വരള്‍ച്ച: ആന്ധ്രയില്‍ കന്നുകാലികളെ  കിട്ടിയ വിലയ്ക്ക് വിറ്റഴിക്കുന്നു

ഹൈദരാബാദ്: വരള്‍ച്ച രൂക്ഷമായ തെലങ്കാനയിലും ആന്ധ്രപ്രദേശിലും കര്‍ഷകര്‍ കന്നുകാലികളെ കിട്ടിയ വിലയ്ക്ക് വിറ്റുതുടങ്ങി. പകുതി തുകക്കാണ് ഏക ജീവിതമാര്‍ഗമായ കന്നുകാലികളെ കര്‍ഷകര്‍ വില്‍ക്കുന്നത്. മഹബൂബ്നഗര്‍, നിസാമാബാദ്, നല്‍ഗോണ്ട ജില്ല തുടങ്ങിത തെലങ്കാന പ്രദേശങ്ങള്‍ കടുത്തവരള്‍ച്ചയിലാണ്. ഇവിടങ്ങളില്‍നിന്നുള്ള കര്‍ഷകര്‍ സകലതും വിറ്റുപെറുക്കി മറ്റിടങ്ങളിലേക്ക് കുടിയേറുകയാണ്. കൃഷ്ണ, ഗോദാവരി നദികള്‍ വറ്റിവരണ്ടതോടെ ഈ നദികളുമായി ബന്ധപ്പെട്ട അണക്കെട്ടുകളും വരള്‍ച്ചയിലാണ്.

തെലങ്കാനയിലെ 443  മണ്ഡലങ്ങളില്‍ 231 എണ്ണവും  ആന്ധ്രപ്രദേശിലെ 670 മണ്ഡലങ്ങളില്‍ 359 എണ്ണവും വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. തെലങ്കാന മേഖലയില്‍ 40-43വരെ ഡിഗ്രി ചൂടാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വരള്‍ച്ചമൂലം രണ്ടു സംസ്ഥാനങ്ങളിലുമായി 100ഓളം പേര്‍ മരിച്ചു. വരള്‍ച്ചയെതുടര്‍ന്ന് നിരോധാജ്ഞ പ്രഖ്യാപിച്ച മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയില്‍ കുകാടി കനാല്‍ പദ്ധതിക്കുകീഴിലെ ജലം കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്നതിനെതിരെ അധികൃതര്‍ കര്‍ശനനടപടി തുടങ്ങി. വരള്‍ച്ചബാധിത പ്രദേശങ്ങളില്‍ 700ഓളം ടാങ്കറുകള്‍ കുടിവെള്ളവിതരണം നടത്തുന്നുണ്ട്. ഒരു മാസം മുമ്പ് തുടങ്ങിയ കുടിവെള്ളവിതരണത്തെ തുടര്‍ന്ന് സമീപപ്രദേശങ്ങളിലെ അണക്കെട്ടുകളിലെ ജലവിതാനം 19 ശതമാമായി കുറഞ്ഞിരിക്കുകയാണ്. ദിവസേന 5.7 ഘന അടി ജലം ഇപ്പോള്‍ കുടിവെള്ളത്തിന് മാത്രമായി നല്‍കുന്നുണ്ട്. 

കഴിഞ്ഞവര്‍ഷം വരള്‍ച്ചയെ തുടര്‍ന്ന് പുണെ നഗരത്തില്‍ സെപ്റ്റംബര്‍വരെ ഒന്നിടവിട്ട ദിവസങ്ങളിലായിരുന്നു കുടിവെള്ളം ലഭ്യമായത്. പിമ്പിരി ചിഞ്ച്വാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ കുടിവെള്ളവിതരണം ഒന്നിടവിട്ട ദിവസങ്ങളിലാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ 1650 വില്ളേജുകളിലായി 2000ത്തോളം ടാങ്കറുകളിലാണ് കുടിവെള്ളവിതരണം നടത്തുന്നത്. അതിനിടെ, കുടിവെള്ള ടാങ്കറുകളുടെ ശുചിത്വമില്ലായ്മമൂലം ഗ്രാമീണരില്‍ ജലജന്യരോഗങ്ങള്‍ക്ക് സാധ്യതയുള്ളതായി സംസ്ഥാന ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. ജനുവരിയില്‍ ഇത്തരത്തില്‍ 20ഓളം പ്രദേശങ്ങളില്‍ ജലജന്യരോഗങ്ങള്‍ കണ്ടത്തെിയിരുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.