മേല്‍പ്പാല നിര്‍മാണത്തിന് പിന്നില്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട കമ്പനി

കൊല്‍ക്കത്ത: കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട കമ്പനിയാണ് ബംഗാളില്‍ മേല്‍പ്പാല നിര്‍മാണം നടത്തിയതെന്ന് റിപ്പോര്‍ട്ട്. ഐ.വി.ആര്‍.സി.എല്‍ എന്ന കമ്പനിയെ ജാര്‍ഖണ്ഡില്‍ നേരത്തെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കേന്ദ്ര സര്‍ക്കാറിന്‍േറതുള്‍പ്പെടെയുള്ള പദ്ധതികള്‍ ഏറ്റെടുത്തു നടത്തിയിരുന്ന ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.വി.ആര്‍.സി.എല്‍ മുന്‍കാലങ്ങളില്‍ ഗുരുതര പിഴവുകളാണ് വരുത്തിയത്. കമ്പനി നിര്‍മിച്ച  ചില കെട്ടിടങ്ങള്‍ തകരുകയും ചെയ്തിരുന്നു.

മുമ്പ് കമ്പനിക്കെതിരെ  ജാര്‍ഖണ്ഡില്‍ കൈക്കൂലി കേസില്‍ സി.ബി.ഐ അന്വേഷണവും ഉണ്ടായിട്ടുണ്ട്. ഗ്രാമങ്ങളില്‍ വൈദ്യൂതീകരണം നടത്താനുള്ള കരാര്‍ നേടാന്‍ സംസ്ഥാന മുഖ്യമന്ത്രി മധു കോടക്ക് 22 കോടി രൂപ കൈക്കൂലി നല്‍കിയെന്ന കേസിലായിരുന്നു സി.ബി.ഐ അന്വേഷണം. തെളിവുകളുടെ അഭാവത്തില്‍ 2013ല്‍ സി.ബി.ഐ ഈ കേസ് അവസാനിപ്പിക്കുകയായിരുന്നു. പദ്ധതികളില്‍ കമ്പനി വരുത്തിയ പിഴവിനെ തുടര്‍ന്ന് 750 കോടി രൂപ നഷ്ട പരിഹാരമാവശ്യപ്പെട്ട് ജാര്‍ഖണ്ഡ് വൈദ്യുതി ബോര്‍ഡ്  ഹൈക്കോടതിയെ സമീപിക്കുകയും തുടര്‍ന്ന് കരിമ്പട്ടികയില്‍ പെടുത്തുകയുമായിരുന്നു.

വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് രണ്ടോടെ കൊല്‍ക്കത്തയിലെ ഗണേഷ് ടാക്കീസിന് സമീപം പ്രശസ്തമായ ബരാ ബസാറിലാണ് കോണ്‍ക്രീറ്റ് ജോലികള്‍ പുരോഗമിക്കുന്നതിനിടെ വിവേകാനന്ദ റോഡിലെ മേല്‍പാലത്തിന്‍െറ 100 മീറ്റര്‍ ഭാഗം പൊളിഞ്ഞുവീണത്. തൊട്ടുടനെ അപകടം സംഭവിച്ചത് ദൈവത്തിന്‍റ പ്രവൃത്തി മൂലമാണെന്നുള്ള കമ്പനിയുടെ വാദവും വിവാദത്തിലായി. കമ്പനി മേധാവികളെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റിഡിയിലെടുത്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.