ഡി.ഡി.സി.എ അന്വേഷണ കമീഷന്‍  തുടരും –കെജ്രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷനിലെ ക്രമക്കേട് അന്വേഷിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നിയമിച്ച അന്വേഷണ കമീഷന്‍ തുടരുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. 
കമീഷനെ നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഡല്‍ഹി ഹൈകോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി കോടതി ജനുവരി 27ന് കൂടുതല്‍ വാദം കേള്‍ക്കാന്‍ മാറ്റിവെച്ച പശ്ചാത്തലത്തിലാണ് കെജ്രിവാളിന്‍െറ പ്രതികരണം.
 മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യമാണ് കമീഷന്‍ തലവന്‍. കഴിഞ്ഞമാസമാണ് ‘ആപ്’ സര്‍ക്കാര്‍ അന്വേഷണ കമീഷന് രൂപം നല്‍കിയത്. കമീഷന്‍ ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് ജനുവരി എട്ടിന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 
എന്നാല്‍, നിയമവിധേയമായിത്തന്നെയാണ് കമീഷന് രൂപം നല്‍കിയതെന്ന് പറഞ്ഞ കെജ്രിവാള്‍ പ്രശ്നമുള്ളവര്‍ക്ക് കോടതിയില്‍ പോകാമെന്നും വ്യക്തമാക്കിയിരുന്നു. കേന്ദ്രനിര്‍ദേശത്തില്‍ അടുത്ത സി.ബി.ഐ റെയ്ഡ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെയോ ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്നിന്‍െറയോ ഓഫിസില്‍ ആയിരിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു. അവര്‍ക്ക് രണ്ടുപേര്‍ക്കും കീഴിലുള്ള ഉദ്യോഗസ്ഥരെ എന്തെങ്കിലും തെറ്റായി ചെയ്യാന്‍ സമ്മര്‍ദം ചെലുത്തുകയാണെന്നും കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത് പറയുന്നത്. എന്നാല്‍, തനിക്ക് പ്രധാനമന്ത്രിയെ പേടിയില്ളെന്നും റെയ്ഡുകള്‍ക്ക് തയാറായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.