ജീവപര്യന്തം എന്നാല്‍ മരണം വരെ; പക്ഷേ...

അഹ്മദാബാദ്: ഗുല്‍ബര്‍ഗ് കൂട്ടക്കൊല നിര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ച അഹ്മദാബാദിലെ പ്രത്യേക എസ്.ഐ.ടി കോടതി, 24 പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍െറ ആവശ്യം തള്ളിക്കളയുകയായിരുന്നു. 11 പ്രതികള്‍ക്ക് ജീവപര്യന്തം വിധിച്ച ജഡ്ജി, ജീവപര്യന്തം എന്നാല്‍ മരണം വരെ എന്നുതന്നെയാണ് അര്‍ഥം എന്ന് സൂചിപ്പിക്കുകയും  ചെയ്തു. എന്നാല്‍, ശിക്ഷയില്‍ സര്‍ക്കാര്‍ ഇളവുനല്‍കുകയാണെങ്കില്‍ ഇവര്‍ക്ക് പുറത്തിറങ്ങാം.

ജീവപര്യന്തം ശിക്ഷയില്‍, 14 വര്‍ഷത്തിനുശേഷം ഇളവുനല്‍കാനുള്ള സര്‍ക്കാറിന്‍െറ അധികാരമാണ് മരണം വരെ എന്ന വ്യവസ്ഥയെ പരിമിതപ്പെടുത്തുന്നത്. സര്‍ക്കാറിന്‍െറ ഈ അധികാരത്തിന് ക്രിമിനല്‍ നടപടിചട്ടപ്രകാരം ചില നിയന്ത്രണങ്ങളുണ്ട്. ശിക്ഷയില്‍ ഇളവ് നല്‍കുന്നില്ളെങ്കില്‍ ജീവപര്യന്തം എന്നത് മരണം വരെയാണ്. ഈ കേസില്‍ 14 വര്‍ഷത്തെ തടവിനുശേഷം പ്രതികളുടെ ശിക്ഷ ഇളവുചെയ്യാനുള്ള അധികാരം പ്രയോഗിക്കരുതെന്ന് സര്‍ക്കാറിനോട് കോടതി അഭ്യര്‍ഥിക്കുകയും ചെയ്തു.  ശിക്ഷ ഇളവുചെയ്യാനുള്ള അധികാരം അനിവാര്യമായും പ്രയോഗിക്കേണ്ട ഒന്നല്ളെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. അതേസമയം, കോടതി ഉത്തരവ് സര്‍ക്കാറിന്‍െറ അധികാരം പരിമിതപ്പെടുത്തുന്നതാകരുതെന്നും അദ്ദേഹം പറഞ്ഞു. ഗുല്‍ബര്‍ഗ് കൂട്ടക്കൊലയെപ്പോലൊരു കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്നതിന് കീഴ്വഴക്കമില്ളെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.  കേസിലെ 90 ശതമാനം പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. അക്രമത്തിനിരയായവര്‍ ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടില്ല. മാത്രമല്ല, ഇവര്‍ കുറ്റം ചെയ്തതായും തെളിവില്ല. അതുകൊണ്ടുതന്നെ, വധശിക്ഷക്ക് പ്രതികള്‍ അര്‍ഹരല്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വി.എച്ച്.പി നേതാവ് അതുല്‍ വൈദ്യ, മുകേഷ് ജിന്‍ഗര്‍, പ്രകാശ് പധ്യാര്‍, സുരേന്ദ്ര സിങ് ചൗഹാന്‍, ദിലീപ് പാര്‍മര്‍, ബാബു മാര്‍വാഡി, മനീഷ് ജെയ്ന്‍, ധര്‍മേഷ് ശുക്ള, കപില്‍ മിശ്ര, സുരേഷ് ധോബി, അംബേഷ് ജിന്‍ഗര്‍, സന്ദീപ് പഞ്ചാബി എന്നിവര്‍ക്കാണ് ഏഴുവര്‍ഷം തടവുശിക്ഷ ലഭിച്ചത്. മാംഗിലാല്‍ ജെയിനാണ് 10 വര്‍ഷം തടവ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.