ന്യൂഡല്‍ഹി: ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരനാണെന്ന് ആരോപിച്ച് 11 ഭീകര കേസുകളില്‍ പ്രതിയാക്കി 2001 മുതല്‍ ജയിലിലടച്ച അലീഗഢ് മുസ്ലിം സര്‍വകലാശാല ഗവേഷക വിദ്യാര്‍ഥി ഗുല്‍സാര്‍ അഹ്മദ് ബാനിയെ പത്താമത്തെ കേസിലും തെളിവില്ളെന്നു കണ്ട് കോടതി കുറ്റമുക്തനാക്കി. ജമ്മു-കശ്മീരിലെ ബാരാമുല്ല സ്വദേശിയായ ഗുല്‍സാര്‍ അഹ്മദ് ബാനിക്കെതിരെ ഒരു ഭീകര കേസ് കൂടി ബാക്കിയുള്ളതിനാല്‍ ജയില്‍മോചനത്തിനു പക്ഷേ, സുപ്രീംകോടതി കനിയണം.
ഗവേഷക വിദ്യാര്‍ഥിയായിരിക്കെ ഭീകര കേസില്‍പെടുത്തി ജയിലിലടച്ച ഗുല്‍സാറിനെ ഏറ്റവും ഒടുവില്‍ ആഗ്ര കോടതിയാണ് അവിടത്തെ സ്ഫോടന കേസില്‍ പ്രതിയല്ളെന്നുകണ്ട് 14 വര്‍ഷത്തിനു ശേഷം കുറ്റമുക്തനാക്കിയത്. ഗുല്‍സാറിന്‍െറ വയസ്സ് 42 പിന്നിട്ടു. 2001 ജൂലൈ 30ന് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ അലീഗഢ് മുസ്ലിം സര്‍വകലാശാലയില്‍ അറബിയില്‍ ഗവേഷണം ചെയ്യുകയായിരുന്നു ഗുല്‍സാര്‍. ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ സ്റ്റുഡന്‍റ്സ് ഇസ്ലാമിക് മൂവ്മെന്‍റ് ഓഫ് ഇന്ത്യയെ (സിമി) നിരോധിക്കുന്നതിന് മാസങ്ങള്‍ മുമ്പായിരുന്നു ഇത്. ഡല്‍ഹിയില്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തുവെന്ന് ആരോപിച്ചായിരുന്നു ഡല്‍ഹി പൊലീസിന്‍െറ അറസ്റ്റ്. ഗുല്‍സാര്‍ ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരനാണെന്നും ഡല്‍ഹി പൊലീസ് ആരോപിച്ചു. പിന്നീട് ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളിലായി 10 ഭീകര കേസുകളില്‍ കൂടി ഗുല്‍സാറിനെ പ്രതിയാക്കി.
11 ഭീകര കേസുകളിലാണ് പൊലീസ് ഗുല്‍സാറിനെ പ്രതിയാക്കിയത്. അതില്‍ ഒമ്പത് കേസുകളില്‍ ഗുല്‍സാര്‍ കുറ്റമുക്തനാക്കപ്പെടുകയോ കുറ്റംതന്നെ പിന്നീട് ഒഴിവാക്കപ്പെടുകയോ ചെയ്തു. എന്നാല്‍, ഡല്‍ഹിയില്‍ സ്ഫോടനമുണ്ടാക്കാനായി സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചു എന്ന കുറ്റം ചുമത്തിയ ഒരു കേസില്‍ കോടതി ഗുല്‍സാറിന് 10 വര്‍ഷം തടവ് വിധിച്ചു. ഡല്‍ഹി പൊലീസിന്‍െറ അറസ്റ്റിന് ന്യായമായി പറഞ്ഞ ഈ കേസിലും ഗുല്‍സാറിനെ ഡല്‍ഹി ഹൈകോടതി ഒടുവില്‍ കുറ്റമുക്തനാക്കി.
2000ത്തില്‍ ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ നടന്ന സബര്‍മതി എക്സ്പ്രസ് സ്ഫോടന കേസാണ് ഇനിയിപ്പോള്‍ അവശേഷിക്കുന്നത്. സബര്‍മതി സ്ഫോടന കേസ് ബാരാബങ്കി കോടതിയില്‍ ഇപ്പോഴും കെട്ടിക്കിടക്കുകയാണ്. നാല് പ്രതികളാണ് ഈ കേസിലുള്ളത്. അതിലൊരാള്‍ക്ക് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ജാമ്യാപേക്ഷയുമായി ഗുല്‍സാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേസ് ഈ മാസം 25ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.