ആളുമാറി അറസ്റ്റ് : നഷ്ടപരിഹാരതുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ഹൈകോടതി നിര്‍ദേശം

ചെന്നൈ: പത്തനംതിട്ട റാന്നി സ്വദേശിയായ വീട്ടമ്മയെ ചെന്നൈ വിമാനത്താവളത്തില്‍ ആളുമാറി  അറസ്റ്റ് ചെയ്ത സംഭവത്തില്‍ കുറ്റക്കാരായ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ മദ്രാസ് ഹൈകോടതി നിര്‍ദേശം. ഒരുവര്‍ഷം മുമ്പ് നടന്ന വിവാദ സംഭവത്തില്‍ ഇരയാക്കപ്പെട്ട സാറ തോമസ് നഷ്ടപരിഹാരതുക നിരസിച്ച സാഹചര്യത്തിലാണ് കോടതിയുടെ നിര്‍ദേശം.
ദുബൈയില്‍നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങിയ സാറ തോമസിനെ ആളുമാറി 2014 ഒക്ടോബര്‍ 29നാണ് വിമാനത്താവള ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തത്.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡും ചെയ്തു. സാമ്പത്തിക തട്ടിപ്പ് കേസില്‍ സി.ബി.ഐ ലുക്ക്ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന സാറ വില്യംസിന്‍െറ പേരിനോട് സാമ്യമുള്ളതാണ് അറസ്റ്റില്‍ കലാശിച്ചത്. യഥാര്‍ഥ പ്രതിയല്ളെന്ന് കേരള പൊലീസിന്‍െറ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സാറ തോമസിനെ വിട്ടു.
സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നെങ്കിലും  കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാന്‍  അധികൃതര്‍ തയാറായില്ല.
എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയായ മകന്‍ കെവിന്‍ ജോണ്‍ സജിത്തിനെ കാണാനാണ് സാറ ചെന്നൈയിലത്തെിയത്.
ഇതിനിടെ, മകന്‍ കെവിന്‍ പരാതിയുമായി മദ്രാസ് ഹൈകോടതിയെ സമീപിച്ചു.
സംഭവത്തില്‍ തെറ്റുപറ്റിയതാണെന്ന് രണ്ട് ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു. വിഷയത്തില്‍ ശക്തമായ ഭാഷയില്‍ വിമര്‍ശം രേഖപ്പെടുത്തിയ കോടതി ഇരുവരും ഓരോ ലക്ഷം രൂപവീതം സാറ തോമസിന് നഷ്ടപരിഹരം നല്‍കാന്‍ വിധിച്ചു.
 പണം ആവശ്യമില്ളെന്ന്  അറിയിച്ചതിനെ തുടര്‍ന്നാണ് രണ്ടു ലക്ഷം രൂപ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.