Representational Image
ന്യൂഡൽഹി: റോഡ് സുരക്ഷക്കായി ഓരോ വർഷവും വൻതുക ചിലവഴിക്കുമ്പോഴും ഇന്ത്യയിലെ റോഡുകൾ മരണപ്പാതമായി മാറുന്നു. പ്രതി വർഷം രാജ്യത്തെ റോഡ് അപകട നിരക്കും, അപകട മരണങ്ങളും വലിയ തോതിൽ വർധിക്കുന്നതായി കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വെളിപ്പെടുത്തുന്നു. 2023ലെ റോഡ് അപകട നിരക്കാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. രാജ്യവ്യാപകമായി 480,583 അപകടങ്ങൾ രേഖപ്പെടുത്തിയപ്പോൾ, റോഡിൽ മരിച്ചു വീണത് 172,890 ലക്ഷം പേർ. ഒരു ദിവസം ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലായി റോഡിൽ നഷ്ടമാവുന്നത് 474 ജീവനുകൾ.
2022നെ അപേക്ഷിച്ച് റോഡ് അപകട നിരക്ക് 4.2 ശതമാനം വർധിച്ചപ്പോൾ, റോഡ് അപകട മരണ നിരക്കിൽ 2.6 ശതമാനവും വർധിച്ചു. റോഡ് അപകടങ്ങളിൽ പരിക്കേറ്റവരുടെ എണ്ണ 4.62 ലക്ഷം വരെയായി ഉയർന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 4.4 ശതമാനമാണ് ഈ വർധനയെന്നും കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു.
ഓരോ ദിവസവും 1317 അപകടങ്ങൾ സംഭവിക്കുമ്പോഴാണ് ശരാശരി 474 മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഓരോ മണിക്കൂറിലും 55 അപകടങ്ങളും 20 മരണങ്ങളും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി റിപ്പോർട്ട് ചെയ്യുന്നു.
സുപ്രീം കോടതി നിർദേശ പ്രകാരമാണ് കേന്ദ്ര റോഡ്-ഹൈവേ മന്ത്രാലയം 2023ലെ റോഡ് അപകട കണക്കുകൾ സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞ മേയ് മാസത്തിലായിരുന്നു പോയവർഷത്തെ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കാനും, ഓരോ ആറു മാസത്തിലും കലണ്ടർ വർഷത്തെ അപകട നിരക്ക് പുറത്തുവിടാനും നിർദേശിച്ചത്.
ഒന്നോ അതിൽ അധികമോ മരണത്തിന് കാരണമാവുന്ന ഗുരുതരമായ അപകടങ്ങളുടെ എണ്ണത്തിലും ഓരോ വർഷവും വർധനവ് രേഖപ്പെടുത്തു. 2022ൽ 1.55 ലക്ഷം ഗുരുതര അപകടങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ, 2023ൽ ഇത് 1.60 ലക്ഷമായി വർധിച്ചു. 3.04 ശതമാനമാണ് അപകടത്തിലെ വർധനവ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദേശീയ പാതകൾ മരണക്കളമായി മാറുന്നുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 57,467 മാരക അപകടങ്ങളാണ് ദേശീയ പാതയിൽ അരങ്ങേറിയത്. 35.8ശതമാനം. സംസ്ഥാന പാതകളിൽ ഇത് 36,595ഉം (22.8 ശതമാനം), മറ്റു റോഡുകളിൽ 66447ഉം (41.4ശതമാനം) ആണ്. ഗതാഗത നിയമ ലംഘനങ്ങളും അമിത വേഗതയുമാണ് ഏറ്റവും കൂടുതൽ അപടങ്ങൾക്കും വില്ലനായി മാറിയത്.
റോഡിൽ മരിച്ചു വീഴുന്ന യുവാക്കൾ
രാജ്യത്തെ റോഡ് അപകടങ്ങളിൽ കൊല്ലപ്പെടുന്നവർ ഏറ്റവും കൂടുതൽ യുവാക്കളാണെന്ന് റോഡ്-ഹൈവേ മന്ത്രാലയം റിപ്പോർട്ട് ചൂണ്ടികാട്ടുന്നു. 2023ലെ റോഡ് അപകടങ്ങളിൽ മരിച്ചവരിൽ 66.4 ശതമാനം പേരും 18നും 45നും ഇടയിൽ പ്രായമുള്ളവരാണ്. 18-60 വയസ്സ് പ്രായക്കാർ 83.4ശതമാനം വരും. 18നും 25നും ഇടയിൽ പ്രായക്കാർ 19 ശതമാനമാണ് മരണം. 25 മുതൽ 35വരെ പ്രായക്കാർ 25 ശതമാനവും വരും. 35 മുതൽ 45 വയസ്സുവരെയുള്ളവർ 21.4ശതമാനവും വരും.
ആളെകൊല്ലുന്ന ടു വീലർ
റോഡപകടങ്ങളിൽ പെടുന്നതും മരിച്ചു വീഴുന്നതും ഏറ്റവും കൂടുതൽ ഇരു ചക്ര വാഹന യാത്രികരാണ്. മരിച്ചവരിൽ 44.8ശതമാനമാണ് ഇരു ചക്ര വാഹന യാത്രികരുടെ പങ്കാളിത്തം. അതേസമയം, 20 ശതമാനമാവട്ടെ കാൽനട യാത്രക്കാരുമാണ്. 2023ൽ 77,539 ഇരു ചക്ര വാഹന യാത്രക്കാർ റോഡ അപകടങ്ങളിൽ മരിച്ചു വീണപ്പോൾ 2022ൽ ഇത് 74,897 ആയിരുന്നു. കാർ, ടാക്സി, വാൻ, എൽ.എം.വി വാഹനങ്ങൾ 21,496 ആണ് റിപ്പോർട്ട് ചെയ്തത്. ശേഷിക്കുന്നത് മാത്രമേ മറ്റു വാഹന അപകടങ്ങൾ വരുന്നുള്ളൂ. 9489 കുട്ടികൾക്കും 2023ലെ റോഡ് അപകടങ്ങളിൽ ജീവൻ നഷ്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.