കഡ്സെയുടെ രാജി ആഘോഷിച്ച് ശിവസേന

മുംബൈ: മഹാരാഷ്ട്ര റവന്യൂ മന്ത്രി ഏക്നാഥ് കഡ്സെയുടെ രാജി ആഘോഷമാക്കി ബി.ജെ.പിയുടെ ഭരണപങ്കാളി ശിവസേന. കഡ്സെയുടെ രാജി വാര്‍ത്ത പുറത്തുവന്നതോടെ അദ്ദേഹത്തിന്‍െറ നാടായ ജല്‍ഗാവില്‍ ശിവസേന പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് ആഘോഷിച്ചത്. അതേസമയം, കഡ്സെയുടെ മണ്ഡലമായ മുക്തായിനഗറില്‍ കടകളടപ്പിച്ചും റോഡ് ഉപരോധിച്ചും കോലംകത്തിച്ചും കഡ്സെ അണികള്‍ പ്രതിഷേധിച്ചു. കഡ്സെയുടെ രാജി ശിവസേനയും ആവശ്യപ്പെട്ടിരുന്നു. എല്ലാവരോടും ഒരേ നയമാകണം ബി.ജെ.പിക്കും സര്‍ക്കാറിനുമെന്ന് ശിവസേന ആവശ്യപ്പെട്ടു. റോബര്‍ട്ട് വാദ്രയോടുള്ള അതേ നയമാകണം കഡ്സെയോടും. അഴിമതി ഒരു പാര്‍ട്ടിയില്‍ മാത്രം ഒതുങ്ങുന്ന വിഷയമല്ല. കെറ്റില്‍ കറുത്തിട്ടാണെന്ന് കുടത്തിന് പറയാനാകില്ല -ഇതായിരുന്നു കഡ്സെയുടെ രാജി ആവശ്യപ്പെട്ടുള്ള സേനയുടെ പ്രതികരണം. കഡ്സെ ഭാര്യയുടെയും മരുമകന്‍െറയും പേരിലാക്കിയ പുണെ ഭോസരിയിലെ വിവാദ ഭൂമി സര്‍ക്കാറിന്‍െറതാണെന്ന് വ്യവസായ വകുപ്പ് വ്യക്തമാക്കിയത് വിവാദത്തിന് കൊഴുപ്പുകൂട്ടിയിരുന്നു. ശിവസേന നേതാവായ സുഭാഷ് ദേശായിയാണ് വ്യവസായ മന്ത്രി.

തട്ടിപ്പെന്ന് കോണ്‍ഗ്രസ്

 ഏക്നാഥ് കഡ്സെയുടെ രാജി നാടകം മാത്രമെന്ന് കോണ്‍ഗ്രസ്. രാജിവെച്ചൊഴിഞ്ഞ് തീര്‍ക്കാവുന്ന പ്രശ്നമല്ലിതെന്നും ഉത്തരവാദിത്തപ്പെട്ട പദവി ദുരുപയോഗം ചെയ്തതിന് ക്രിമിനല്‍ കേസെടുക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. ദാവൂദുമായുള്ള ബന്ധവും സര്‍ക്കാര്‍ ഭൂമി സ്വന്തക്കാര്‍ക്ക് തീറെഴുതിയതും രാജികൊണ്ട് മാഞ്ഞുപോവുകയില്ളെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേ വാല പറഞ്ഞു. കഡ്സെക്ക് ഭീകരവാദബന്ധമുണ്ടോ എന്നത് സ്വതന്ത്രമായ ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.