ലാൻസ് നായിക് ഹനുമന്തപ്പ അന്തരിച്ചു

ന്യൂഡൽഹി: സിയാചിൻ മഞ്ഞിടിച്ചിലിൽ നിന്ന് ആറുദിവസത്തിനുശേഷം രക്ഷപ്പെട്ട് ചികിത്സയിലായിരുന്ന ലാൻസ് നായിക് ഹനുമന്തപ്പ അന്തരിച്ചു. ഡൽഹിയിലെ ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രി(ആർ.ആർ ആശുപത്രി)യിൽ രാവിലെ 11.45നായിരുന്നു 33കാരനായ ധീരസൈനികൻെറ മരണം സംഭവിച്ചത്. ആന്തരികാവയവങ്ങളുടെ പ്രവർത്തനം പൂർണമാ‍യും നിലച്ചതാണ് മരണത്തിന് കാരണമായത്. ആറ് ദിവസം മഞ്ഞുപാളികൾക്കിടയിൽ കുടുങ്ങിയതിന് ശേഷമാണ് ഹനുമന്തപ്പയെ ആശുപത്രിയിൽ എത്തിച്ചത്. അദ്ദേഹത്തിൻെറ നില ഗുരുതരമായി തുടരുകയായിരുന്നു.

ആശുപത്രിയിൽ എത്തിച്ച അദ്ദേഹത്തിൻെറ ശരീരോഷ്മാവ് ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. കരളും വൃക്കയും പ്രവർത്തന രഹിതമായി. തലച്ചേറിലേക്കുള്ള ഓക്സിജൻെറ പ്രവാഹവും നിലച്ചു. ശരീരോഷ്മാവ് കൂട്ടാനുള്ള ശ്രമങ്ങളാണ് നടന്നിരുന്നത്. എയിംസിൽ നിന്ന് വിഗദ്ധ ഡോക്ടർമാരുടെ സംഘമായിരുന്നു ഹനുമന്തപ്പയുടെ ജീവൻ രക്ഷിക്കാൻ പരിശ്രമിച്ചത്.

ഹനുമന്തപ്പയുടെ മരണവാർത്ത അറിഞ്ഞ ബന്ധുക്കൾ
 

അമ്മയും ഭാര്യയും ഒന്നരവയസ്സുകാരി മകളും അടങ്ങുന്നതാണ് കർണാടകയിലെ ധാർവാഡ് സ്വദേശിയായ ഹനുമന്തപ്പയുടെ കുടുംബം. ഫെബ്രുവരി മൂന്നിനാണ് മദ്രാസ് റെജിമെൻറിലെ പത്തു സൈനികർ സിയാചിനിൽ മഞ്ഞുപാളികൾക്കിടയിൽ പെട്ടത്. ഒരു മലയാളിയും ഇതിൽ അകപ്പെട്ടിരുന്നു. കൊല്ലം മൺറോ തുരുത്ത് സ്വദേശി ലാൻസ് നായിക് സുധീഷ് ആണ് മരിച്ച മലയാളി സൈനികൻ.

അപകടത്തിന് രണ്ട് ദിവസത്തിന് ശേഷം എല്ലാവരും മരിച്ചെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാൽ ഫെബ്രുവരി എട്ടിന് സൈനികർ നടത്തിയ തെരച്ചിലിൽ ഹനുമന്തപ്പയെ ജീവനോടെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ എയർഫോഴ്സിൻെറ എല്ലാ സംവിധാനങ്ങളോടും കൂടിയ വിമാനത്തിൽ ഹനുമന്തപ്പയെ ഡൽഹിയിൽ എത്തിക്കുയായിരുന്നു. മഞ്ഞിനടിയിൽ 35 അടി താഴ്ചയിൽ നിന്നാണ് ഹനുമന്തപ്പയെ രക്ഷിച്ചത്.

ഹനുമന്തപ്പയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. എല്ലാവരെയും ദുഖത്തിലാഴ്ത്തിക്കൊണ്ടാണ് അദ്ദേഹം പോയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. താങ്കളിലുള്ള സൈനികന് മരണമില്ല. താങ്കളെ ഓർത്ത് ഏറെ അഭിമാനിക്കുന്നു -മോദി ട്വിറ്ററിൽ കുറിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.