ഭുജ്ബലിനെ കുഴക്കി ജീവനക്കാരന്‍െറ മൊഴി


മുംബൈ: മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയും എന്‍.സി.പി നേതാവുമായ ഛഗന്‍ ഭുജ്ബല്‍ അഴിമതി പണം സ്വരൂപിച്ചതും എണ്ണി തിട്ടപ്പെടുത്തിയതും അദ്ദേഹം അധ്യക്ഷനായ മുംബൈ എജുക്കേഷന്‍ ട്രസ്റ്റ് കെട്ടിടത്തിന്‍െറ ഒമ്പതാം നിലയിലായിരുന്നുവെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) വൃത്തങ്ങള്‍. ബാന്ദ്രയിലുള്ള കെട്ടിടത്തിലെ ഒമ്പതാം നിലയില്‍ പണം എണ്ണി തിട്ടപ്പെടുത്താനുള്ള യന്ത്രവും സൂക്ഷിക്കാന്‍ പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിരുന്നുവെന്നും പറയുന്നു. ട്രസ്റ്റിലെ മുന്‍ ജീവനക്കാരന്‍ അമിത് ബിരാജാണ് ഇതിന് സാക്ഷി. ലതര്‍ ബാഗുകളിലായിരുന്നു പണം കൊണ്ടുവന്നതെന്നും ആയിരത്തിന്‍െറ നോട്ടുകളായിരുന്നുവെന്നും എണ്ണി തിട്ടപ്പെടുത്തിയശേഷം ഒരു കോടിയുടെ പല പൊതികളാക്കിയാണ് സൂക്ഷിച്ചതെന്നുമാണ് മൊഴി. പിന്നീട് ആംബുലന്‍സില്‍ പണം കൊല്‍ക്കത്തയിലേക്ക് കടത്തുകയായിരുന്നു. അവിടെ നിന്നാണ് ഭുജ്ബലിന്‍െറ മകനും എം.എല്‍.എയുമായ പങ്കജ്, സഹോദരപുത്രനും മുന്‍ എം.പിയുമായ സമീര്‍ എന്നിവര്‍ ഡയറക്ടര്‍മാരായ കമ്പനികളില്‍ പണം നിക്ഷേപിച്ചത്. പണം നിക്ഷേപിച്ച കൊല്‍ക്കത്തയിലെ വ്യവസായിയെയും ഇ.ഡി ചോദ്യംചെയ്തിട്ടുണ്ട്. 887 കോടിയുടെ കള്ളപ്പണ കേസിലാണ് തിങ്കളാഴ്ച രാത്രിയില്‍ ഭുജ്ബലിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. നേരത്തേ അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന സമീറിനെ ഭുജ്ബലിന് ഒപ്പമിരുത്തി ചോദ്യംചെയ്യുമെന്ന് ഇ.ഡി വൃത്തങ്ങള്‍ പറഞ്ഞു.
പണത്തിന്‍െറ ഉറവിടം ഭുജ്ബലും കൈകാര്യം സമീറുമായിരുന്നെന്ന് ഇ.ഡി പറഞ്ഞു. ഭുജ്ബല്‍ പൊതുമരാമത്ത് മന്ത്രി ആയിരിക്കെ ഡല്‍ഹിയിലെ മഹാരാഷ്ട്ര സദന്‍ പുനര്‍നിര്‍മിച്ചതുമായി ബന്ധപ്പെട്ടാണ് അഴിമതി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.