വിഴിഞ്ഞം രാജ്യത്തിനാവശ്യമായ പദ്ധതി –സുപ്രീംകോടതി

ന്യൂഡല്‍ഹി: വിഴിഞ്ഞം രാജ്യത്തിനാവശ്യമായ പദ്ധതിയാണെന്നും രാജ്യത്തിന്‍െറ വികസനത്തിനുവേണ്ടിയുള്ള പദ്ധതികള്‍ക്ക് എതിരു നില്‍ക്കാന്‍ ആരെയും അനുവദിക്കുകയില്ളെന്നും സുപ്രീംകോടതി. വ്യാപാര വാണിജ്യ രംഗങ്ങള്‍ വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാവുന്നോയെന്ന് ഉറ്റുനോക്കുകയാണെന്നും ചീഫ് ജസ്റ്റിസ്് ടി.എസ്. താക്കൂര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അഭിപ്രായപ്പെട്ടു.
വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ ഹരജികളില്‍ അന്തിമ വാദം കേള്‍ക്കുന്നതിനിടയിലാണ് പുതിയ ബെഞ്ചിന്‍െറ ഈ  അഭിപ്രായപ്രകടനം. വന്‍കിട കപ്പലുകള്‍ അടുപ്പിക്കാന്‍ പറ്റുന്ന തുറമുഖങ്ങള്‍ രാജ്യത്തില്ളെന്നും ഇതുമൂലം ദുബൈ, സിംഗപ്പൂര്‍, കൊളംബോ തുറമുഖങ്ങള്‍ ഇന്ത്യയുടെ വ്യാപാര സാധ്യത ഉപയോഗപ്പെടുത്തുകയാണെന്നും വിഴിഞ്ഞം തുറമുഖ കമ്പനിയുടെയും അദാനിയുടെയും അഭിഭാഷകര്‍ വാദിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂറും ഇതേ വാദം ശരിവെച്ചത്. രാജ്യത്തിന് കിട്ടാതെ പോകുന്ന സമ്പത്തിനെ നോക്കിയിരിക്കാനാവില്ല. വികസനത്തിന് വേണ്ടിയുള്ള പദ്ധതികള്‍ക്കെതിരേ ഹരജിയുമായി വരുന്നത് പ്രോത്സാഹിപ്പിക്കാനാവില്ല. പദ്ധതി അദാനിക്ക് വേണ്ടിയാണെന്ന് ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷണും അഡ്വ. പഞ്ച്വാനിയും വാദിച്ചപ്പോള്‍ പ്രയോജനം ആര്‍ക്കു കിട്ടുന്നു എന്നത് തങ്ങള്‍ക്ക് വിഷയമല്ളെന്നും രാജ്യത്തിന്‍െറ സമ്പദ്ഘടനക്ക് എന്തുമാത്രം പ്രയോജനമുണ്ടെന്നാണ് നോക്കുന്നതെന്നും ചീഫ് ജസ്റ്റിസ് തിരിച്ചടിച്ചു.
പദ്ധതിക്ക് ദേശീയ പ്രാധാന്യമില്ളെന്നു തെളിയിക്കുകയാണ് ഹരജിക്കാര്‍ ഇനി വേണ്ടത്. വിഴിഞ്ഞം പദ്ധതിക്ക് പരിസ്ഥിതി അനുമതി നല്‍കിയതിനും തീര നിയന്ത്രണ മേഖലാ വിജ്ഞാപനത്തിന് ഭേദഗതി വരുത്തിയതിനും എതിരെയുള്ള തുറമുഖ കമ്പനിയുടെ വാദത്തില്‍ കോടതി ഇടപെട്ടില്ല. ട്രൈബ്യൂണലിന് മുമ്പിലുള്ള ഹരജികള്‍ അവിടത്തെന്നെ തീര്‍പ്പാക്കുകയല്ളേ നല്ലതെന്ന് കോടതി നിരീക്ഷിച്ചു.
തീരനിയന്ത്രണ മേഖലാ വിജ്ഞാപനത്തിന് ഭേദഗതി നടത്താന്‍ ട്രൈബ്യൂണലിന് അധികാരമുണ്ടോ എന്ന് പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി.  കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.