ഉത്തരവിലെ അവ്യക്തത; രാജ്യത്തെ സിഗററ്റു ഫാക്ടറികള്‍ പൂട്ടി തുടങ്ങി

ന്യൂഡല്‍ഹി: പുകയില ഉല്‍പന്നങ്ങളിലെ പാക്കറ്റുകളിലെ മുന്നറിയിപ്പ് ചിത്രം നല്‍കുന്ന നിയമത്തിലെ അവ്യക്തതകളെ തുടര്‍ന്ന് രാജ്യത്തെ മുന്‍നിര പുകയില ഉത്പാദകര്‍ ഏപ്രില്‍ ഒന്നു മുതല്‍ ഫാക്ടറികള്‍ പൂട്ടി തുടങ്ങി. കൊല്‍ക്കത്ത,പൂനെ,മുംഗര്‍,സഹര്‍നപുര്‍,ബംഗളൂര്‍ എന്നിവിടങ്ങളിലെ അഞ്ച് ഫാക്ടറികളാണ് കഴിഞ്ഞ ദിവസം പൂട്ടിയത്. പുതിയ ഉത്തരവ്പ്രകാരം സിഗററ്റ് പാക്കിന്‍െറ 85 ശതമാനം ഭാഗവും മുന്നറിയിപ്പ് ചിത്രങ്ങള്‍ നല്‍കണം. നിലവില്‍ ഇത് 40 ശതമാനമായിരുന്നു.

ആരോഗ്യ മന്ത്രാലയം  രാജസ്ഥാന്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പുകയില ഉല്‍പന്നപാക്കറ്റിന്‍െറ ഇരു വശവും ഏപ്രില്‍ ഒന്ന് മുതല്‍ 85ശതമാനം മുന്നറിയിപ്പ് ചിത്രങ്ങള്‍ നല്‍കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ 50 ശതമാനം ചിത്രീകരണം അധികമാണെന്ന  പാര്‍ലമെന്‍ററി കമ്മിറ്റിയുടെ നിരീക്ഷണവും സത്യവാങ്മൂലത്തിലുണ്ട്. ഇതാണ് അവ്യക്തതക്ക് കാരണമായിരിക്കുന്നത്.

അതേ സമയം ഉത്തരവില്‍ വ്യക്തത വരുത്തണമെന്നാവശ്യപെട്ട് ഇന്ത്യന്‍ ടൊബാക്കോ മിനിസ്ട്രി (ടി.ഐ.ഐ) ് മാര്‍ച്ച് 15ന് ആരോഗ്യ മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ടെന്ന് ടി.ഐ.ഐ ഡയറക്ടര്‍  സയ്ദ് മഹ്മൂദ് അഹമ്മദ് പറഞ്ഞു. കൂടാതെ അവ്യക്തത നീക്കാതെ നിര്‍മ്മാണം തുടരുന്നത് നിയമ ലംഘനമാവും എന്ന് ഭയന്നാണ് ഫാക്ടറികള്‍ പൂട്ടാന്‍ ടി.ഐ.ഐ അംഗങ്ങള്‍ തീരുമാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഭ്യന്തര വിപണിയിലെ പുകയില വില്‍പനയുടെ 98 ശതമാനവും നടത്തുന്നത് ഐ.ടി.സി, ഗോഡ്ഫ്രേ ഫിലിപ്സ്,വി.എസ്.ടി, എന്നീ കമ്പനികളാണ്. ഇവര്‍ക്കൊപ്പം ടൊബാക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ(ടി.ഐ.ഐ) യും സംയുക്തമായാണ് ഏപ്രില്‍ ഒന്ന് മുതല്‍ ഫാക്ടറികള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. ഇതിലൂടെ ദിനംപ്രതി ഏകദേശം 350 കോടിയോളം രൂപയുടെ വരുമാന നഷ്ടമാണുണ്ടാവുക. കൂടാതെ ഈ മേഖലയെ ആശ്രയിച്ചു കഴിയുന്ന 450 ദശലക്ഷം തൊഴിലാളികളുടെ ജീവിതത്തേയും ഇത് സാരമായി ബാധിക്കുമെന്നും ടി.ഐ.ഐ കണക്കാക്കുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.