ഇന്ത്യ-പാക് ചർച്ച റദ്ദാക്കിയെന്ന് പറഞ്ഞിട്ടില്ലെന്ന് അജിത് ഡോവൽ

ന്യൂഡൽഹി: ഇന്ത്യ-പാക് സമാധാന ചർച്ചകൾ റദ്ദാക്കിയെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ചർച്ച റദ്ദാക്കിയെന്ന് പറഞ്ഞതായി ദൈനിക് ഭാസ്കർ ഓൺലൈനിൽ വന്ന റിപ്പോർട്ടാണ് ഡോവൽ നിഷേധിച്ചത്. പത്താൻകോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താൻ നടപടിയെടുത്താലെ ചർച്ച നടക്കു എന്ന് ഡോവൽ പറഞ്ഞതായാണ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത്. ഈ മാസം 15ന് ഇരു രാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറിമാരുടെ ചർച്ച നടക്കാനിരിക്കെയാണ് പുതിയ വിവാദം.

എല്ലാ ദിവസവും താൻ പത്രപ്രവർത്തകരുമായി സംസാരിക്കാറുണ്ടെന്നും അത്തരത്തിൽ ഒരു അഭിമുഖം നൽകിയതായി ഓർക്കുന്നില്ലെന്നും ഡോവൽ എ.എൻ.ഐയോട് പറഞ്ഞു. അത്തരത്തിൽ ഒരു പ്രസ്താവന താൻ നടത്തി എന്ന റിപ്പോർട്ട് നിഷേധിക്കുന്നുവെന്നും ഡോവൽ വ്യക്തമാക്കി.

ലാഹോറിൽ കഴിഞ്ഞമാസം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അപ്രതീക്ഷിത സന്ദർശനത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിൽ സെക്രട്ടറിതല ചർച്ചകൾ നടത്താൻ തീരുമാനമായത്. പത്താൻകോട്ട് ആക്രമണത്തിൻെറ പശ്ചാത്തലത്തിൽ ചർച്ച റദ്ദായേക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും ജനുവരി 15ന് നിശ്ചയിച്ച ചർച്ചക്ക് മാറ്റമുണ്ടാകില്ലെന്ന് നവാസ് ശരീഫിൻെറ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.