ജാമിഅ മില്ലിയയെക്കുറിച്ചുള്ള രാം മാധവിന്‍െറ ട്വീറ്റ് വിവാദമാകുന്നു

ന്യൂഡല്‍ഹി: ജാമിഅ മില്ലിയ സർവകലാശാലയെ കുറിച്ചുള്ള ബി.ജെ.പി നേതാവ് രാം മാധവിന്‍െറ ട്വിറ്റര്‍ സന്ദേശം വിവാദമാകുന്നു. പാക് വംശജനായ കാനഡക്കാരന്‍ താരിക് ഫതഹിന് പ്രഭാഷണത്തിനുള്ള അനുമതി  സര്‍വകലാശാലയില്‍ നിഷേധിച്ചതിനെ തുടര്‍ന്ന് 2013 ഏപ്രിലില്‍ ഡെയ്ലി മെയിലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് രാം മാധവ് പൊടിതട്ടിയെടുത്ത് ട്വീറ്റ് ചെയ്തത്. നിലപാടുകളുടെ പേരില്‍ പാകിസ്താനില്‍ കടുത്ത എതിര്‍പ്പുനേരിടുന്നയാളാണ് ഫതഹ്. സര്‍വകലാശാലയിലെ ഹാളിന് ഫലസ്തീന്‍ നേതാവ് യാസിര്‍ അറഫാത്തിന്‍െറ പേരിട്ടതിനെക്കുറിച്ച് താന്‍ സംസാരിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും തന്നെക്കുറിച്ച് മനസ്സിലാക്കിയ മതമൗലികവാദികള്‍ പ്രഭാഷണം തടയുകയായിരുന്നുവെന്നും ഫത്തഹ് പറഞ്ഞതായാണ് ലേഖനത്തിലുള്ളത്. തന്നെ പാകിസ്താനില്‍ സംസാരിക്കാന്‍ അനുവദിക്കില്ല, ഡല്‍ഹിയിലെ ജാമിഅയിലും അതുപോലെ ഒരു ‘ചെറിയ പാകിസ്താന്‍’ വളര്‍ന്നുവരുന്നത് സങ്കടകരമാണെന്ന് ഫത്തഹ് പറഞ്ഞതായും ലേഖനത്തിലുണ്ടായിരുന്നു. ഇത് രാം മാധവ് ആയുധമാക്കിയതാണ് വിവാദമായത്. സര്‍ക്കാര്‍ ആഗ്രഹിക്കുന്ന രീതിയില്‍ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാനുള്ള ശ്രമങ്ങളുടെ തെളിവാണിതെന്ന് ജാമിഅ ടീച്ചേഴ്സ് അസോസിയേഷന്‍ സെക്രട്ടറി പ്രഫ. എം.എസ്. ഭട്ട് പ്രതികരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.