പൊലീസ് ജനങ്ങളെ വിശ്വാസത്തിലെടുക്കണം –പ്രധാനമന്ത്രി

ഗാന്ധിനഗര്‍: പ്രാദേശിക ജനവിഭാഗങ്ങളെ വിശ്വാസത്തിലെടുക്കാന്‍ പൊലീസ് സേനക്ക് കഴിയണമെന്നും കുറ്റകൃത്യങ്ങള്‍ തടയാന്‍ ആധുനിക സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കണമെന്നും പൊലീസുകാര്‍ക്ക് പ്രധാനമന്ത്രിയുടെ ഉപദേശം. ഐ.എസ് ഭീകരസംഘടനയുടെ ആക്രമണഭീഷണിയുടെ പശ്ചാത്തലത്തില്‍ ഗുജറാത്തിലെ റാന്‍ ഓഫ് കച്ചില്‍ നടന്ന രാജ്യത്തെ ഡി.ജി.പിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
പ്രാദേശിക ജനതയുമായി ഊഷ്മളമായ ബന്ധമായിരിക്കണം പൊലീസുകാര്‍ക്ക്. അവരുടെ വിശ്വാസമാര്‍ജിക്കാന്‍ കഴിയണം. സംസ്ഥാനങ്ങളുടെ അതിര്‍ത്തികളിലെ പൊലീസ് സ്റ്റേഷനുകള്‍ തമ്മില്‍ ആശയവിനിമയം നടക്കണമെന്നും സ്റ്റേഷന്‍ പരിധിയിലെ ജനങ്ങളെ തിരിച്ചറിയാന്‍ അതത് പൊലീസുകാര്‍ക്ക് കഴിയണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സൈബര്‍ സുരക്ഷ, സോഷ്യല്‍ മീഡിയ ഉപയോഗം, പുതിയ സാങ്കേതികവിദ്യ എന്നിവയെക്കുറിച്ച് പൊലീസുകാര്‍ ബോധവാന്മാരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 100ഓളം ഉയര്‍ന്ന പൊലീസുദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുത്തത്.
മികച്ച സേവനം കാഴ്ചവെച്ച ഇന്‍റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ക്ക് പ്രധാനമന്ത്രി മെഡലുകള്‍ സമ്മാനിച്ചു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, സഹമന്ത്രിമാരായ കിരണ്‍ റിജിജു, ഹരിഭായ് പാര്‍ഥിഭായ് ചൗധരി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.