ന്യൂഡൽഹി: കേന്ദ്രവുമായുള്ള ചർച്ചകളിൽനിന്ന് ഒളിച്ചോടില്ലെന്നും സമരം കൂടുതൽ ശക്തമാക്കുമെന്നും വിവിധ കർഷക സംഘടന നേതാക്കൾ അറിയിച്ചു. ബുധനാഴ്ച ഡൽഹി - നോയിഡ ഹൈവേ പൂർണമായും തടയും. സമരത്തിനിടെ ഇതുവരെ 20ഓളം കർഷകരാണ് ശഹീദായത് (രക്തസാക്ഷി). 20 ദിവസമായി സമരം തുടങ്ങിയിട്ട്. എല്ലാ ദിവസവും ഓരോ കർഷകൻ വീതം മരിച്ചുവീഴുകയാണ്. എന്നാൽ, കാർഷിക നിയമങ്ങൾക്കെതിരായ പോരാട്ടം വിജയം നേടുംവരെ തുടരുമെന്നും കർഷക നേതാക്കൾ സിങ്കു ബോർഡറിൽ നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, കർഷകർക്കായി തയാറാക്കിയ മൂന്ന് നിയമങ്ങൾക്കെതിരെ പ്രക്ഷോഭം ഉയരാൻ കാരണം അവരെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിച്ചതിനാലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. ചൊവ്വാഴ്ച ഗുജറാത്തിലെ വിവിധ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമരത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടായിട്ടുണ്ട്. കർഷകരുടെ ഭൂമി കോർപറേറ്റുകൾ പിടിച്ചെടുക്കുമെന്നാണ് ഇവർ പറയുന്നത്. കർഷകരുടെ പാൽ വാങ്ങുന്നവർ പശുവിനെ കൊണ്ടുപോകുന്നുണ്ടോ? എന്തിനാണ് പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നത് - പ്രധാനമന്ത്രി ചോദിച്ചു. നിയമവുമായി ബന്ധപ്പെട്ട ആശങ്കകൾ കർഷകരുമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്നും മോദി പറഞ്ഞു.
അതേസയമം, മൂന്ന് നിയമങ്ങളും നിരുപാധികം റദ്ദാക്കണമെന്നാണ് കർഷകരുടെ ആവശ്യം. ചർച്ച തുടരാനും ഭേദഗതി വരുത്താനും തയാറാണെന്നും എന്നാൽ, നിയമങ്ങൾ റദ്ദാക്കില്ലെന്നുമാണ് സർക്കാർ പറയുന്നത്. കൂടാതെ കർഷകരുടെ ആശങ്കകളെ അടിസ്ഥാനമാക്കി മൂന്ന് നിയമങ്ങളുടെ പേര് മാറ്റാൻ സന്നദ്ധമാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നു.
ഡൽഹി അതിർത്തിയിൽ സമരക്കാരുടെ എണ്ണം ദിവസവും വർധിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ 60,000 പേർ ഇവിടെ തമ്പടിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൂടുതൽ ആളുകളെ പ്രവേശിപ്പിക്കാനാവില്ലെന്നും പൊലീസ് പറയുന്നു. എന്നാൽ, ഇതിൽ കൂടുതൽ ആളുകളുണ്ടെന്നാണ് കർഷക നേതാക്കളുടെ വിശദീകരണം. സമരത്തിൽ പങ്കുചേരാൻ പഞ്ചാബിലെ വിദൂര പ്രദേശങ്ങൾക്ക് പുറമെ ഹരിയാന, മധ്യപ്രദേശ്, യു.പി എന്നിവയടക്കം രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നും കർഷകർ വന്നുകൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.