‘വിവാദങ്ങളുടെ പുത്രന്‍’ വത്സന്‍ തമ്പു വിരമിക്കുന്നു

ന്യൂഡല്‍ഹി: ഒൗദ്യോഗികജീവിതം വിവാദങ്ങളുടെ കളിത്തൊട്ടിലാക്കിയ ഡല്‍ഹി സെന്‍റ് സ്റ്റീഫന്‍ കോളജ് പ്രിന്‍സിപ്പലും മലയാളിയുമായ വത്സന്‍ തമ്പു തിങ്കളാഴ്ച വിരമിക്കും. ‘വിവാദങ്ങളുടെ പുത്രന്‍’ എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ വത്സന്‍ തമ്പു 2008ലാണ് സെന്‍റ് സ്റ്റീഫന്‍ കോളജിന്‍െറ പ്രിന്‍സിപ്പലാകുന്നത്. ഇതേ കോളജില്‍ത്തന്നെയാണ് അദ്ദേഹം വിദ്യാര്‍ഥിജീവിതവും തുടങ്ങുന്നത്. പ്രിന്‍സിപ്പല്‍ എന്നനിലയില്‍ വിവിധ വിഷയങ്ങളില്‍ തമ്പു എടുത്ത തീരുമാനങ്ങള്‍ വന്‍ വിവാദങ്ങളിലാണ് ചെന്നത്തെിയിരുന്നത്.

കോളജ് ഭരണസമിതി ഉദ്യോഗസ്ഥനെ ക്രിസ്തുമതത്തിലേക്ക് മതംമാറ്റാന്‍ ശ്രമിച്ചെന്ന ആരോപണം മുതല്‍ ഗവേഷകവിദ്യാര്‍ഥിയെ അപമാനിച്ച പ്രഫസറെ സംരക്ഷിച്ച സംഭവം വരെ അതില്‍ ചിലതുമാത്രമാണ്. പ്രമുഖരായ പൂര്‍വവിദ്യാര്‍ഥികളെ കോളജ് ഗേറ്റില്‍ തടഞ്ഞ സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചു. കോളജിലെ ഭക്ഷണശാലയുടെ (ധാബ) ഉടമസ്ഥന്‍ റോതാസിന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ ശനിയാഴ്ച കോളജില്‍ പ്രത്യേക പ്രാര്‍ഥനാച്ചടങ്ങ് നടത്തിയിരുന്നു. ഇതില്‍ പങ്കെടുക്കാനത്തെിയ പൂര്‍വവിദ്യാര്‍ഥികളായ രാജ്യത്തെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ എന്നിവരെയാണ് കോളജ് വാതില്‍ക്കല്‍ തടഞ്ഞത്.

തുടര്‍ന്ന് ഗുഹ തമ്പുവിനെ ‘ഫാഷിസ്റ്റ്’ എന്നു വിളിച്ചു. ഇതിനെതിരെ തമ്പു രംഗത്തത്തെി. കൂടാതെ, കോളജിന്‍െറ അച്ചടക്കം ലംഘിച്ചെന്നാരോപിച്ച് ഇ-സൈന്‍ എന്ന ഇ-മാഗസിന്‍ എഡിറ്ററെ പുറത്താക്കിയ തമ്പുവിന്‍െറ നടപടിയും വിവാദമായിരുന്നു. തന്‍െറ അഭിമുഖമടക്കം ഇ-സൈനിലെ ഉള്ളടക്കം തന്നെ കാണിച്ചശേഷമേ പ്രസിദ്ധീകരിക്കാവൂവെന്ന് നിഷ്കര്‍ഷിച്ചിരുന്നു. ഇത് ലംഘിച്ചെന്നാരോപിച്ചായിരുന്നു അച്ചടക്കനടപടി. ഇതിനെതിരെ മാഗസിന്‍ എഡിറ്റര്‍ ദേവ്നാഷ് മത്തേ ഹൈകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.എട്ടു വര്‍ഷത്തെ വിവാദജീവിതത്തിന് വിരാമമിടുമ്പോഴും ഏറെ സന്തുഷ്ടനാണെന്നാണ് തമ്പു പറയുന്നത്.

മാര്‍ച്ച് ഒന്നിന് ഇദ്ദേഹത്തിന്‍െറ കാലാവധി പൂര്‍ത്തിയാകും. പുതിയ പ്രിന്‍സിപ്പലായി ജോണ്‍ വര്‍ഗീസ് എന്നയാള്‍ തിങ്കളാഴ്ച ചുമതലയേല്‍ക്കും. ഞായറാഴ്ച കോളജില്‍ വത്സന്‍ തമ്പുവിന് സുഹൃത്തുക്കളും അധ്യാപകരും ചേര്‍ന്ന് വിടവാങ്ങല്‍ സല്‍ക്കാരം നല്‍കിയിരുന്നു.തന്‍െറ പടിയിറക്കത്തെ ‘ശുക്രന്‍’ (വിടവാങ്ങല്‍) എന്നാണ് തമ്പു വിശേഷിപ്പിക്കുന്നത്. ദേശീയ ന്യൂനപക്ഷ കമീഷന്‍ അംഗവുമായിരുന്നു ഇദ്ദേഹം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.