ന്യൂഡൽഹി: സാമൂഹ്യ മാധ്യമങ്ങളിലൂടെ ജന്മദിനാശംസയും അനുശോചന സന്ദേശവും യഥേഷ്ടം അയക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇത്തവണ അടിത്തെറ്റി. അഫ്ഗാൻ പ്രസിഡന്‍റ് അഷ്റഫ് ഗനി അഹമ്ദ് സായിക്ക് ട്വിറ്ററിൽ കുറിച്ച ജന്മദിനാശംസയാണ് അബദ്ധത്തിൽ കലാശിച്ചത്.
ഫെബ്രുവരി 12ന് അഷ്റഫ് ഗനിക്ക് മോദി ട്വിറ്ററിലൂടെ ജന്മദിനാശംസ നേർന്നു. ജന്മദിനത്തിൽ താങ്കളുടെ ആയുരാരോഗ്യത്തിന് വേണ്ടി പ്രാർഥിക്കുന്നു എന്നാണ് മോദി ട്വീറ്റ് ചെയ്തത്. മോദിയുടെ ട്വീറ്റിന് പിന്നാലെ ജന്മദിനാശംസ നേർന്നതിന് നന്ദി രേഖപ്പെടുത്തി അഷ്റഫ് ഗനി മറുപടി ട്വീറ്റ് ചെയ്തു. കൂടാതെ തന്‍റെ ജന്മദിനം മേയ് 19നാണെന്നും മോദിയെ ഒാർമപ്പെടുത്തി.
മോദിയുടെ ട്വിറ്റർ പേജ് കൈകാര്യം ചെയ്യുന്ന മീഡിയ വിഭാഗത്തിന് പറ്റിയ പിഴവാണ് തീയതി തെറ്റിയുള്ള ജന്മദിനാശംസ ഇടയാക്കിയത്. ഗൂഗ്ളിൽ അഷ്റഫ് ഗനിയുടെ ജന്മദിനം ഫെബ്രുവരി 12ന് ആണെന്ന് കുറിച്ചിട്ടുണ്ട്. ഇത് സ്ഥിരീകരിക്കാതെ മീഡിയ വിഭാഗം ജന്മദിനാശംസ നേരുകയായിരുന്നു. അതേസമയം, ഇന്ത്യൻ പ്രധാനമന്ത്രിക്ക് പറ്റിയ അബദ്ധം സാമൂഹ്യ മാധ്യമങ്ങൾ ആഘോഷിക്കുകയാണ്.
മുമ്പ് അമേരിക്കൻ സന്ദർശനത്തിനിടെ ഫോട്ടോക്ക് പോസ് ചെയ്യാനായി ഫേസ്ബുക്ക് മേധാവി മാർക്ക് സുക്കൻബർഗിനെ നീക്കി നിർത്തിയതും റഷ്യൻ സന്ദർശനത്തിനിടെ ദേശീയഗാനം പാടിയപ്പോൾ ചുവപ്പ് പരവതാനിയിലൂടെ മോദി നടന്നു പോയതും രാജ്യാന്തര മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.