അടിവസ്ത്രങ്ങള്‍ അലക്കാത്തതിന് കോടതിയിലെ ദലിത് ജീവനക്കാരിക്ക് ജഡ്ജിയുടെ നോട്ടീസ്

ചെന്നൈ: അടിവസ്ത്രങ്ങള്‍ അലക്കാത്തതിന് കോടതി ജീവനക്കാരിക്ക് ജഡ്ജി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത് വന്‍ വിവാദമായി.  ഈറോഡിലെ ഒരു കീഴ്ക്കോടതി ജഡ്ജിയാണ് 47കാരിയും ദലത് വിഭാഗക്കാരിയുമായ കോടതി ജീവനക്കാരിക്ക് നോട്ടീസ് നല്‍കിയത്.

അലക്കാന്‍ നല്‍കിയ വസ്ത്രങ്ങളില്‍ അടിവസ്ത്രങ്ങള്‍ മാത്രം അലക്കാതെ തിരിച്ചുനല്‍കിയതിനെ തുടര്‍ന്നാണ് നടപടിയെടുക്കാതിരിക്കാന്‍ എന്തു വിശദീകരണമാണ് നല്‍കാനുള്ളതെന്നു കാട്ടി ജഡ്ജി ഡി. സെല്‍വന്‍ മെമ്മോ നല്‍കിയത്. ഇക്കാര്യത്തില്‍ തനിക്കും തന്‍റെ ഭാര്യയ്ക്കും ഏഴു ദിവസത്തിനകം മറുപടി നല്‍കണമെന്നും അല്ലാത്ത പക്ഷം നടപടി നേരിടാന്‍ തയാറാകാനും ജഡ്ജിയുടെ നോട്ടീസില്‍ പറയുന്നു. ഇതേതുടര്‍ന്ന് ജീവനക്കാരി എസ്. വാസന്തി  മാപ്പപേക്ഷിച്ചുകൊണ്ട് ജഡ്ജിക്കു മറുപടി നല്‍കി. ഇനിമുതല്‍ താന്‍ ജോലിയില്‍ വീഴ്ച വരുത്തില്ളെന്നും ജോലിയുമായി ബന്ധപ്പെട്ട പരാതികള്‍ ഒന്നും ഉന്നയിക്കില്ളെന്നും പറഞ്ഞ അവര്‍ തനിക്കെതിരെ നടപടിയെടുക്കരുതെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്.
അതേസമയം, തന്‍റെ കാരണം കാണിക്കല്‍ നോട്ടീസിനെ ന്യായീകരിച്ച് ജഡ്ജി രംഗത്തത്തെി. ഓഫീസ് ജീവനക്കാര്‍ വീട്ടുജോലിക്കു കൂടിയുള്ളവരാണെന്നായിരുന്നു  ന്യായാധിപന്‍റെ പ്രതികരണം.

സംഭവം വിവാദമായതോടെ തമിഴ്നാട്ടിലെ ജുഡീഷ്യല്‍ എംപ്ളോയി അസോസിയേഷന്‍ മദ്രാസ് ഹൈകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. പത്താം ക്ളാസ് പാസായ വാസന്തി കഴിഞ്ഞ ഒമ്പതു വര്‍ഷമായി കോടതി ജോലിയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് അസുഖം ബാധിച്ച ഭര്‍ത്താവും രണ്ടുപെണ്‍മക്കളും അടക്കമുള്ള കുടുംബത്തിന്‍റെ നിത്യചെലവുകള്‍ നടത്തിക്കൊണ്ട് പോവുന്നത്.

തമിഴ്നാട്ടില്‍ ഇത് പുതുമയല്ളെന്നും മുമ്പും സമാന സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. മധുരൈയിലെ ജില്ലാ കോടതിയില്‍ ഓഫീസ് അസിസ്റ്റന്‍റ് ആയ യുവതിയെ ജഡ്ജിയുടെ വീട് തൂത്തുവാരാനും വൃത്തിയാക്കാനും നിയോഗിക്കാറുണ്ടെന്ന സംഭവം നേരത്തെ ‘ദ ഹിന്ദു’ പത്രം റിപോര്‍ട്ട് ചെയ്തിരുന്നു. ജഡ്ജിയുടെ വീട്ടില്‍ രാവിലെ ആറു മണിക്ക് റിപോര്‍ട്ട് ചെയ്യണമെന്നും വെച്ചു വിളമ്പല്‍ അടക്കം എല്ലാ ജോലികളും ചെയ്തിട്ട് വൈകിട്ട് എട്ടു മണിക്കു ശേഷം മാത്രമെ വീട്ടിലേക്ക് മടങ്ങാന്‍ അനുവാദമുണ്ടായിരുന്നുള്ളുവെന്നും യുവതി വെളിപ്പെടുത്തിയരുന്നു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയെന്ന നിലയില്‍ ആഴ്ചയവധിക്കും കാഷ്വല്‍ ലീവിലും സര്‍ക്കാര്‍ അവധി ദിവസങ്ങള്‍ക്കും അര്‍ഹതയുണ്ടെങ്കിലും അവയൊക്കെ ചോദിക്കാന്‍ തനിക്ക് ഭയമായിരുന്നുവെന്നും യുവതി പറയുകയുണ്ടായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.