ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍െറ ബജറ്റ് സമ്മേളനത്തിന് ചൊവ്വാഴ്ച തുടക്കമാകും. ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി സര്‍ക്കാറിന്‍െറ നയപ്രഖ്യാപനം നടത്തും. 25നാണ് റെയില്‍വേ ബജറ്റ്. പൊതുബജറ്റ് 29നും അവതരിപ്പിക്കും.
സഭാ നടപടികള്‍ തടസ്സമില്ലാതെ നടത്താനുള്ള ശ്രമത്തിന്‍െറ ഭാഗമായി ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ വിളിച്ച സര്‍വകക്ഷിയോഗം തിങ്കളാഴ്ച സന്ധ്യക്ക് ചേര്‍ന്നു. എന്നാല്‍, സഭയില്‍ ഏറ്റുമുട്ടല്‍ ഒഴിവാക്കുന്നത് സംബന്ധിച്ച് സര്‍ക്കാറും പ്രതിപക്ഷവും തമ്മില്‍ ധാരണയിലത്തൊനായില്ല. ജെ.എന്‍.യു പ്രശ്നം, രോഹിത് വെമുലയുടെ ആത്മഹത്യ തുടങ്ങി എല്ലാ വിഷയങ്ങളും പാര്‍ലമെന്‍റില്‍ ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷം സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാനുള്ള ഒരുക്കത്തിലാണ്. ജെ.എന്‍.യു വിഷയത്തില്‍ ഇടപെട്ട രാഹുല്‍ ഗാന്ധി രാജ്യദ്രോഹികളെ സഹായിക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ സഭയില്‍ ഉന്നയിക്കുമെന്ന സൂചന ഭരണപക്ഷവും നല്‍കി.
പാര്‍ലമെന്‍റ് സമ്മേളനം സുഗമമാക്കാന്‍ നേരത്തേ രാജ്യസഭാ അധ്യക്ഷന്‍ ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. പ്രസ്തുത യോഗങ്ങളും സര്‍ക്കാറും പ്രതിപക്ഷവും തമ്മില്‍ ധാരണ ഉണ്ടാക്കാന്‍ കഴിയാതെ പിരിയുകയാണുണ്ടായത്. ജി.എസ്.ടി, റിയല്‍ എസ്റ്റേറ്റ് ബില്‍ ഉള്‍പ്പെടെ സുപ്രധാന ബില്ലുകള്‍ സഭയുടെ മുന്നിലുണ്ട്. ജി.എസ്.ടി ബില്‍ ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭ കടന്നിട്ടില്ല. സര്‍ക്കാറിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. കോണ്‍ഗ്രസിന്‍െറ സഹായമില്ലാതെ ജി.എസ്.ടി രാജ്യസഭ കടക്കില്ല. രോഹിത് വെമുല, ജെ.എന്‍.യു തുടങ്ങിയ വിഷയങ്ങള്‍ മോദി സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കാനാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ശ്രമിക്കുക.
പ്രധാനമന്ത്രി നേരിട്ട് മറുപടി പറയണമെന്ന ആവശ്യം ഉയര്‍ത്തി സഭ സ്തംഭിപ്പിക്കാനാണ് സാധ്യത. സമ്മര്‍ദത്തിന് നരേന്ദ്ര മോദി വഴങ്ങാന്‍ തയാറാകാത്ത പക്ഷം സഭാസ്തംഭനം ആവര്‍ത്തിക്കും. കഴിഞ്ഞ രണ്ടു തവണയും അതാണുണ്ടായത്. ജെ.എന്‍.യു പ്രശ്നം ഇപ്പോഴും കത്തുന്ന സാഹചര്യത്തില്‍ ബജറ്റ് സമ്മേളനത്തിന്‍െറ ചൂടേറിയ വിഷയമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.