ഡൽഹി: ആർ.എസ്.എസിനെ ചോദ്യം ചെയ്തവർ അവശേഷിച്ചിട്ടില്ലെന്ന ബി.ജെ.പി എം.പിയുടെ ഭീഷണിക്ക് മറുപടിയുമായി കർണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ. തന്‍റെ ശരീരത്തിൽ ഓടുന്നത് ബാബാസാഹേബ് അംബേദ്കറുടെ രക്തമാണെന്നും ഇത്തരം ഭീഷണികൾക്ക് മുന്നിൽ ഭയപ്പെടില്ലെന്നും ഖാർഗെ വ്യക്തമാക്കി. ആർ.എസ്.എസിനെക്കുറിച്ച് ഒരു ദളിത് നേതാവ് എന്തിന് ആശങ്കപ്പെടുന്നു എന്ന ബി.ജെ.പി എം.പി രമേശ് ജിഗാജിനാഗിയുടെ പരാമർശം ജാതീയമായ മുൻവിധിയോടെയുള്ളതാണെന്നും അദ്ദേഹം തുറന്നടിച്ചു.
ആർ.എസ്.എസിന് നിയമപരമായ പദവിയുണ്ടോ എന്നും സംഘടനയുടെ ഫണ്ടിംഗ്, നേതൃത്വഘടന, ചിലവുകൾ എന്നിവ സുതാര്യമാക്കണമെന്നും ആവശ്യപ്പെട്ട് ഖാർഗെ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് 'ഒരു ദളിതൻ എന്തിനാണ് ആർ.എസ്.എസിനെക്കുറിച്ച് വേവലാതിപ്പെടുന്നത്' എന്ന് ചോദിച്ച് ജിഗാജിനാഗി രംഗത്തെത്തിയത്. ആർ.എസ്.എസിനോട് മുട്ടാൻ നിന്നവരാരും അവശേഷിച്ചിട്ടില്ലെന്ന മുന്നറിയിപ്പും ബി.ജെ.പി എം.പി നൽകിയിരുന്നു.
ഈ പ്രസ്താവനക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രിയങ്ക് ഖാർഗെ പ്രതികരിച്ചത്. 'ആരും അവശേഷിച്ചിട്ടില്ല എന്ന് പറഞ്ഞതിന്‍റെ അർത്ഥമെന്താണ്? ആർ.എസ്.എസ് ഒരു ഭീകര സംഘടനയാണോ? ചോദ്യം ചെയ്യുന്നവരെ അവർ ഇല്ലാതാക്കുമോ?' എന്ന് ഖാർഗെ ചോദിച്ചു. ഒരു ദളിതനായ ജിഗാജിനാഗിക്ക് ആർ.എസ്.എസിന്‍റെ അന്തപ്പുരങ്ങളിലേക്ക് പ്രവേശനമില്ലാത്തതിന്‍റെ നിരാശയാണോ ഈ വാക്കുകളിലുള്ളതെന്നും ഖാർഗെ പരിഹസിച്ചു. ജാതി വ്യവസ്ഥയിൽ വിശ്വസിക്കുന്ന ആർ.എസ്.എസിൽ നിന്ന് ദളിതർ വിട്ടുനിൽക്കണമെന്ന മുന്നറിയിപ്പാണോ ഇതെന്നും അദ്ദേഹം ചോദിച്ചു. ഭരണഘടനാ വിരുദ്ധമായ ഒരു സംഘടനയെ ഭരണഘടനാ പാതയിലേക്ക് കൊണ്ടുവരാൻ ദളിതർക്ക് കഴിയില്ലെന്ന നിസ്സഹായാവസ്ഥയുടെ തുറന്നുപറച്ചിലാണോ ഇതെന്നും ഖാർഗെ ചോദിച്ചു. താൻ അംബേദ്കറുടെ പ്രത്യയശാസ്ത്രം പിന്തുടരുന്നയാളാണെന്നും ചോദ്യങ്ങൾ ചോദിക്കാനുള്ള ധൈര്യം ലഭിച്ചത് അദ്ദേഹത്തിൽ നിന്നാണെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതൃത്വവും പ്രിയങ്ക് ഖാർഗെക്ക് പൂർണ്ണ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ആർ.എസ്.എസ് നേതാക്കളോട് ന്യായമായ ചോദ്യങ്ങൾ ചോദിക്കുമ്പോൾ അവരുടെ ജാതീയവും വർഗീയവുമായ വിഷലിപ്തമായ മുഖം പുറത്തുവരുമെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു. പ്രിയങ്ക് ഖാർഗെയുടെ ചോദ്യങ്ങൾ തികച്ചും ന്യായമാണ്. ആർ.എസ്.എസ് എന്തുകൊണ്ടാണ് നിയമപരമായി രജിസ്റ്റർ ചെയ്യാത്തത് എന്ന ചോദ്യത്തിന് നേരെയാണ് ട്രോൾ ആർമി പാഞ്ഞടുത്തത്. സംഘപരിവാറും ഭരണഘടനയും തമ്മിലുള്ള പോരാട്ടത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും മോഹൻ ഭാഗവതും ജിഗാജിനാഗിയും ദളിതരെ അപമാനിക്കുകയാണെന്നും ഖേര കുറ്റപ്പെടുത്തി. ആർ.എസ്.എസ് തങ്ങളുടെ രജിസ്ട്രേഷൻ രേഖകൾ ഹാജരാക്കുക മാത്രമല്ല, അത് പൊതുജനങ്ങൾക്കായി പരസ്യപ്പെടുത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.