രാജ്യത്തെ അരക്ഷിതാവസ്ഥ: ആമിർ ഖാന് മറുപടിയുമായി ബിജെ.പി

രാജ്യത്തെ അരക്ഷിതാവസ്ഥ: ആമിർ ഖാന് മറുപടിയുമായി ബിജെ.പി

ന്യൂഡൽഹി: രാജ്യത്തെ അസഹിഷ്ണുതക്കെതിരെ പുരസ്കാരങ്ങൾ തിരിച്ചുനൽകി പ്രതിഷേധിക്കുന്നതിനെ പിന്തുണക്കുന്നുവെന്ന ബോളിവുഡ് താരം ആമിർ ഖാന്‍റെ പ്രസ്താവനക്ക് മറുപടിയുമായി ബി.ജെ.പി. മുതിർന്ന നേതാവും കേന്ദ്രമന്ത്രിയുമായ മുഖ്താർ അബ്ബാസ് നഖ് വിയാണ് ആമിറിനെതിരെ രംഗത്തെത്തിയത്. ഇന്ത്യയിൽ ആമിർ ഖാൻ സുരക്ഷിതനാണെന്നും രാജ്യത്തെ ആരാധകരെ അപമാനിക്കുന്ന പ്രസ്താവനയാണ് താരം നടത്തിയതെന്നും നഖ് വി പറഞ്ഞു. ആഗോളതലത്തിൽ ഭീകരവാദത്തിനെതിരെ യോജിച്ചുള്ള പോരാട്ടത്തിനാണ് ആമിർ ആഹ്വാനം ചെയ്യേണ്ടത്. രാഷ്ട്രീയ പ്രേരിതമായ പ്രചാരണത്തിന്‍റെ സ്വാധീനത്താലാണ് ആമിർ പ്രസ്താവന നടത്തിയിരിക്കുന്നത്. ആമിറിന് അർഹിക്കുന്ന ആദരവ് കൊടുത്ത ഇന്ത്യയോടുള്ള അപമാനമാണിതെന്നും നഖ് വി പറഞ്ഞു.

രാജ്യത്തിന്‍റെ സൽപേര് കളങ്കപ്പെടുത്താനുള്ള അനാവശ്യമായ ശ്രമമാണിതെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു അഭിപ്രായപ്പെട്ടു. ബി.ജെ.പി അധികാരത്തിൽ വന്നതിന് ശേഷം സാമുദായിക സംഘട്ടനങ്ങൾ മൂലമുള്ള മരണം കുറഞ്ഞതായും റിജിജു അവകാശപ്പെട്ടു.

അതേസമയം, ഭീഷണിയിലൂടെയും അധിക്ഷേപങ്ങളിലൂടെയും വിയോജിപ്പുകളെ നിശബ്ദരാക്കുന്ന രീതി ബി.ജെ.പി അവസാനിപ്പിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അഭിപ്രായപ്പെട്ടു. ജനങ്ങളിൽ സുരക്ഷിതത്വബോധം സൃഷ്ടിക്കാൻ കേന്ദ്രസർക്കാർ നടപടിയെടുക്കേണ്ട കാലം അതിക്രമിച്ചുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

രാജ്യത്ത് ഒരു വിഭാഗത്തിന് അരക്ഷിതാവസ്ഥ തോന്നുന്നുവെന്നത് സത്യമാണെന്ന് ഡൽഹിയിൽ രാംനാഥ് ഗോയങ്കെ എക്സലൻസ് അവാർഡ് ചടങ്ങിൽ സംസാരിക്കവെയാണ് ആമിർ പറഞ്ഞത്. രാജ്യത്ത് അസഹിഷ്ണുത നിലനിൽക്കുന്നു എന്നതിന് ഏറെ സംഭവങ്ങൾ കൊണ്ട് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അതിനെതിരെ പ്രതിഷേധിക്കാൻ പുരസ്കാരങ്ങൾ തിരിച്ചു നൽകുന്നതിനെ പിന്തുണക്കുന്നു. കഴിഞ്ഞ എട്ടു മാസമായി രാജ്യത്ത് അരക്ഷിതാവസ്ഥയും സുരക്ഷിതത്വമില്ലായ്മയും അനുഭവപ്പെടുന്നുണ്ട്. അത്തരത്തിലുള്ള വാർത്തകൾ നാം നിരന്തരം വായിക്കുകയാണ്. ഇന്ത്യ വിട്ട് വേറെ രാജ്യത്തേക്ക് പോവേണ്ടി വരുമെന്ന് തന്‍റെ ഭാര്യ കിരൺ റാവു പറഞ്ഞിരുന്നു. തന്‍റെ കുട്ടികളെ പറ്റിയും ചുറ്റും നടക്കുന്നതിനെ പറ്റിയും അവർക്ക് ഏറെ ആശങ്കയുണ്ടെന്നും ആമിർ ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.