ജനാധിപത്യത്തെ കശാപ്പുചെയ്താല്‍ നോക്കിനില്‍ക്കില്ല –സുപ്രീംകോടതി

ന്യൂഡല്‍ഹി: ജനാധിപത്യം കശാപ്പുചെയ്യപ്പെട്ടാല്‍ കേവലമൊരു കാഴ്ചക്കാരനായി നില്‍ക്കാനാവില്ളെന്ന് സുപ്രീംകോടതി. സുപ്രീംകോടതി ജഡ്ജിയാണെങ്കില്‍പോലും ഗവര്‍ണര്‍മാരെല്ലാം രാഷ്ട്രീയനോമിനികളാണെന്നും അവരുടെ തീരുമാനങ്ങള്‍ക്ക് ഭരണഘടനാപരമായ സംരക്ഷണമൊന്നുമില്ളെന്നും സുപ്രീംകോടതി ഓര്‍മിപ്പിച്ചു.
അരുണാചല്‍പ്രദേശിലെ ഭരണഘടനാവിരുദ്ധമായ നടപടി ചോദ്യം ചെയ്ത് നിയമസഭാ സ്പീക്കര്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് സുപ്രീംകോടതി ഈ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയത്. അരുണാചല്‍ ഗവര്‍ണര്‍ക്ക് മാത്രമല്ല, അദ്ദേഹത്തിന്‍െറ തീരുമാനങ്ങള്‍ക്കും ഭരണഘടനാ സംരക്ഷണമുണ്ടെന്ന് വാദിച്ചപ്പോഴാണ് സുപ്രീംകോടതിയുടെ ശക്തമായ നിരീക്ഷണം. ഗവര്‍ണറുടെ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ കോടതികള്‍ക്ക് അധികാരമില്ളെന്നും ബി.ജെ.പി എം.എല്‍.എമാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.
ജനാധിപത്യം കശാപ്പുചെയ്യപ്പെടുമ്പോള്‍ കോടതിക്കെങ്ങനെ നിശ്ശബ്ദത പാലിക്കാന്‍ കഴിയുമെന്ന് ജസ്റ്റിസ് ജെ.എസ്. ഖേഹാര്‍ അധ്യക്ഷനായ ബെഞ്ച് അഭിഭാഷകനോട് ചോദിച്ചു. ഭരണഘടനയുടെ 163, 361 അനുച്ഛേദങ്ങള്‍ നല്‍കുന്ന പരിപൂര്‍ണ സുരക്ഷിതത്വത്തില്‍ അവരുടെ തീരുമാനങ്ങളും ഉള്‍പ്പെടുമെന്ന് മുതിര്‍ന്ന അഭിഭാഷകരായ ശേഖര്‍ നാഫഡെയും വികാസ് സിങ്ങും വാദിച്ചപ്പോള്‍ സുപ്രീംകോടതിയിലെ ജഡ്ജിയായിരുന്നെങ്കില്‍പോലും ഏതൊരു ഗവര്‍ണറും രാഷ്ട്രീയക്കാരുടെ നോമിനിയാണെന്ന് ജസ്റ്റിസ് ഖേഹാര്‍ പറഞ്ഞു. എല്ലാ ഗവര്‍ണര്‍മാരും ഇതുപോലെ രാഷ്ട്രീയക്കാരുടെ നോമിനികളാണെന്നും മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പി. സദാശിവം കേരള ഗവര്‍ണറായ സമയത്തെ വിവാദങ്ങള്‍ നേര്‍ക്കുനേര്‍ പരാമര്‍ശിക്കാതെ ജസ്റ്റിസ് ഖേഹാര്‍ തുടര്‍ന്നു. ‘ഭരണഘടനാപരമായ നിഷ്പക്ഷത നോക്കിയാണ് ഞങ്ങള്‍ വിധിക്കുക. ഏതെങ്കിലുമൊരാളുടെ വ്യക്തിത്വം നോക്കിയല്ല’ എന്ന് ജസ്റ്റിസ് ദീപക് മിശ്ര ഇതിനോട് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
ഒക്ടോബര്‍ മുതല്‍ ഇന്നുവരെ അരുണാചല്‍ നിയമസഭ നടത്തിയ ആശയവിനിമയങ്ങളുടെ വിശദാംശങ്ങള്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.