നീറ്റ്​: പ്രവേശ നിയമമുള്ള സംസ്ഥാനങ്ങൾക്ക്​ ​​ഇളവുനൽകാമോയെന്ന്​ സുപ്രീംകോടതി

ന്യൂഡല്‍ഹി: കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ മെഡിക്കല്‍, ഡെന്‍റല്‍ പ്രവേശപരീക്ഷക്ക് ഈ വര്‍ഷം നിയമസാധുത നല്‍കുന്ന കാര്യം സുപ്രീംകോടതി പരിഗണനയില്‍. സംസ്ഥാനസര്‍ക്കാറുകളുടെ പ്രവേശപരീക്ഷയെഴുതിയ വിദ്യാര്‍ഥികളെ ഈ വര്‍ഷം ദേശീയ പ്രവേശപരീക്ഷയില്‍നിന്ന് (നീറ്റ്) ഒഴിവാക്കുന്ന കാര്യത്തില്‍ വെള്ളിയാഴ്ച അഭിപ്രായമറിയിക്കാന്‍ ജസ്റ്റിസ് അനില്‍ ആര്‍. ദവെ അധ്യക്ഷനായ ബെഞ്ച് കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കി. അതേസമയം, ന്യൂനപക്ഷസ്ഥാപനങ്ങള്‍ അടക്കമുള്ള സ്വകാര്യ മാനേജ്മെന്‍റുകളെ സ്വന്തംനിലയില്‍ പരീക്ഷ നടത്താന്‍ അനുവദിക്കില്ളെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കൂടുതല്‍ സംസ്ഥാനങ്ങള്‍ നീറ്റ് നടപ്പാക്കുന്നതിനെതിരെ ശക്തമായി രംഗത്തുവന്നതിനെ തുടര്‍ന്നാണ് സുപ്രീംകോടതി വീണ്ടുവിചാരത്തിന് സന്നദ്ധമായത്. ഗുജറാത്ത്, മഹാരാഷ്ട്ര, അസം, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാറിനെതിരെ കേസില്‍ കക്ഷി ചേര്‍ന്നത്. ഈ വര്‍ഷം ‘നീറ്റി’ല്‍നിന്ന് ഒഴിവാക്കിത്തരണമെന്ന് കേരളത്തിനുവേണ്ടി ഹാജരായ അഡ്വ. വി. ഗിരി വാദിച്ചു. ഇംഗ്ളീഷില്‍ നടത്തുന്ന ‘നീറ്റ്’ പരീക്ഷയില്‍  ബഹുഭൂരിഭാഗം ഗുജറാത്തി വിദ്യാര്‍ഥികളും പുറത്താകുമെന്ന് ഗുജറാത്ത് സര്‍ക്കാറിനുവേണ്ടി ഹാജരായ കേന്ദ്രസര്‍ക്കാറിന്‍െറ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍കൂടിയായ തുഷാര്‍ മത്തേ വാദിച്ചു. സ്പൈനല്‍ കോഡ് എന്താണെന്നുപോലും ഗുജറാത്തി വിദ്യാര്‍ഥിക്ക് അറിയില്ളെന്നും ഗുജറാത്തിയായ ജസ്റ്റിസ് ദവെക്ക് ഇക്കാര്യം എളുപ്പം മനസ്സിലാകുമെന്നും പറഞ്ഞ് അഡ്വ. തുഷാര്‍ മത്തേ ഗുജറാത്തി ഭാഷയില്‍ തയാറാക്കിയ ചോദ്യപേപ്പര്‍ കൈമാറി വായിച്ചുനോക്കാന്‍ ആവശ്യപ്പെട്ടു. സയന്‍സ് പഠിക്കാത്തതിനാല്‍ തനിക്ക് വ്യത്യാസം മനസ്സിലാക്കാന്‍ കഴിയില്ളെന്നായിരുന്നു ജസ്റ്റിസ് ദവെയുടെ പ്രതികരണം.
മറാത്തയില്‍ പ്രവേശപരീക്ഷയെഴുതാറുള്ള തങ്ങളുടെ വിദ്യാര്‍ഥികള്‍ക്ക് ‘നീറ്റി’ല്‍ ശോഭിക്കാന്‍ കഴിയില്ളെന്ന് മഹാരാഷ്ട്രയും വാദിച്ചു.
തെലുഗുഭാഷയുമായി ബന്ധപ്പെട്ട ഭരണഘടനാ സംരക്ഷണമുള്ളതിനാല്‍ തങ്ങളെ നീറ്റില്‍നിന്ന് ഒഴിവാക്കണമെന്ന് ആന്ധ്രപ്രദേശും ഭരണഘടനയുടെ 371ാം അനുച്ഛേദത്തിന്‍െറ സംരക്ഷണമുള്ളതിനാല്‍ നീറ്റ് തങ്ങള്‍ക്ക് ബാധകമാക്കാനാകില്ളെന്ന് ജമ്മു-കശ്മീരും ബോധിപ്പിച്ചു. അഞ്ചംഗ ഭരണഘടനാബെഞ്ചിന്‍െറ വിധി സുപ്രീംകോടതിയുടെ  മൂന്നംഗ ബെഞ്ച് റദ്ദാക്കിയ നടപടി നിയമവിരുദ്ധമാണെന്നും അതിനാല്‍ ‘നീറ്റ്’ വിധി തിരിച്ചുവിളിക്കണമെന്നും സ്വകാര്യ മാനേജ്മെന്‍റുകള്‍ക്കുവേണ്ടി ഹാജരായ അഡ്വ. കപില്‍ സിബലും അഡ്വ. രാജീവ് ധവാനും വാദിച്ചു.  
15 ശതമാനം കേന്ദ്ര ക്വോട്ടയിലേക്കുള്ള പരീക്ഷയെന്ന് കരുതി അപേക്ഷിച്ച 40,000ത്തോളം പേര്‍ മേയ് ഒന്നിലെ ഒന്നാംഘട്ട നീറ്റ് പരീക്ഷ എഴുതാത്തതിനാല്‍ ജൂലൈ 24ലെ രണ്ടാം ഘട്ടത്തില്‍ അവര്‍ക്ക് പരീക്ഷയെഴുതാന്‍ അവസരം നല്‍കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദം. ഇതേ തുടര്‍ന്നാണ് സംസ്ഥാനങ്ങളുടെ പ്രവേശപരീക്ഷ അംഗീകരിച്ചുകൂടെ എന്ന് സുപ്രീംകോടതി ചോദിച്ചത്. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ഭരണഘടനാപരമായ അവകാശവും വകവെച്ചുതരണമെന്ന് മാനേജ്മെന്‍റുകളുടെ അഭിഭാഷകര്‍ വാദിച്ചെങ്കിലും സുപ്രീംകോടതി അംഗീകരിച്ചില്ല.
ന്യൂനപക്ഷവും ഭൂരിപക്ഷവുമല്ല വിഷയമല്ളെന്നും നമുക്ക് വിദ്യാര്‍ഥിയെ കുറിച്ച് സംസാരിക്കാമെന്നും ജസ്റ്റിസ് അനില്‍ ആര്‍. ദവെ അധ്യക്ഷനായ ബെഞ്ച് പ്രതികരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.