ജാമ്യം നിയമപരമായ അവകാശമാണ്; പക്ഷേ ഉമർ ഖാലിദിന് അങ്ങനെയല്ല;​ വിചാരണയില്ലാതെ ജയിലിൽ അടച്ചിട്ട് 1,704 ദിനങ്ങൾ!

ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെട്ട മുൻ ജെ.എൻ.യു വിദ്യാർഥി നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ ഉമർ ഖാലിദ് വിചാരണയില്ലാതെ തടവിൽ കഴിയാൻ തുടങ്ങിയിട്ട് 1,704 ദിവസം. ജാമ്യം നിയമമാണെന്ന സുപ്രീംകോടതി വിധി നിലനിൽക്കെയാണ് വിചാരണയില്ലാതെ അഞ്ചാം വർഷത്തിലേക്ക് ഉമർ പ്രവേശിക്കുന്നത്. 

ഉമറും മറ്റ് 17 പേരുമാണ് കേസിൽ ഉൾപ്പെട്ടത്. ഇവരിൽ ആറു പേർക്ക് ജാമ്യം ലഭിച്ചു. 2020ൽ പൗരത്വ നിയ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ 53 പേരുടെ മരണത്തിനിടയാക്കിയ വർഗീയ കലാപത്തിന് കാരണമായ ഗൂഢാലോചന നടത്തിയെന്നാണ് ഡൽഹി പൊലീസിന്റെ ആരോപണം. എന്നാൽ, ഇതിന് കൃത്യമായ തെളിവുകൾ നിരത്താൻ ​അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കലാപ സയമത്ത് ഉമർ ഡൽഹിയിൽ തന്നെ ഇല്ലായിരുന്നുവെന്നതും മുഖവിലക്കെടുത്തില്ല.

നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം, ആയുധ നിയമം, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവയുടെ ഒന്നിലധികം വകുപ്പുകൾ പ്രകാരം ഉമറിനെതിരെ കൊലപാതകം, ഭീകരവാദം, പ്രേരണ, രാജ്യദ്രോഹം എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. 

‘ഇതുവരെ ഉമർ ഡൽഹി ഹൈകോടതിയിൽ അഞ്ച് ജാമ്യാപേക്ഷകൾ കൊടുത്തു. ജാമ്യത്തിനായി ഞങ്ങൾ കീഴ്‌കോടതിയിലും പിന്നീട് ഹൈകോടതിയിലും സുപ്രീംകോടതിയിലും കയറി. അവിടെ ഒമ്പത് മാസത്തിനകം ഹരജി 14 തവണ മാറ്റിവച്ചു. പിന്നീട് ഞങ്ങൾ വീണ്ടും കീഴ്‌കോടതിയിലേക്ക് പോയി. ഇപ്പോൾ വീണ്ടും ഹൈകോടതിയിലാണ്. സുപ്രീംകോടതിയിലെ പല ഹരജികളും മാറ്റിവെക്കാൻ പ്രതിഭാഗം ശ്രമിച്ചെന്നും ഒടുവിൽ ഹരജി പിൻവലിച്ചുവെന്നും’ അദ്ദേഹത്തിന്റെ പിതാവ് എസ്.ക്യു.ആർ. ഇല്യാസിനെ ഉദ്ദരിച്ച് ‘ദ ടെലഗ്രാഫ്’ റിപ്പോർട്ട് ചെയ്തു.

‘കുറ്റക്കാരനല്ലാത്ത കലാപസമയത്ത് ഡൽഹിയിൽ ഇല്ലാതിരുന്ന ഉമറിന് ജാമ്യം നിഷേധിക്കപ്പെടുന്നു. ഹീനമായ കുറ്റകൃത്യങ്ങൾ ചെയ്ത ആളുകളെ അറസ്റ്റ് ചെയ്യുകയോ ഉടൻ ജാമ്യത്തിൽ വിടുകയോ ചെയ്യുന്നുവെന്നും’ ഇല്യാസ് പറഞ്ഞു.

സി.എ.എ വിരുദ്ധ പ്രതിഷേധങ്ങൾ ആസൂത്രണം ചെയ്ത ഒരു വാട്സ് ആപ് ഗ്രൂപ്പിൽ ഉണ്ടായിരുന്നതായി ഉമറിനെതിരെ ആരോപിക്കപ്പെടുന്നു. ഗ്രൂപ്പിലെ ഒരു ചർച്ചയിലും പങ്കെടുത്തിട്ടില്ലെന്ന് കീഴ്കോടതിയിൽ അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞപ്പോൾ അദ്ദേഹം ‘ഒരു നിശബ്ദ കാഴ്ചക്കാരനായിരുന്നു’ എന്നായിരുന്നു പ്രോസിക്യൂട്ടറുടെ മറുവാദം.

നൂറുകണക്കിന് പ്രോസിക്യൂഷൻ സാക്ഷികളും ആയിരക്കണക്കിന് പേജുകളുള്ള ഒന്നിലധികം അനുബന്ധ കുറ്റപത്രങ്ങളും കേസിലുണ്ടെന്ന് ഇല്യാസ് ചൂണ്ടിക്കാട്ടി. എന്നിട്ടും, വർഷം അഞ്ച് ആയിട്ടും കോടതിയിൽ കുറ്റപത്രം സമർപിച്ചിട്ടില്ല. ഈ  അവസ്ഥ 10-15 വർഷത്തേക്കുപോലും തുടർന്നേക്കാം.

ജാമ്യം നിയമമാണെന്ന് മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞുവെച്ചിട്ടുണ്ട്. നിരവധി പേർക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. പക്ഷേ, ഉമർ പട്ടികയിൽ ഉണ്ടായിരുന്നില്ല. ജാമ്യം നിഷേധിക്കുന്നതിനുള്ള ജുഡീഷ്യറിയുടെ ന്യായീകരണം മനസ്സിലാകുന്നില്ല... നിരപരാധികളെ കഴിയുന്നത്ര കാലം ജയിലിൽ അടക്കാൻ കരിനിയമങ്ങൾ ഉപയോഗിക്കുന്ന ഈ ദുരവസ്ഥ ജുഡീഷ്യറി തിരിച്ചറിയണം -അദ്ദേഹം കൂട്ടിച്ചേർത്തു.

വിചാരണ കൂടാതെ ഒരാളെ അഞ്ച് വർഷത്തേക്ക് തടങ്കലിൽ വെക്കുന്നത് നിയമവിരുദ്ധമാണെന്ന് പീപ്പിൾസ് യൂനിയൻ ഫോർ സിവിൽ ലിബർട്ടീസ് പ്രസിഡന്റ് കവിത ശ്രീവാസ്തവ പറയുന്നു. ഉമർ ജാമ്യത്തിനായി കോടതികളെ സമീപിച്ചു. ഉമറോ അശോക സർവകലാശാല അധ്യാപകൻ അലി ഖാൻ മഹ്മൂദാബാദോ ആകട്ടെ, ഉറച്ച നിലപാടുള്ളവരും പാണ്ഡിത്യമുള്ളവരുമായ മുസ്‍ലിംകളായതിനാലാണ് അവരെ ലക്ഷ്യമിടുന്നതെന്നും കവിത ശ്രീവാസ്തവ പറഞ്ഞു.

ലൈംഗിക പീഡന കേസുകളിൽ കുറ്റാരോപിതനായ മുൻ ബി.ജെ.പി എംപിയും ഗുസ്തി മേധാവിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ വിജയ റാലികളുമായി ഉമറിന്റെ തടവിനെയും അവർ താരതമ്യം ചെയ്തു. ‘സിങ്ങിനുള്ള പൂർണമായ ശിക്ഷാ ഇളവും അയാളുടെ ആത്മവിശ്വാസവുമാണ് ഇത് കാണിക്കുന്നത്. അയാൾക്കെതിരായ വിചാരണ ഇപ്പോഴും തുടരുകയാണ്. തെളിവുകൾ ഇപ്പോഴും ഉണ്ട്. പക്ഷെ, ബി.ജെ.പിയുടെ പിന്തുണയുണ്ട്. അവർ സിങ്ങിന്റെ മകന് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നൽകി.... അവർ കൊലപാത പ്രതികളെ ആദരിക്കുന്നു. ബിൽക്കീസ് ബാനുവിനെ ബലാത്സംഗം ചെയ്തവരെ ആദരിച്ചു. കുറ്റകൃത്യത്തെ മഹത്വവൽക്കരിക്കുന്ന ഒരു സംസ്കാരം ബി.ജെ.പി സൃഷ്ടിച്ചിരിക്കുന്നുവെന്നും ശ്രീവാസ്തവ കൂട്ടിച്ചേർത്തു.

Tags:    
News Summary - 1,704 days in jail without trial: Bail is the rule as per Supreme Court, but not for Umar Khalid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.