മോദിയെയും ദ്രൗപതി മുർമുവിനെയും പാകിസ്താനിയെന്ന് വിളിച്ച് ബി.ജെ.പി എം.പി; എസ്.ഐ.ആറിനെതിരെ രൂക്ഷവിമർശനം

കൊൽക്കത്ത: വോട്ടർ പട്ടിക പ്രത്യേക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) നടപ്പാക്കുന്നതിനെതിരെ രൂക്ഷപ്രതികരണവുമായി ബി.ജെ.പി എം.പി നാഗേന്ദ്ര റോയ്. ശനിയാഴ്ച കൂച്ച്‌ബെഹാർ ജില്ലയിലെ സീതായിയിൽ നടന്ന സമ്മേളനത്തിൽ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പശ്ചിമ ബംഗാൾ ഗവർണർക്കും എതിരെ കടുത്ത പരാമർശങ്ങളുമായാണ് നാഗേന്ദ്ര റോയ് രംഗത്തെത്തിയത്.

ദ്രൗപതി മുർമുവും നരേന്ദ്ര മോദിയും പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസും പാകിസ്താനിയും ബംഗ്ലാദേശിയുമാണെന്ന് നാഗേന്ദ്ര റോയ് പറഞ്ഞതായി ഡെക്കാൻ ക്രോണിക്ക്ൾ റിപ്പോർട്ട് ചെയ്തു. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്താൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും ക്ഷേമ ആനുകൂല്യങ്ങൾ നിഷേധിക്കാനും സാധ്യതയുണ്ടെന്ന് റോയ് ആരോപിച്ചു.

‘വോട്ടർ പട്ടികയിൽ പേരില്ലാത്തവരുടെ പൗരത്വം പരിശോധിക്കാൻ തടങ്കൽ ക്യാമ്പുകൾ സ്ഥാപിക്കും. ഇത് നടത്തുന്ന ഉദ്യോഗസ്ഥർ തന്നെ വിദേശികളാണ്. എന്റെ രേഖകൾ പരിശോധിക്കാൻ ഇവർ ആരാണ്?’ - അദ്ദേഹം ചോദിച്ചു. ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നത് ഇത്തരത്തിൽ പുറത്തുനിന്നുള്ളവരാണെങ്കിൽ, സാധാരണക്കാരുടെ രേഖകൾ പരിശോധിക്കാൻ ഇവർക്ക് എന്ത് അവകാശമാണുള്ളതെന്ന് അദ്ദേഹം ചോദിക്കുന്നു.

സ്വന്തം എം.പിയുടെ തുറന്നടിച്ചുള്ള പ്രതികരണം ബി.ജെ.പിയിൽ വൻ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. പ്രസംഗത്തിന്റെ വിഡിയോ വൈറലായതോടെ പ്രതികരിക്കാൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സമീക് ഭട്ടാചാര്യ വിസമ്മതിച്ചു. നാഗേന്ദ്ര റോയിയുടെ പരാമർശങ്ങളെക്കുറിച്ച് അറിയില്ലെന്നും എസ്.ഐ.ആറും തടങ്കൽ കാമ്പുകളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

എസ്‌.ഐ.ആറിലൂടെ വൻതോതിൽ വോട്ടർമാരുടെ പേരുകൾ ഇല്ലാതാക്കാനുള്ള വലിയ ഗൂഢാലോചനയാണ് നാഗേന്ദ്ര റോയിയുടെ പരാമർശങ്ങളിലൂടെ വെളിപ്പെട്ടതെന്ന് തൃണമൂൽ കോൺഗ്രസ് വക്താവ് കുനാൽ ഘോഷ് ആരോപിച്ചു. അതിനിടെ, എസ്‌.ഐ.ആറുമായി ബന്ധപ്പെട്ട ജോലി സമ്മർദ്ദം കാരണം മറ്റൊരു ബി.എൽ.ഒ കൂടി പശ്ചിമബംഗാളിൽ ആത്മഹത്യ ചെയ്തു. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും രാഷ്ട്രീയ പ്രേരിതമായി തിടുക്കത്തിൽ നടത്തിയ എസ്.ഐ.ആർ നിരവധി ജീവൻ അപഹരിച്ചുവെന്ന് അഭിഷേക് ബാനർജി എംപി പറഞ്ഞു. എസ്‌ഐആർ നടപടിക്രമവുമായി ബന്ധപ്പെട്ട പരിഭ്രാന്തി, ക്ഷീണം, ഭയം എന്നിവ കാരണം 50ലധികം പേർ മരിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


Tags:    
News Summary - BJP MP Nagendra Roy Calls Modi, Murmu ‘Pakistani’, Links SIR to Detention Camps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.