ഹരിയാനയില്‍ ജാട്ട് പ്രക്ഷോഭം അക്രമാസക്തം; ജനജീവിതം സ്തംഭിച്ചു

ചണ്ഡിഗഡ്: ഹരിയാനയിൽ സംവരണം ആവശ്യപ്പെട്ട് ജാട്ട് വിഭാഗക്കാര്‍ നടത്തുന്ന പ്രക്ഷോഭം അക്രമാസക്തമാകുന്നു. സമരം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി മൊബൈല്‍, ഇന്‍റര്‍നെറ്റ് സേവനങ്ങൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. റോത്തക്കിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സമരക്കാർ പൊലീസിന്‍റേത് അടക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ സമരക്കാന്‍ അഗ്നിക്കിരയാക്കി.

ഝജാര്‍, റോത്തക് എന്നീ ജില്ലകളിലാണ് ഇന്‍റര്‍നെറ്റിന് തടസ്സമുണ്ടായത്. ദേശീയ പാതകളും പ്രധാന റോഡുകളും സമരക്കാര്‍ തടസപ്പെടുത്തി. റെയിൽവേ പാളങ്ങള്‍ സമരക്കാർ കൈയ്യടക്കിയതിനാല്‍ ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടു.

ഇതിനിടെ ജാട്ടുകളെ അനുകൂലിക്കുന്ന അഭിഭാഷകരും പഞ്ചാബികളും തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്ന് രണ്ടു അഭിഭാഷകര്‍ക്ക് പരിക്കേല്‍ക്കുകയും വാഹനങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തു. ഹരിയാനയിൽ ഫെബ്രവരി 21 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വിഷയം ചര്‍ച്ച ചെയ്യാനായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.

ജാട്ട് സമുദായത്തെ ഒ.ബി.സിയില്‍ ഉള്‍പ്പെടുത്തുക. ഇ.ബി.പി ക്വോട്ട 10 ശതമാനത്തില്‍ നിന്നും 20 ശതമാനത്തിലേക്ക് ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സംസ്ഥാനത്ത് ആകെ ജനസംഖ്യയുടെ 30 ശതമാനമാണ് ജാട്ടുകള്‍.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.