അഗസ്റ്റ വെസ്റ്റ്ലന്‍ഡ് അഴിമതി: എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സ്വത്തുവിവരങ്ങള്‍ തേടി

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലന്‍ഡ് വി.വി.ഐ.പി കോപ്ടര്‍ ഇടപാടിലെ അഴിമതിപ്പണം കണ്ടത്തെുന്നതിന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പ്രതിരോധമന്ത്രാലയത്തില്‍നിന്നും ആദായനികുതി വകുപ്പില്‍നിന്നും ഫിനാന്‍ഷ്യല്‍ ഇന്‍റലിജന്‍സ് യൂനിറ്റില്‍നിന്നും വിവരങ്ങള്‍ തേടി.
കോപ്ടര്‍ ഇടപാടുമായി ബന്ധപ്പെട്ട പ്രതിരോധമന്ത്രാലയത്തിലെയും വ്യോമസേനയിലെയും വിരമിച്ചവരും സര്‍വിസിലുള്ളവരുമായി 10ഓളം പേരുടെ വസ്തുവകകളുടെ വിവരങ്ങളാണ് തേടിയിരിക്കുന്നത്. സംശയത്തിലുള്ളവരുടെ വ്യക്തിപരമായ സമ്പാദ്യങ്ങള്‍, പണം കൈമാറ്റങ്ങള്‍, നിക്ഷേപങ്ങള്‍ തുടങ്ങിയവയുടെ വിവരങ്ങളാണ് ആദായനികുതി വകുപ്പില്‍നിന്നും ഫിനാന്‍ഷ്യല്‍ ഇന്‍റലിജന്‍സ് യൂനിറ്റില്‍നിന്നും തേടിയത്.
ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്ക് ഫിന്‍മെക്കാനിക്കയുടെ മുന്‍ തലവന്‍ ഗ്യൂസിപ്പി ഓര്‍സി, മുന്‍ സി.ഇ.ഒ ബ്രൂണോ സ്പാഗ്നോളിനി എന്നിവരെ ശിക്ഷിക്കാന്‍ മിലാന്‍ കോടതി ആധാരമാക്കിയ ഇടനിലക്കാരന്‍െറ കൈയെഴുത്തുരേഖയിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാത്തിലാണ് അന്വേഷണം. രേഖകളിലെ കോഡുപേരുകളെ പറ്റി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചില വിശകലനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇനി ഇടപാടിലെ അഴിമതിപ്പണമാണ് കണ്ടെത്തേണ്ടത്. കഴിഞ്ഞവര്‍ഷം കോടതിയില്‍ സമര്‍പ്പിച്ച ചാര്‍ജ്ഷീറ്റില്‍ അഴിമതിപ്പണം വ്യോമസേനാ മുന്‍ തലവന്‍ എസ്.പി. ത്യാഗിയുടെ ബന്ധുക്കളുടെയും ഗൗതം ഖൈയ്താന്‍െറയും കമ്പനികളിലേക്ക് എത്തിയതായി അവകാശപ്പെട്ടിരുന്നു.
തുനീഷ്യയിലെ ഒരു കമ്പനിയില്‍നിന്ന് 1,26,000ഉം രണ്ടുലക്ഷവും യൂറോ രണ്ടു തവണയായി ത്യാഗി സഹോദരന്മാര്‍ക്ക് കണ്‍സല്‍ട്ടന്‍സി ഫീസായി എത്തിയെന്നാണ് കണ്ടത്തെിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.