ന്യൂഡൽഹി: ഇന്ത്യ വിട്ട് പോകുന്നതിനെക്കുറിച്ച് ഒരിക്കലും ആലോചിച്ചിട്ടില്ലെന്നും തനിക്ക് രണ്ടാഴ്ചയിൽ കൂടുതൽ ഇന്ത്യക്ക് പുറത്ത് താമസിക്കാനാവില്ലെന്നും പ്രശസ്ത ബോളിവുഡ് നടൻ ആമിർ ഖാൻ. അസഹിഷ്ണുതാ സംവാദത്തിൽ ഇടപെട്ട് വിവാദകുരുക്കിലായ ആമിർഖാൻ രംഗ് ദേ ബസന്തിയുടെ പത്താം വാർഷിക ചടങ്ങിൽ സംബന്ധിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാൻ ഈ രാജ്യത്തെ സ്നേഹിക്കുന്നു. ഇന്ത്യയിൽ ജനിച്ച ഞാൻ മരിക്കുന്നതുവരെ ഇവിടെത്തന്നെ ജീവിക്കും. ഇന്ത്യ വിടുന്നതിനെക്കുറിച്ച് ഒരിക്കലും ആലോചിച്ചിട്ടില്ല.
മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഭാഷകളുടേയും സംസ്കാരത്തിന്‍റെയും കാര്യത്തിൽ ഒരുപാട് വൈവിധ്യങ്ങളുള്ള രാജ്യമാണ് ഇന്ത്യ. ഈ വൈജാത്യമാണ് ഇന്ത്യയുടെ ശക്തി. ചിലർ ഇത് തകർക്കാൻ ശ്രമിക്കുന്നത് എന്നെ വേദനിപ്പിക്കുന്നു. ഇന്ത്യയിൽ നിലനിൽക്കുന്ന ബഹുസ്വരത തകർത്തുകൊണ്ട് രാജ്യത്തെ ദുർബലപ്പെടുത്താൻ ആരേയും അനുവദിക്കരുതെന്നും ആമിർ പറഞ്ഞു.
രണ്ടാഴ്ചയിൽ കൂടുതൽ ഇന്ത്യവിട്ട് നിന്നാൽ ഗൃഹാതുരത്വം അനുഭവിക്കുന്ന ആളാണ് താൻ. തന്‍റെ അഭിപ്രായം വളച്ചൊടിച്ച് മാധ്യമങ്ങൾ വിവാദം സൃഷ്ടിക്കുകയായിരുന്നു. എനിക്കും എന്‍റെ വേണ്ടപ്പെട്ടവർക്കും ഇത് ഏറെ മന:പ്രയാസമുണ്ടാക്കി. ദയവായി ഇത്തരത്തിലുള്ള പ്രവൃത്തികൾ ചെയ്യരുതെന്ന് മാധ്യമങ്ങളോട് അഭ്യർഥിക്കുന്നുവെന്നും ആമിർ പറഞ്ഞു.
തന്‍റെ ഭാര്യ ഇന്ത്യ വിടാമെന്ന് അഭിപ്രായപ്പെട്ടുവെന്ന് ഒരു പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ആമിർ പറഞ്ഞത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. തുടർന്ന് ഇൻക്രെഡിബ്ൾ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർ പദവിയിൽനിന്നും ഇദ്ദേഹത്തെ മാറ്റി പകരം അമിതാഭ് ബച്ചനെയും പ്രിയങ്ക ചോപ്രയേയും നിയമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.