കോവനെതിരായ കേസില്‍ തമിഴ്നാട് സര്‍ക്കാറിന് തിരിച്ചടി

ചെന്നൈ: രാജ്യദ്രോഹ കേസില്‍ വിചാരണക്കോടതി ജാമ്യം അനുവദിച്ച കലാകാരന്‍ കോവനെ രണ്ടുദിവസം പൊലീസ് കസ്റ്റഡിയില്‍ കിട്ടണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി. സമ്പൂര്‍ണ മദ്യനിരോധത്തിനായി പാട്ടുപാടിയതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത കോവന് മദ്രാസ് ഹൈകോടതിയാണ് ജാമ്യമനുവദിച്ചത്. പരാതിയില്‍ കഴമ്പില്ളെന്നു ചൂണ്ടിക്കാട്ടി ജസ്റ്റിസ് എഫ്.എം.ഐ. കലീഫുല്ല, ജസ്റ്റിസ് യു.യു. ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. ജയലളിതക്കെതിരെ പാട്ടുപാടി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് കഴിഞ്ഞമാസം അവസാനത്തോടെ സംസ്ഥാന ക്രൈംബ്രാഞ്ച് അറസ്റ്റ്ചെയ്ത കോവനെ ചെന്നൈ സിറ്റി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. തെളിവെടുപ്പിനും ചോദ്യംചെയ്യാനുമായി ആദ്യം പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തെങ്കിലും പിന്നീട് രണ്ടുദിവസം കൂടി ആവശ്യപ്പെട്ടത് മദ്രാസ് ഹൈകോടതി തടഞ്ഞു. തുടര്‍ന്ന് വിചാരണക്കോടതി ജാമ്യം അനുവദിച്ചു. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. അറ്റോണി ജനറല്‍ മുകുള്‍ റോത്തഗിയാണ് സംസ്ഥാന സര്‍ക്കാറിനുവേണ്ടി ഹാജരായത്.
സര്‍ക്കാറിനെതിരെ കരുതിക്കൂട്ടി പ്രവര്‍ത്തിച്ചെന്നും കോവനും സംഘടനക്കും നക്സല്‍ ബന്ധമുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജനങ്ങളെ ഇളക്കിവിട്ട് ദേശീയ സുരക്ഷക്ക് ഭീഷണി സൃഷ്ടിച്ചെന്നും ആരോപിച്ചു. വിവരസാങ്കേതിക വിദ്യയിലൂടെ രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തനമാണ് കോവന്‍ ചെയ്തതെന്നും സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ജാമ്യം ലഭിച്ച പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നത് അപൂര്‍വമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.