാമര്‍ശിക്കാതെയും ഗാന്ധിവധം തമസ്കരിച്ചും രാജസ്ഥാനില്‍ എട്ടാം ക്ളാസിലെ സാമൂഹിക പാഠപുസ്തകം.
സ്വാതന്ത്ര്യാനന്തര ഇന്ത്യ എന്ന ഭാഗത്ത് പ്രഥമ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദിനെക്കുറിച്ചും അന്നത്തെ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭഭായ് പട്ടേലിനെക്കുറിച്ചും വിവരിക്കുന്നുണ്ട്. എന്നാല്‍, നെഹ്റുവിനെക്കുറിച്ച് ഒരു വരിപോലുമില്ല. ഗാന്ധിവധവുമില്ല. നിലവിലെ പുസ്തകത്തില്‍ സ്വാതന്ത്ര്യ സമരത്തില്‍ നെഹ്റുവും മറ്റു നേതാക്കളും വഹിച്ച പങ്കിനെക്കുറിച്ച് വിവരണങ്ങളുണ്ടായിരുന്നു. പാഠ്യപദ്ധതി പരിഷ്കരണത്തിന് എന്നപേരില്‍ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടാണ് പുസ്തകം തയാറാക്കിയത്.
വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തിട്ടില്ലാത്ത പുസ്തകം പാഠപുസ്തക സൊസൈറ്റിയുടെ http://www.rstbraj.in വെബ്സൈറ്റിലാണ് കഴിഞ്ഞ ദിവസം അപ്ലോഡ് ചെയ്തത്. നെഹ്റുവിനെ ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ ഇടപെട്ടിട്ടില്ളെന്നും വിദ്യാഭ്യാസ വിദഗ്ധരുടെ നേതൃത്വത്തില്‍ ഒരു സ്വയംഭരണ സ്ഥാപനമാണ് ഈ ജോലി നിര്‍വഹിച്ചതെന്നുമാണ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വസുദേവ് ദേവ്നാനി പറയുന്നത്.
കനയ്യ കുമാറുമാര്‍ സംസ്ഥാനത്ത് ജനിക്കാന്‍ ഇടനല്‍കാത്ത രീതിയില്‍ പാഠപുസ്തകങ്ങള്‍ പരിഷ്കരിക്കുമെന്ന് ദേവ്നാനി നേരത്തേ പ്രഖ്യാപിച്ചിരുന്നു. മുഗള്‍ ചക്രവര്‍ത്തി അക്ബറിനെ മഹാന്‍ എന്നു വിശേഷിപ്പിക്കുന്നത് ഒഴിവാക്കണമെന്ന മന്ത്രിയുടെ ആജ്ഞ ഏഴാം ക്ളാസ് പുസ്തകത്തില്‍ പ്രയോഗത്തില്‍ വരുത്തിയിട്ടുണ്ട്.
ഗണപതിയുടെ തല വെച്ചുപിടിപ്പിച്ചതാണ് ആദ്യ പ്ളാസ്റ്റിക് സര്‍ജറിയെന്നും ലോകത്തെ ആദ്യ ക്ളോണിങ് കൗരവരുടെ ജനനമാണെന്നും മുമ്പ് ബി.ജെ.പി സര്‍ക്കാര്‍ ഭരിക്കവെ രാജസ്ഥാനിലെ പാഠപുസ്തകത്തില്‍ എഴുതിപ്പിടിപ്പിച്ചിരുന്നു. ഭരണം മാറിയപ്പോള്‍ ചില മാറ്റങ്ങള്‍ വരുത്തിയെങ്കിലും ഒട്ടേറെ അബദ്ധ പരാമര്‍ശങ്ങള്‍ പിന്നെയും തുടര്‍ന്നു. നെഹ്റുവിന്‍െറ ചരിത്രം തേച്ചുമായ്ക്കാന്‍ ശ്രമിക്കുക വഴി ബി.ജെ.പി അതിന്‍െറ ആശയ പാപ്പരത്തമാണ് വെളിപ്പെടുത്തിയതെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സചിന്‍ പൈലറ്റ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.