കരിമണല്‍ ഖനനത്തിന് സ്വകാര്യ കമ്പനികള്‍ക്ക് അനുമതി

ന്യൂഡല്‍ഹി: കേരള തീരത്ത് കരിമണല്‍ ഖനനം നടത്താന്‍ സ്വകാര്യ കമ്പനികള്‍ക്ക് സുപ്രീംകോടതി അനുമതി. സ്വകാര്യ കമ്പനികള്‍ക്ക് കരിമണല്‍ ഖനനം നിഷേധിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെതിരെ കൊച്ചി മിനറല്‍സ് ആന്‍റ് റൂട്ടൈല്‍ മാനേജിങ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്താ നല്‍കിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്‍െറ വിധി.

ആലപ്പുഴയിലെ ആറാട്ടുപുഴയില്‍ സ്വകാര്യ കമ്പനികള്‍ക്ക് ഖനനം നടത്താന്‍ 2006ല്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇത് പിന്‍വലിച്ചു. ഇതിനെതിരെ  കര്‍ത്താ ഹൈകോടതിയെ സമീപിച്ചു. ഹൈകോടതി സിങ്കിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും ഖനനാനുമതി പിന്‍വലിച്ച ഉത്തരവ് റദ്ദാക്കി. അതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയിലാണ് പുതിയ വിധി.

പൊതുമേഖലക്കും സ്വകാര്യ കമ്പനികള്‍ക്കും കരിമണല്‍ ഖനനം നടത്താമെന്നാണ് വിധി. ഖനന സ്ഥലം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന് തീരുമാനം എടുക്കാം. മൂന്നംഗ ബെഞ്ചില്‍ ജസ്റ്റിസ് ഭാനുമതി വിധിയോട് വിയോജിപ്പ് രേഖപ്പെടുത്തി. ഖനനത്തിന് അനുമതി നല്‍കുന്നത് സംസ്ഥാന സര്‍ക്കാറിന്‍െറ നയപരമായ തീരുമാനമാണെന്നാണ് ജസ്റ്റിസ് ഭാനുമതിയുടെ വിലയിരുത്തല്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.