ന്യൂഡല്‍ഹി: ദേശീയതയും ദലിത് പ്രണയവും ബി.ജെ.പി പ്രധാന രാഷ്ട്രീയ തുറുപ്പുശീട്ടാക്കുന്നു. രണ്ടു ദിവസങ്ങളിലായി നടന്ന ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗവും തൊട്ടുപിന്നാലെ ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത അംബേദ്കര്‍ സ്മാരക ശിലാസ്ഥാപന പരിപാടിയും ഈ അജണ്ടക്ക് അടിവരയിട്ടു.
ഇന്ത്യാവിരുദ്ധ മുദ്രാവാക്യവും പരിപാടികളും ജെ.എന്‍.യുവില്‍ അരങ്ങേറുന്നുവെന്ന ആരോപണം പ്രമേയമാക്കി ദേശസ്നേഹത്തിന്‍െറ വക്താക്കളായി ബി.ജെ.പി പ്രചാരണം നടത്തിവരുന്നുണ്ട്. ദേശീയതയുടെ പേരിലുള്ള അഭിപ്രായസ്വാതന്ത്ര്യ ധ്വംസനങ്ങളോട് കാമ്പസുകളില്‍ അമര്‍ഷം പുകയുമ്പോള്‍ തന്നെയാണിത്. കാമ്പസുകളിലെ രോഷം ഇന്ത്യാവിരുദ്ധ നീക്കമായി വ്യാഖ്യാനിച്ച്, ദേശീയത-ദേശസ്നേഹ ചര്‍ച്ചയിലൂടെ മറുഭാഗത്തെ വോട്ടു സ്വാധീനിക്കുകയാണ് തന്ത്രം. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍െറ പേരില്‍ രാജ്യത്തെ നശിപ്പിക്കുന്ന ചിന്താഗതിയാണ് വളരുന്നതെന്ന സൂചന നല്‍കി ദേശീയതാ ചര്‍ച്ച ചൂടുപിടിപ്പിക്കുന്ന താണ് ബി.ജെ.പിയുടെ നേതൃയോഗത്തിന്‍െറ പ്രമേയം. സര്‍ക്കാറിനെ വിമര്‍ശിക്കാമെന്നല്ലാതെ രാജ്യത്തെ വിമര്‍ശിക്കുന്നത് അംഗീകരിക്കില്ളെന്നായിരുന്നു നേതൃയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം.
ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യവഴി ഗുരുതരമായ പരിക്കേറ്റത് മാറ്റാനുള്ള ശ്രമമാണ് ദലിത് പ്രണയ പ്രസ്താവനകളിലൂടെ ബി.ജെ.പി നടത്തുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ പിന്നാക്ക വോട്ടുകളെ സ്വാധീനിക്കാനുള്ള അടവുനയം കൂടിയാണത്. ജെ.എന്‍.യുവിലെ ‘ദേശദ്രോഹ’മോ, രോഹിത് വെമുല സംഭവമോ ബി.ജെ.പിയുടെ രാഷ്ട്രീയ പ്രമേയം പരാമര്‍ശിച്ചില്ല. നേതൃയോഗം മുന്നോട്ടുവെച്ച കാര്യപരിപാടിയാകട്ടെ, ഈ രണ്ടു പ്രശ്നങ്ങളിലും കേന്ദ്രീകരിച്ചുനിന്നു.
അംബേദ്കറുടെ ദേശീയ സ്മാരകത്തിന് തിങ്കളാഴ്ച ശിലാസ്ഥാപനം നിര്‍വഹിച്ച നരേന്ദ്ര മോദി, അംബേദ്കര്‍ ഭക്തനെന്നാണ് സ്വയം വിശേഷിപ്പിച്ചത്. ബി.ജെ.പിക്ക് താല്‍പര്യമുണ്ടെങ്കില്‍ പോലും ദലിത് സംവരണ നയത്തില്‍ ഒരു മാറ്റവും വരുത്താന്‍ കഴിയില്ളെന്നതാണ് യാഥാര്‍ഥ്യം. ഇതിനിടയില്‍, സംവരണനയം മാറ്റില്ളെന്ന പ്രഖ്യാപനത്തിലൂടെ നേട്ടമുണ്ടാക്കാനും പ്രധാനമന്ത്രി ശ്രദ്ധിച്ചു. ഒരു വര്‍ഷക്കാലത്തെ അംബേദ്കര്‍ ജയന്തിയാഘോഷങ്ങളുടെ ഭാഗമായി ഏപ്രില്‍ 14ന് ഭരണഘടനാ ശില്‍പിയുടെ ജന്മദേശം സന്ദര്‍ശിക്കുന്നതടക്കം വിവിധ പരിപാടികള്‍ക്ക് തീരുമാനിച്ചിട്ടുമുണ്ട്. ദേശീയതയും ദലിത് പ്രണയവും തുറുപ്പുശീട്ടാക്കുന്നതിനൊപ്പം വിവാദങ്ങളില്‍ പെടരുതെന്ന അഭ്യര്‍ഥനയും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.