ബംഗളൂരു: തെരഞ്ഞെടുപ്പ് അടുത്താൽ പിന്നെ ബംഗളൂരുവിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള സിദ്ധഗംഗ മഠത്തിൽ വലിയ തിരക്കാണ്. എല്ലാ രാഷ്ട്രീയ പാർട്ടിയിൽ പെട്ട സ്ഥാനാർഥികളുടേയും എല്ലാ മതത്തിൽ പെട്ട സ്ഥാനാർഥികളുടേയും ഒഴുക്കാണ് ഈ മഠത്തിലേക്ക്. സ്ഥാനാർഥികൾ മാത്രമല്ല, അവരുടെ രാഷ്ട്രീയ യജമാനൻമാരും ഡൽഹിയിൽ നിന്നുംഡോ. ശിവകുമാര സ്വാമിയെ കാണാൻ മഠത്തിലെത്തുന്നു.
പ്രധാനമന്ത്രിമാർ തൊട്ട് പാർട്ടി പ്രസിഡന്‍റുമാർ വരെ, ഇന്ദിരാ ഗാന്ധി മുതൽ രാഹുൽ ഗാന്ധി വരെ, സിദ്ധരാമയ്യ മുതൽ യെദിയൂരപ്പ വരെ, ദേവഗൗഡ തൊട്ട് കുമാരസ്വാമി വരെ രാഷ്ട്രീയ ഭേദമെന്യേ സന്ദർശിക്കുന്ന സിദ്ധഗംഗ മഠത്തിലെ ഈ സ്വാമി ഒരു രാഷ്ട്രീയ പാർട്ടികളോടും ആഭിമുഖ്യം പുലർത്തുന്നില്ല എന്നതാണ് ഏറെ കൗതുകകരം.
നടക്കുന്ന ദൈവം എന്നറിയപ്പെടുന്ന ശിവകുമാര സ്വാമിയെ കാണാൻ കഴിഞ്ഞയാഴ്ചയാണ് രാഹുലെത്തിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യയോടൊപ്പം എത്തിയ രാഹുലിനെ നിറഞ്ഞ മനസ്സോടെയാണ് സ്വാമി അനുഗ്രഹിച്ചത്. ഒരാഴ്ച മുൻപ് അമിത് ഷായും ഇവിടെയെത്തിയിരുന്നു. കുറച്ച് ദിവസം മുൻപ് കുമാരസ്വാമിയും അദ്ദേഹത്തെ കാണാനെത്തി. പ്രധാനമന്ത്രി മോദിയും ഈയിടെ സ്വാമിയെ സന്ദർശിക്കാനെത്തിയിരുന്നു.
സിദ്ധഗംഗ മഠത്തിന് 1600 വർഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടാനുണ്ട്. മൈസൂർ പ്രദേശത്തെ സാമൂഹ്യ മത ജീവിതത്തിൽ ഏറെ പ്രാധാന്യമുണ്ട് ഈ മഠത്തിന്. 5 മുതൽ 15 വയസ്സ് വരെയുള്ള 8500 കുട്ടികളാണ് ഗുരുകുല സമ്പ്രദായത്തിൽ ഇന്നും ഇവിടെ പഠിക്കുന്നത്. ലിംഗായത്ത് മഠം മെഡിക്കൽ-എൻജിനീയറിങ് കോളജുകളും നടത്തുന്നു.
എന്നാൽ, മറ്റ് ലിംഗായത്ത് സന്യാസിമാരെപ്പോലെ രാഷ്ട്രീയമായി ഒരു പക്ഷം പിടിക്കാനും സ്വാമി തയാറായില്ല. യെദിയൂരപ്പ ഇടക്കിടെ ഇവിടെയെത്തി അഭിപ്രായങ്ങളും ഉപദേശങ്ങളും തേടാറുണ്ടെങ്കിലും ബി.ജെ.പിയുമായി സമ്പർക്കം പുലർത്താൻ സ്വാമി തയാറായില്ല. ശിവകുമാര സ്വാമിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി രാഷ്ട്രപതിയായിരിക്കെ എ.പി.ജെ അബ്ദുൾ കലാമും അദ്ദേഹത്തെ സന്ദർശിക്കാനെത്തിയിരുന്നു.
ശിവകുമാര സ്വാമിയുടെ മതേതര നിലപാടുകൾ കർണാടകയിലെ സാമൂഹ്യജീവിതത്തിൽ നിർണായക സ്വാധീനം ചെയലുത്തിയിരുന്നു. അയോധ്യ ക്ഷേത്രം തകർത്ത പശ്ചാത്തലത്തിൽ മുൻ ദൂരദർശൻ ഡയറക്ടറായ ഭാരതാദ്രി സ്വാമിയുമായി നടത്തിയ അഭിമുഖത്തെക്കുറിച്ച് ഓർക്കുന്നു. ലോകത്തിൽ ഒരു മനുഷ്യജീവിക്കും മറ്റൊരു വിഭാഗത്തിന്‍റെ ആരാധനാലയം പൊളിക്കുന്നതിനുള്ള അവകാശമില്ല എന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. സ്വാമിയുടെ മനുഷ്യത്വവും മതേതര ചിന്താഗതിയും എല്ലാവരും മാതൃകയാക്കേണ്ടതാണ് എന്നും ഭാരതാദ്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.