സോളാര്‍: സി.ബി.ഐ അന്വേഷണത്തിന് രാജഗോപാല്‍ രാജ്നാഥിനെ കാണും

ന്യൂഡല്‍ഹി: കോണ്‍ഗ്രസും സി.പി.എമ്മും തമ്മിലുള്ള സഹകരണത്തിന്‍െറ അടിസ്ഥാനത്തില്‍ സോളാര്‍ കേസ് കേരള പൊലീസ് അന്വേഷിച്ചാല്‍ ഒത്തുകളിക്കു സാധ്യതയുണ്ടെന്നും അതിനാല്‍ കേസ് സി.ബി.ഐയെ ഏല്‍പിക്കണമെന്നും ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍. ആത്മാഭിമാനമുണ്ടെങ്കില്‍ ഉമ്മന്‍ ചാണ്ടി രാജിവെക്കണം. കേസില്‍ പല സാമ്പത്തിക ഇടപാടുകളും നടന്നത് ഡല്‍ഹിയിലാണ്. അതുകൊണ്ട് കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം. കേസ് സി.ബി.ഐക്കു വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായില്ളെങ്കില്‍ ബി.ജെ.പി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നയതന്ത്രജ്ഞനും വിദ്യാഭ്യാസ വിദഗ്ധനുമായ ടി.പി. ശ്രീനിവാസനെ കൈയേറ്റം ചെയ്ത എസ്.എഫ്.ഐ നടപടി കാടത്തമാണ്. അസഹിഷ്ണുതയുടെ മൂര്‍ത്തരൂപമാണിത്. ശ്രീനിവാസന്‍ ആക്രമിക്കപ്പെടുമ്പോള്‍ പൊലീസ് കൈയുംകെട്ടി നോക്കിനില്‍ക്കുകയായിരുന്നു. കുറ്റക്കാരെ കര്‍ശനമായി ശിക്ഷിക്കണമെന്ന് രാജഗോപാല്‍ ആവശ്യപ്പെട്ടു.
സോളാര്‍ കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എത്രയുംപെട്ടെന്ന് രാജിവെക്കണമെന്ന ആവശ്യം ബി.ജെ.പി ദേശീയ നേതൃത്വവും ആവര്‍ത്തിച്ചു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടിട്ടും മുഖ്യമന്ത്രിയെ പിന്തുണച്ച കോണ്‍ഗ്രസ് ഹൈകമാന്‍ഡ് നടപടി ഞെട്ടിക്കുന്നതാണെന്ന് ബി.ജെ.പി വക്താവ് എം.ജെ. അക്ബര്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അഴിമതിക്കാരനായ മുഖ്യമന്ത്രിയെ സംരക്ഷിക്കുകയാണ്. ഉമ്മന്‍ ചാണ്ടിക്കു മുഖ്യമന്ത്രിപദവിയില്‍ തുടരാന്‍ ധാര്‍മിക അവകാശമില്ല. എന്നാല്‍, നാഷനല്‍ ഹെറാള്‍ഡ് കേസില്‍ പ്രതിസ്ഥാനത്തുള്ള സോണിയക്കും രാഹുലിനും ഉമ്മന്‍ ചാണ്ടിയോടു രാജിവെക്കാന്‍ പറയാനാവില്ളെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.