സ്‌ക്രീനിൽ തരംഗമായ ‘ചുവപ്പൻ’ ഫോർഡ് ഐക്കൺ: ബെത്‌ലഹേം കുടുംബ യൂണിറ്റിലെ ആ ഐക്കോണിക് സെഡാൻ ഓർമപ്പെടുത്തുന്നത്...
ഒരാളെങ്കിലും കട്ടക്ക് കൂടെ നിന്നിരുന്നെങ്കിൽ സക്സസ് ആകുമായിരുന്ന എത്രയെത്ര പ്രണയങ്ങളാണ് വിചിത്രവും സ്വാഭാവികവുമായ വിവിധ കാരണങ്ങളാൽ കുഴിച്ചുമൂടപ്പെട്ടിട്ടുള്ളത്. നമ്മളിൽ പലരുടെയും ജീവിതത്തിന്റെ ഏതോ സമയങ്ങളിൽ സന്തോഷം നിറച്ച പലരും ഇപ്പോൾ എവിടെയെന്ന് പോലും അറിയാൻ പറ്റാത്ത വിധം മാറിപ്പോയതായി അനുഭവപ്പെട്ടിട്ടുണ്ടോ? ലൈഫിൽ നിന്നിറങ്ങിപ്പോയ ആദ്യത്തെ ആളുകൾ മാത്രമല്ല, ആദ്യത്തെ വാഹനവും അങ്ങനെ തന്നെയായിരിക്കും. ഇപ്പോൾ കണ്ടാൽ തിരിച്ചറിയാൻ പോലും പറ്റാതായി പോയ ആളുകളെ പോലെ, ജീവനില്ലാത്ത മറ്റു ചില വസ്‌തുക്കളുമുണ്ട് ഈ പ്രപഞ്ചത്തിൽ.
നമ്മളെത്രയൊക്കെ ആഗ്രഹിച്ചാലും കിട്ടാത്ത ചില കാര്യങ്ങളുണ്ട്, ആഗ്രഹിക്കാതിരുന്നിട്ടും വന്നുചേർന്ന സൗഭാഗ്യങ്ങളുമുണ്ടാകാം. ചിലതൊക്കെ, ഓർക്കുമ്പോൾ ചിരി വരികയും ചിലതൊക്കെ സങ്കടങ്ങൾ തരികയും ചെയ്യുന്നവയാണ്. ഓർമകൾ പക പോക്കുന്ന പോലെയാണ് ചില സമയത്ത്. എത്ര മറക്കാൻ ശ്രമിച്ചാലും, എന്താണോ മറക്കാൻ ആഗ്രഹിച്ചത് അതുമാത്രം റിപ്പീറ്റ് മോഡിൽ മൈൻഡിലൂടെ അലഞ്ഞു തിരിഞ്ഞിങ്ങനെ നമ്മളെ ഉറങ്ങാൻ വിടാത്ത ബാധ പോലെ കൊളുത്തി വലിച്ചു കൊണ്ടേയിരിക്കും. ചില സിനിമകളും ചില വസ്തുക്കളും അങ്ങനെയാണ്. കഥാപാത്രങ്ങളേക്കാൾ മനസ്സിൽ നിന്ന് പോകാത്ത ചില വസ്തുക്കൾ എല്ലാ സിനിമയിലുമുണ്ടാകണമെന്നില്ല.
‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ കണ്ട് തിയേറ്ററിൽനിന്ന് ഇറങ്ങുമ്പോൾ നിവിൻ പോളിയുടെ ജസ്റ്റിനെയും മമിതയുടെ ആഷ്‌ലിയെയും ഡവലപ്പ് ചെയ്യുന്ന ചില സീനുകളിൽ ഒരു നിശ്ശബ്ദ സാന്നിധ്യമായി കൂടെയുണ്ടായിരുന്ന ഒരു ചുവന്ന സെഡാനെ വണ്ടിപ്രാന്തൻമാർ മാത്രമല്ല സിനിമ കണ്ടവരെല്ലാം ശ്രദ്ധിച്ചിട്ടുണ്ടാകുമെന്നുറപ്പാണ്.
സിനിമയുടെ തുടക്കവും ഒടുക്കവും മഴയാണ്. മൂഡ് പിടിക്കാൻ മഴക്കുള്ള അത്രയും മികവ് പ്രകൃതിയുടെ മറ്റ് ഭാവങ്ങളായ വെയിലിനോ മഞ്ഞിനോ കാറ്റിനോ ഒന്നും ഇല്ല താനും. നമുക്കേറ്റവും ഇഷ്‌ടമുള്ളവർക്കൊപ്പം യാത്ര ചെയ്യുമ്പോൾ മഴ പെയ്താൽ കിട്ടുന്ന സന്തോഷം ഒന്നു വേറെ തന്നെയാണ്. ഒറ്റപ്പെട്ട് മൂഡോഫ് ആയി ഇരിക്കുമ്പോൾ പ്രൈവറ്റ് ബസിൽ മാത്രം കേൾക്കാൻ പറ്റുന്ന ഗൃഹാതുരത തുളുമ്പുന്ന ഐക്കോണിക്ക് പാട്ടുമിട്ട് കാറിൽ ഒറ്റക്ക് ലക്ഷ്യമില്ലാതെ യാത്ര പോകുമ്പോൾ മഴ പെയ്താലും ഹാപ്പിനെസ് മൂഡിങ്ങനെ അഡ്രിനാലിനിൽ ഫോം ചെയ്ത് സെറ്റായി വരും.
നീണ്ട ബോണറ്റ്... പിന്നിലേക്ക് ചെറുതായി ഉയർന്നുനിൽക്കുന്ന ബൂട്ട്. വലിയ സ്ക്രീനുകളോ ആധുനിക ഡ്രൈവിങ് സഹായ സംവിധാനങ്ങളോ ഒന്നുമില്ല. പക്ഷേ കാറിനെ കാണുമ്പോൾ തന്നെ ഒരു പ്രത്യേക കാലഘട്ടം ഓർമ വരും.
അതാണ് ഫോർഡ് ഐക്കൺ.
ഒരു പഴയ കാറിനെ ബിൽഡപ്പ് ചെയ്യാനാണോ ഇത്രയും വലിയ ഇൻട്രോ വലിച്ചു വാരി എഴുതിയിട്ടിരിക്കുന്നതെന്ന് ആർക്കെങ്കിലും തോന്നിയാൽ അതിനുള്ള ഉത്തരങ്ങളാണ് ഇനിയങ്ങോട്ട് എന്നതിനാൽ സ്കിപ്പ് ചെയ്യാതെ വായിക്കുമെന്ന പ്രതീക്ഷയിൽ തള്ളി മറിക്കുകയാണ്. സിനിമ തുടങ്ങും മുമ്പ് എഴുതി കാണിക്കുന്ന നിയമപരമായ മുന്നറിയിപ്പ് ആരും ശ്രദ്ധിക്കാത്ത പോലെ പലതും ജീവിതത്തിലുണ്ടാകും. ശ്രദ്ധ പിടിച്ചു പറ്റുന്ന ചിലതൊക്കെ സിനിമയിലുമുണ്ടാകും, ജീവിതത്തിലുമുണ്ടാകും.
"യവനകഥയിൽ നിന്നുവന്ന ഇടയകന്യകേ വയന പൂത്ത വഴിയിലെന്തെ വെറുതെ നിൽപ്പു നീ"......ഈ ഗാനത്തിന്റെ രണ്ടോ മൂന്നോ വരികളാണ് സിനിമയിൽ കേൾപ്പിക്കുന്നത്. നായികക്കൊപ്പം കാറിൽ പോകവേ ഈ പാട്ട് പശ്ചാത്തത്തിൽ കേൾക്കുമ്പോൾ തിയേറ്ററിൽ മിക്കവരും റൊമാന്റിക് മൂഡ് പിടിച്ചു വരികയായിരുന്നു. അപ്പോഴേക്കും പാട്ട് നിർത്തുകയും ചെയ്തു. പാട്ടിലെ വരികൾ, ആ കാറിനാണോ കൂടുതൽ മാച്ചാകുന്നതെന്ന് ചിന്തിച്ച ചുരുക്കം ചിലരുമുണ്ടാകും.
KL41 AS 2367 എന്ന ആലുവ രജിസ്ട്രേഷൻ നമ്പറുള്ള പഴയ ചുവപ്പ് കളർ കാർ സിനിമയിൽ നിശബ്ദ സാന്നിധ്യമാണ്. ഈ കാറിന്റെ നമ്പറും വണ്ടി ആലുവ രജിസ്‌ട്രേഷനാണെന്നും എത്ര പേർ സിനിമ കണ്ടു കൊണ്ടിരിക്കവേ ശ്രദ്ധിച്ചിട്ടുണ്ടാകും!
തിയേറ്ററിന്റെ ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്ക് ഇറങ്ങിനടക്കുമ്പോൾ, ജസ്റ്റിൻ സമ്മാനിച്ച ചിരികൾക്കൊപ്പം നിങ്ങളുടെ മനസ്സിൽ ആ ചുവന്ന കാർ കൂടി ബാക്കിയാകുന്നുണ്ടെങ്കിൽ അത് സ്വാഭാവികമാണ്. നിങ്ങളൊരസ്സൽ വണ്ടി പ്രാന്തൻ തന്നെയെന്ന സ്വാഭാവിക അടയാളപ്പെടുത്തലാണത്!
'ബെത്‌ലഹേം കുടുംബ യൂണിറ്റ്' കണ്ടിറങ്ങിയ ഏതൊരു വാഹനപ്രേമിയുടെയും കണ്ണുകൾ ഉറ്റുനോക്കിയത് ആ നീളൻ ബോണറ്റിലേക്കും പിന്നിലേക്ക് ചെറുതായി ഉയർന്നുനിൽക്കുന്ന ബൂട്ടിലേക്കുമാണ്. ഇരുപത്തഞ്ചു വർഷത്തെ കാലപ്പഴക്കത്തെ ഒരു റിവേഴ്‌സ് ഗിയറിലിട്ട് പിന്നിലേക്ക് വലിച്ചുകൊണ്ടുപോയ ഫോർഡ് ഐക്കൺ!
ഡിജിറ്റൽ സ്ക്രീനുകളോ ഡ്രൈവിങ് അസിസ്റ്റ് സംവിധാനങ്ങളോ ഒന്നുമില്ലാത്ത ഒരു കാലം. പക്ഷേ, സ്റ്റിയറിങ് വീലിൽ കൈവെച്ച് ആക്‌സിലറേറ്റർ അമർത്തുമ്പോൾ കാറും ഡ്രൈവറും ഒന്നായിമാറുന്ന ഒരു മാജിക് അന്നുണ്ടായിരുന്നു.
തൊണ്ണൂറുകളുടെ ഒടുവിൽ, 1999ൽ നവംബറിന്റെ തണുപ്പുള്ള ഒരു ദിവസമാണ് ഇന്ത്യയിലെ കാർ പ്രേമികളുടെ നെഞ്ചിടിപ്പ് കൂട്ടി ഫോർഡ് ഐക്കൺ എത്തുന്നത്. 'ദി ജോഷ് മെഷീൻ' എന്ന ഒറ്റപ്പേരിൽ കമ്പനി അവതരിപ്പിച്ച ഈ സുന്ദര മെഷീൻ വെറുമൊരു ഇറക്കുമതി കാറായിരുന്നില്ല. ഇന്ത്യൻ റോഡുകളുടെ കല്ലും കുഴിയും തൊട്ടറിഞ്ഞ്, ഇവിടുത്തെ ഡ്രൈവിങ്ങ് ഭ്രാന്തന്മാർക്കായി ചെന്നൈയിലെ ഫാക്ടറിയിൽ പ്രത്യേകമായി പണിതുയർത്തിയ ഒരൊന്നൊന്നര യന്ത്രം!
തൊട്ടടുത്ത വർഷം 1.6 ലീറ്റർ റോ കാം എൻജിനുമായി 92 കുതിരശക്തിയുടെ കരുത്തിൽ അത് നിരത്തിലിറങ്ങി. ക്ലച്ചിൽനിന്ന് കാലെടുത്ത് ആക്‌സിലറേറ്റർ കൊടുക്കുമ്പോൾ ബാക്ക് സീറ്റിലേക്ക് തലയിടിച്ചുപോകുന്ന ആ ഒരൊറ്റ റോ പവർ-അതായിരുന്നു ഐക്കൺ നൽകിയ 'ജോഷ്'.
കാലം മാറി. വിപണിയിൽ അത്യാധുനിക സൗകര്യങ്ങളുള്ള നൂറുകണക്കിന് പുതിയ കാറുകൾ വന്നു. 2011-ൽ ഉൽപ്പാദനം അവസാനിപ്പിച്ച് ഐക്കൺ ഔദ്യോഗികമായി പടികയറുകയും ചെയ്തു. എങ്കിലും സ്ക്രീനിൽ ആ ചുവന്ന ഐക്കൺ വീണ്ടും ഇരമ്പിപ്പാഞ്ഞപ്പോൾ വാഹനപ്രേമികൾ കണ്ണെടുക്കാതെ നോക്കിയിരുന്നത് അതുകൊണ്ടാണ്. കാരണം അത് വെറുമൊരു പഴയ കാറല്ല, എൻജിൻ ശബ്ദത്തിലും മെക്കാനിക്കൽ ഫീലിലും പ്രണയം കണ്ടെത്തിയ ഒരു തലമുറയുടെ ആവേശമാണ്!
ജസ്റ്റിനെ അറിയാം കാറിലൂടെ
ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ൽ നിവിൻ പോളി അവതരിപ്പിക്കുന്ന ജസ്റ്റിന്റെ ചുവന്ന ഫോർഡ് ഐക്കൺ വെറുമൊരു കാർ മാത്രമല്ല. ജസ്റ്റിന്റെ വ്യക്തിത്വത്തിന്റെ ഭാഗമായാണ് കാർ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. കാർ ഓടിക്കുന്ന രംഗങ്ങളിലും അത് കഥാപാത്രത്തിന്റെ ജീവിതത്തിൽ വർഷങ്ങളായി ഉണ്ടായിരുന്ന ഒന്നെന്ന സ്വാഭാവികത നിലനിർത്തുന്നുണ്ട്.
എന്തുകൊണ്ടാണ് 25 വർഷം മുമ്പ് നിരത്തിലെത്തിയ ഒരു ഫോർഡ് ഐക്കൺ ഇന്നും ശ്രദ്ധ നേടുന്നത്?
‘ജോഷ് മെഷീൻ’ എന്ന പേര് വെറുതെ കിട്ടിയതല്ല. ചെന്നൈയിലെ മാരൈമലൈ നഗർ പ്ലാന്റിലായിരുന്നു നിർമാണം.
അന്നത്തെ കാലത്ത് സെഡാൻ എന്നുപറഞ്ഞാൽ കുടുംബത്തിന് സുഖമായി സഞ്ചരിക്കാനുള്ള ഒരു വാഹനം എന്നതായിരുന്നു പ്രധാന പരിഗണന. എന്നാൽ ഐക്കൺ ആ പതിവ് ധാരണയിൽ നിന്ന് കുറച്ചൊന്ന് മാറിനിന്നു.
സ്പോർട്ടി ഡിസൈൻ, നീളമുള്ള ബോണറ്റ്, ഡ്രൈവറോട് ചേർന്നുനിൽക്കുന്ന കോക്ക്പിറ്റ്, ശക്തമായ എൻജിൻ, മികച്ച ഹാൻഡ്ലിങ്ങ്-ഇവയായിരുന്നു ഐക്കണിന്റെ മുഖമുദ്ര.
അതിനൊപ്പം വന്ന പേരാണ്…
‘ദി ജോഷ് മെഷീൻ’!
സ്റ്റിയറിങ് തിരിക്കുമ്പോൾ കിട്ടുന്ന പ്രതികരണം, ആക്സിലറേറ്റർ അമർത്തുമ്പോഴുള്ള പിക്കപ്പ്, വളവുകളിൽ കാർ നൽകുന്ന ആത്മവിശ്വാസം-ഇവയൊക്കെയാണ് ഐക്കണിനെ അക്കാലത്തെ സാധാരണ ഫാമിലി സെഡാനുകളിൽ നിന്ന് വേറിട്ടുനിർത്തിയത്.
ശരിക്കും ഐക്കൺ ഒരു ഹിറ്റ് കാർ ആയിരുന്നോ?
2001-ൽ ഫോർഡ് ഇന്ത്യ ആഭ്യന്തര വിപണിയിൽ ഏകദേശം 15,000 ഐക്കണുകൾ വിറ്റു. അതേ വർഷം കയറ്റുമതിയും ഏകദേശം 28,000 യൂണിറ്റായിരുന്നു.
2003-ൽ ഐക്കൺ NXT എത്തി. പുതിയ രൂപഭാവത്തിനൊപ്പം പുതിയ എൻജിൻ ഓപ്ഷനുകളും ലഭിച്ചു. ഐക്കണിന്റെ ജനപ്രീതി അതോടെ അവസാനിച്ചില്ല. 2004-ൽ മാത്രം 24,536 യൂണിറ്റുകൾ വിറ്റതായി അന്നത്തെ റിപ്പോർട്ടുകൾ പറയുന്നു. 1999-ലെ അരങ്ങേറ്റത്തിന് ശേഷമുള്ള ഏറ്റവും മികച്ച വാർഷിക വിൽപ്പനയായിരുന്നു അത്.
പിന്നീട് 2011-ൽ ഉൽപാദനം അവസാനിപ്പിക്കുന്ന സമയത്ത് ഇന്ത്യയിൽ ഒരു ലക്ഷത്തിലേറെ ഐക്കണുകൾ നിരത്തിലുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. മറ്റൊരു ബിസിനസ് റിപ്പോർട്ടിൽ 12 വർഷത്തെ യാത്രയിൽ ഏകദേശം 1.34 ലക്ഷം യൂണിറ്റുകൾ വിറ്റതായി രേഖപ്പെടുത്തുന്നു.
അതുകൊണ്ട് ‘ഐക്കൺ’ എന്ന പേര് വെറും പരസ്യത്തിലെ വാക്കായിരുന്നില്ല.
ഇന്ത്യൻ വിപണിയിൽ ഫോർഡിന്റെ ശ്രദ്ധേയമായ വിജയമോഡലുകളിലൊന്നായിരുന്നു അത്.
ഫീച്ചറുകൾ കുറവ്… ഡ്രൈവിങ് ഫീൽ കൂടുതൽ
ഇന്നത്തെ കാറുകളിൽ ടച്ച്‌സ്‌ക്രീൻ, കണക്റ്റഡ് കാർ ടെക്നോളജി, ക്യാമറ, സെൻസറുകൾ, അഡാസ് തുടങ്ങിയവയെല്ലാം വലിയ ആകർഷണങ്ങളാണ്.
ഐക്കണിന്റെ കാലത്ത് ഇതൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ ഡ്രൈവിങ് ഇഷ്ടമുള്ളവർക്ക് മറ്റൊരു കാര്യമുണ്ടായിരുന്നു.
കാറുമായി ഡ്രൈവർക്കുണ്ടാകുന്ന ‘ഫീൽ’.
ആദ്യകാല ഫോർഡ് ഐക്കണിൽ 1.3 ലിറ്റർ എൻഡ്യുറ പെട്രോൾ, 1.8 ലിറ്റർ ഡീസൽ എൻജിനുകളാണ് ഉണ്ടായിരുന്നത്. തുടർന്ന് 2000-ൽ 1.6 ലിറ്റർ ROCAM പെട്രോൾ എൻജിൻ അവതരിപ്പിച്ചു. ഏകദേശം 91 ബി.എച്ച്.പി കരുത്തും 131 എൻ.എം ടോർക്കും നൽകിയിരുന്ന ഈ എൻജിനാണ് ഐക്കണിന്റെ പ്രശസ്തമായ ഡ്രൈവിങ് സ്വഭാവത്തിനും സ്പോർട്ടി പ്രകടനത്തിനും വലിയ പങ്കുവഹിച്ചത്. പിന്നീട് ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളിൽ 1.4 ലിറ്റർ TDCi ഡീസൽ എൻജിൻ ഓപ്ഷനും ലഭ്യമാക്കി.
ആദ്യഘട്ടത്തിൽ 1.8 ലിറ്റർ ഡീസൽ ലഭിച്ചപ്പോൾ, പിന്നീട് 1.4 ലിറ്റർ ഡ്യൂറാ ടോർഖ് TDCi പോലുള്ള ഡീസൽ പതിപ്പുകളും ശ്രേണിയിലെത്തി. 1.4 TDCi പതിപ്പിന് 68 ബി.എച്ച്.പി കരുത്തും 160 എൻ.എം ടോർക്കുമായിരുന്നു.
അതായത് ഒരേ പേരിൽ വന്നെങ്കിലും വർഷങ്ങൾക്കിടെ ഐക്കൺ പല എൻജിനുകളിലൂടെയും പല രൂപങ്ങളിലൂടെയും സഞ്ചരിച്ചു.
എസ്റ്റീമിനും ആക്സന്റിനുമിടയിൽ വേറിട്ടൊരു വഴിയായിരുന്നു ഐക്കണിന്റേത്. ഒറ്റക്ക് വഴി വെട്ടി വന്നവനെ കുറ്റം പറയുന്നോടാ എന്ന നിവിൻ പോളിയുടെ തന്നെ വിഖ്യാത ഡയലോഗ് കടമെടുത്താൽ ഐക്കണിൻ്റെ കാര്യത്തിൽ ഒരു ത്രിൽ എലമെൻ്റ് കിട്ടും.
1990കളുടെ അവസാനവും 2000 ത്തിൻ്റെ തുടക്കവും ഇന്ത്യൻ കാർ വിപണിയിൽ വലിയ മാറ്റങ്ങളുടെ കാലമായിരുന്നു.
മാരുതി എസ്റ്റീം, ഹ്യുണ്ടായ് ആക്സന്റ്, ഹോണ്ട സിറ്റി, മിത്സുബിഷി ലാൻസർ തുടങ്ങിയ മോഡലുകൾ മിഡ്-സൈസ് സെഡാൻ വിപണിയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന കാലം. അവിടെ ഐക്കൺ പറഞ്ഞത് മറ്റൊരു കഥയായിരുന്നു.
സിനിമയിലെ ജസ്റ്റിനും ഐക്കണും തമ്മിൽ ഇത്ര ചേരുന്നതെന്തുകൊണ്ട്?
‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഈ കാറിന് നൽകുന്ന ഏറ്റവും രസകരമായ മൊമൻ്റ് ഓർമകളിലേക്കുള്ള പലരുടെയും തിരിച്ചുപോക്ക് കൂടിയാണ്.
ജസ്റ്റിൻ ഇന്നത്തെ കാലത്തെ ഒരു സാധാരണ യുവാവിനെ പോലെ കാർ ഓടിക്കാൻ ഭയങ്കര ഇഷ്ടമുള്ള കഥാപാത്രമൊന്നുമല്ല. പഴയ പാട്ടുകളോടും ഇലക്ട്രോണിക് ഉപകരണങ്ങളോടും താൽപര്യമുള്ള, സ്വന്തം രീതിയിൽ ജീവിക്കുന്ന ഒരു നാട്ടിൻപുറത്തെ ‘ചേട്ടൻ’ സ്വഭാവമാണ് അവിവാഹിതനായി പുര നിറഞ്ഞുനിൽക്കുന്ന ആ കഥാപാത്രത്തിന്. പുറമേ നിന്ന് നോക്കുന്നവർക്ക് ആ കാറും അങ്ങനെയാണ് തോന്നൂ. കണ്ടം ചെയ്യാറായ ശകടവുമായി നടക്കുന്ന ഒരു അലസൻ. അതുകൊണ്ടുതന്നെ അയാളുടെ കാറായി ഒരു പുതിയ തലമുറ സെഡാൻ വരുന്നതിനേക്കാൾ ഫോർഡ് ഐക്കൺ വരുമ്പോൾ കഥാപാത്രത്തിന് ഒരു പഴയകാല നിറം കൂടി കിട്ടുന്നു.
അതെ, ഫോർഡ് ഐക്കൺ ഒരു സെഡാനാണെങ്കിലും ഒരു അലസ ലുക്ക് അതിൻ്റെ പ്രത്യേകതയായിരുന്നു. സെഡാനുകൾ പൊതുവേ മാന്യൻമാരായ മികച്ച പ്രൊഫഷനിലുള്ള വിഭാഗത്തിൻ്റെ കുത്തകയായിരുന്നു താനും അക്കാലത്ത്. അതിനിടയിലേക്കാണ് അലസമായ റഫ് ആൻഡ് ടഫ് പരുക്കൻ ലുക്കിൽ ഐക്കണെ ഇന്ത്യയിലെ പരുപരുത്ത പാതകളിലേക്ക് മേയാനായി ഫോർഡ് അഴിച്ചുവിടുന്നത്.
ഉൽപാദനം നിർത്തി; പക്ഷേ ‘ഐക്കൺ’ ആയിത്തന്നെ തുടർന്നു
12 വർഷത്തിലേറെ ഇന്ത്യൻ നിരത്തുകളിൽ സജീവമായിരുന്ന ഫോർഡ് ഐക്കണിന്റെ ഉൽപ്പാദനം 2011-ൽ അവസാനിച്ചതോടെ കഥ തീർന്നില്ല. ഇന്നും നല്ല നിലയിൽ സൂക്ഷിച്ചിരിക്കുന്ന ഐക്കണുകൾ നിരത്തുകളിൽ കാണാം. ഒരാളുടെ ജീവിതത്തിലെ ഒരു കാലഘട്ടവുമായി ചേർന്നുപോയ കാറുകളിലൊന്ന്.
ഒരുകാലത്ത് ഇന്ത്യൻ റോഡുകളിൽ ‘ജോഷോടെ’ ഓടിയിരുന്ന ആ കാർ, ഇന്ന് ജസ്റ്റിന്റെ ഡ്രൈവിങ്ങിലൂടെ വീണ്ടും പ്രേക്ഷകരുടെ ഓർമകളിലേക്ക് കയറിവരുന്നു. ഇന്ത്യൻ
വിപണിയിൽ നിന്ന് ഐക്കണും നിർമാതാക്കളായ ഫോർഡും പിൻവാങ്ങിയിട്ട് വർഷങ്ങളായി. പക്ഷേ ചില കാറുകൾക്ക് റോഡിൽനിന്ന് പോയാലും ഓർമകളിൽ നിന്ന് പോകാൻ കഴിയില്ല.
അതാണ് ഒരുപക്ഷേ ഒരു കാറിന് ലഭിക്കാവുന്ന ഏറ്റവും വലിയ ‘ഹിറ്റ്’. സിനിമ ഹിറ്റായതിനൊപ്പം കാറും മനസ്സിൽ നിന്ന് മായാത്തവർക്ക് നൊക്ലാൾജിയ അടിച്ച് ഡിപ്രഷൻ ഒന്നും വരില്ലെന്ന് കരുതാം.
ഒരു നല്ല കുടുംബം ഒരു നല്ല തോട്ടം പോലെയാണ്.
വൃത്തിയായി പരിപാലിച്ചാൽ, അവിടെ പലതരം പൂക്കൾ വിരിയും. ഓരോ പൂവിനും അതിന്റേതായ നിറവും മണവുമുണ്ടാകും. അവയെല്ലാം അവരുടേതായ രീതിയിൽ വളരുന്നത് വെറുതെ നോക്കിനിൽക്കാൻ തന്നെ ഒരു പ്രത്യേക സന്തോഷമാണ്. നന്നായി സൂക്ഷിക്കുന്ന കാറും അതുപോലെയാണ്.
'കഥാന്ത്യത്തില്‍ കലങ്ങി തെളിയണം, നായകന്‍ വില്ലൊടിക്കണം, കണ്ണീരു നീങ്ങി കളിചിരിയിലാവണം ശുഭം.. കയ്യടി പുറകെ വരണം, എന്തിനാണ് ഹേ ഒരു ചോദ്യമോ ദു:ഖമോ ബാക്കിവെക്കുന്നത്. തിരശീലയില്‍ നമുക്കീ കണ്‍കെട്ടും കാര്‍ണിവലും മതി'. മനസില്‍ കൊണ്ടുനടന്നിരുന്ന സമാന്തര സിനിമയുടെ സങ്കല്‍പ്പത്തില്‍ നിന്ന് മാറിച്ചിന്തിക്കാന്‍ തീരുമാനിച്ചപ്പോള്‍ സച്ചിയെന്ന ഹിറ്റ് സംവിധായകൻ കുറിച്ചിട്ട വാക്കുകളാണിത്. ബെതലഹേം കുടുംബ യൂണിറ്റും ഹാപ്പി എൻഡിങ്ങാണ്. നായകൻ്റെ എനർജിയും മികവും അലസഭാവവും പ്രകടമാക്കുന്നതിൽ നിർണായക റോളിൽ ഐക്കൺ കാറും സിനിമയിൽ നിശബ്‌ദമായി അഭിനയിക്കുകയാണ്. ഒരാളുടെ കാറും അതോടിക്കുന്ന രീതിയും പരിപാലിക്കുന്നതും കണ്ടാൽ അയാളെക്കുറിച്ച് ഏകദേശ ധാരണയുണ്ടാക്കാൻ കഴിയുമെന്നത് വെറുതെ പറയുന്നതല്ല.
നിരാശയെ മറികടക്കുന്ന ബെത്‌ലഹേമിലെ കാർ: ഇന്ത്യയ്ക്കായി പിറന്ന ‘ജോഷ് മെഷീൻ’!
കഥ തുടങ്ങുന്നത് ഒരു പരാജയത്തിൽ നിന്നാണ്.
1996-ൽ വലിയ പ്രതീക്ഷകളോടെ ഫോർഡ് ഇന്ത്യയിൽ അവതരിപ്പിച്ച എസ്കോർട്ട് പ്രതീക്ഷിച്ച വിജയം നേടിയില്ല. ബെത്‌ലഹേം കുടുംബ യൂണിറ്റിലെ നായകൻ ജസ്റ്റിനും ജീവിതത്തിലെ ചില സമയത്ത് നിരാശയും ഡിപ്രഷനും അനുഭവിച്ചയാളാണ്, തോറ്റയാളാണ് ! കാറിൻ്റെ കാര്യത്തിലേക്ക് വന്നാൽ
വിദേശ വിപണിയിൽ വിജയിച്ച ഒരു മോഡൽ അതേ രീതിയിൽ ഇന്ത്യയിലെത്തിച്ചാൽ മാത്രം ഇന്ത്യൻ വിപണി കീഴടക്കാനാകില്ലെന്ന് ഫോർഡിന് ബോധ്യപ്പെട്ട കാലമായിരുന്നു അത്.
ഇന്ത്യക്കാർക്ക് വേണ്ടി, ഇന്ത്യയിൽ തന്നെ ഒരു പുതിയ കാർ വികസിപ്പിക്കാം എന്ന തീരുമാനത്തിലേക്ക് ഫോർഡ് എത്തുന്നത് അങ്ങനെയാണ്. അതിനായി തുടങ്ങിയ പദ്ധതിക്ക് നൽകിയ കോഡ് നാമമായിരുന്നു C195.
യൂറോപ്പിൽ ശ്രദ്ധ നേടിയിരുന്ന ഫിയസ്റ്റയുടെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ കാർ വികസിപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ ഇന്ത്യക്കാരുടെ സെഡാൻ പ്രണയം മനസ്സിലാക്കിയ എൻജിനീയർമാർ ഒരു ഹാച്ച്ബാക്കിൽ ചെറിയൊരു ബൂട്ട് ചേർത്തതിൽ ഒതുങ്ങിയില്ല. കാറിന്റെ പിൻഭാഗം ഉൾപ്പെടെ കാര്യമായി പുനർരൂപകൽപ്പന ചെയ്ത് ഒരു പുതിയ സെഡാൻ തന്നെ രൂപപ്പെടുത്തി.
അങ്ങനെയാണ് ഫോർഡ് ഐക്കൺ പിറക്കുന്നത്. പക്ഷേ ഐക്കണിന്റെ വികസനത്തിനിടെ അധികമാരും അറിയാത്ത മറ്റൊരു പരീക്ഷണവും നടന്നിരുന്നു.
ഐക്കണിനെ അടിസ്ഥാനമാക്കി ഏഴ് സീറ്റർ സ്റ്റേഷൻ വാഗൺ രൂപപ്പെടുത്താനുള്ള പദ്ധതിയും ഫോർഡിനുണ്ടായിരുന്നു. ഒരു പ്രോട്ടോടൈപ്പ് വരെ തയ്യാറാക്കിയെങ്കിലും, ഡിസൈനിന്റെയും ആന്തരിക സൗകര്യങ്ങളുടെയും കാര്യത്തിൽ ആവശ്യമായ രീതിയിൽ പദ്ധതി വിജയിച്ചില്ല. ഒടുവിൽ ആ മോഡൽ നിരത്തിലിറക്കേണ്ടതില്ലെന്ന് ഫോർഡ് തീരുമാനിച്ചു.
അങ്ങനെ, ആ ഏഴ് സീറ്റർ ഐക്കൺ ചരിത്രത്തിലെത്താതെ പോയപ്പോൾ, സെഡാൻ പതിപ്പ് മുന്നോട്ട് നീങ്ങി. 1999 നവംബറിൽ ഫോർഡ് ഐക്കൺ ഇന്ത്യൻ വിപണിയിലെത്തി.
പിന്നീട് 1.6 ലിറ്റർ എൻജിൻ എത്തിയതോടെ ഐക്കണിന്റെ സ്വഭാവം തന്നെ വേറെയായി. അതുകൊണ്ടുതന്നെ ഫോർഡ് അതിനെ ‘ദ ജോഷ് മെഷീൻ’ എന്ന പേരിൽ വിപണനം ചെയ്തു.
അക്കാലത്ത് ഒരു കുടുംബ സെഡാനിൽ നിന്ന് പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ഡ്രൈവിങ് ആവേശം നൽകുന്ന കാറായിരുന്നു ഐക്കൺ.
പക്ഷേ കഥയിലെ ഏറ്റവും രസകരമായ ഭാഗം ഇതല്ല.
സാധാരണയായി വിദേശത്തുനിന്നുള്ള കാറുകൾ ഇന്ത്യയിലേക്ക് എത്തുന്ന കാലത്ത്, ഇന്ത്യയിൽ വികസിപ്പിച്ച് നിർമിച്ച ഐക്കൺ പിന്നീട് ഇന്ത്യയ്ക്ക് പുറത്തേക്കും യാത്രയായി.
ദക്ഷിണാഫ്രിക്ക, മെക്സിക്കോ തുടങ്ങിയ വിപണികളിലേക്ക് ഇന്ത്യയിൽ നിർമ്മിച്ച ഐക്കണുകൾ കയറ്റുമതി ചെയ്തു. ഇന്ത്യയിൽ നിർമ്മിച്ച ഒരു പാസഞ്ചർ കാറിന് ആ കാലഘട്ടത്തിൽ തന്നെ ലഭിച്ച വലിയ അന്താരാഷ്ട്ര അംഗീകാരമായിരുന്നു അത്.
കാറുകളിൽ സാങ്കേതികവിദ്യകൾ നിറച്ച് മത്സരിക്കുന്ന, ഡ്രൈവിങ്ങിനേക്കാൾ ഫീച്ചർ സംവിധാനങ്ങൾ പലപ്പോഴും ചർച്ചയാകുന്ന കാലത്തിരുന്ന് ഫോർഡ് ഐക്കണെ ഓർക്കുമ്പോൾ മെക്കാനിക്കൽ ഫീലും ഡ്രൈവിങ് അനുഭവവും അല്ലാതെ യാതൊന്നും അതിലില്ല!.
ഇന്ന് സാധാരണയായി തോന്നുന്ന പല സൗകര്യങ്ങളും അന്ന് ഒരു കാറിന്റെ പ്രീമിയം സ്വഭാവം വ്യക്തമാക്കുന്നവയായിരുന്നു. ഐക്കണിന്റെ ഉയർന്ന വേരിയന്റുകളിൽ ലഭിച്ചിരുന്ന ചില സൗകര്യങ്ങൾ വാഹനപ്രേമികളെ ഏറെ ആകർഷിച്ചവയാണ്.
ഉയർന്ന വേരിയന്റുകളിൽ നാല് ഡോറിലും ഇലക്ട്രിക് പവർ വിൻഡോകൾ ലഭിച്ചിരുന്നു. ഐക്കണിന്റെ എയർ കണ്ടീഷനിങ്ങ് സംവിധാനവും അക്കാലത്ത് ഗംഭീരമായിരുന്നു. പിന്നിലെ യാത്രക്കാർക്കും മികച്ച രീതിയിൽ തണുപ്പ് ലഭിക്കുന്നത്ര ശക്തമായിരുന്നു ഇതിലെ എസി.
അന്നത്തെ കാലത്ത് കാസറ്റ് പ്ലെയറും സ്പീക്കറുകളും ഉൾപ്പെടുന്ന കമ്പനി ഫിറ്റഡ് ഓഡിയോ സംവിധാനം വലിയ ആകർഷണമായിരുന്നു. ഇന്നത്തെ ടച്ച്‌സ്‌ക്രീൻ സംവിധാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ലളിതമാണെങ്കിലും, അന്ന് കാറിനുള്ളിലെ സംഗീതാനുഭവത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നു.
ഉയർന്ന വേരിയന്റുകളിൽ സെൻട്രൽ ലോക്കിങ്ങ് സംവിധാനവും ലഭിച്ചിരുന്നു. യൂറോപ്യൻ ഡിസൈൻ സ്വഭാവമുള്ള മുൻഭാഗം, നീളമുള്ള ബോണറ്റ്, വ്യത്യസ്തമായ ഹെഡ്‌ലാമ്പ് ഡിസൈൻ, ചരിഞ്ഞ സി-പില്ലർ, ഉയർന്ന ബൂട്ട് എന്നിവ ചേർന്ന് ഐക്കണിന് സ്പോർട്ടി സ്വഭാവം നൽകി.
പ്രായോഗികതയുടെ കാര്യത്തിലും ഐക്കൺ പിന്നിലായിരുന്നില്ല. ഏകദേശം 400 ലീറ്റർ ബൂട്ട് സ്പേസ് ലഭിച്ചതിനാൽ കുടുംബ യാത്രകൾക്കും ദീർഘദൂര യാത്രകൾക്കും ആവശ്യമായ ലഗേജ് കൊണ്ടുപോകാൻ സാധിച്ചിരുന്നു.
ഹെൻറി ഫോർഡിന്റെ മാസ്റ്റർപ്ലാൻ എന്തായിരുന്നു?
പല രാജ്യങ്ങളിലും വളരെ സ്വാഭാവികമായി ആഘോഷിക്കുന്ന വാരാന്ത്യങ്ങൾക്ക് പിന്നിൽ കാറുകളുടെ ചരിത്രത്തിനും വലിയൊരു പങ്കുണ്ടെന്ന കാര്യം എത്ര പേർക്കറിയാം?
ശനിയാഴ്ചയും ഞായറാഴ്ചയും അവധി…ഒരു ചെറിയ റോഡ് ട്രിപ്പ്…
കുടുംബത്തോടൊപ്പമുള്ള യാത്ര…
ഇതൊക്കെ ഇന്ന് ജീവിതത്തിന്റെ ഭാഗമാണ്. പക്ഷേ, ആഴ്ചയിൽ രണ്ട് ദിവസം അവധി കിട്ടുന്ന ജീവിതരീതിയെ ജനകീയമാക്കുന്നതിൽ ഒരു കാർ കമ്പനിക്ക് വലിയ പങ്കുണ്ടായിരുന്നു.
അത് ഫോർഡ് ആയിരുന്നു. കണ്ണ് തള്ളേണ്ട ! ഞായറാഴ്ച അവധി ഹെൻറി ഫോർഡ് കൊണ്ടുവന്നതല്ല.
പത്തൊൻപതാം നൂറ്റാണ്ടിലെ വ്യവസായവൽക്കരണ കാലത്ത് തൊഴിലാളികൾക്ക് വളരെ നീണ്ട ജോലി സമയമായിരുന്നു. ആഴ്ചയിൽ ഒരു ദിവസം വിശ്രമം വേണമെന്ന ആവശ്യം ലോകത്തിന്റെ പല ഭാഗങ്ങളിലും തൊഴിലാളി പ്രസ്ഥാനങ്ങൾ ശക്തമായി ഉന്നയിച്ചു.
ഇന്ത്യയിലും ഇതിന് പിന്നിൽ ശക്തമായ തൊഴിലാളി പോരാട്ടമുണ്ടായിരുന്നു.
മുംബൈയിലെ മിൽ തൊഴിലാളികളുടെ അവകാശങ്ങൾക്കായി പോരാടിയ നാരായൺ മേഘാജി ലോകാണ്ഡെ ആഴ്ചയിൽ ഒരു ദിവസം പൂർണ അവധി വേണമെന്ന ആവശ്യം ശക്തമായി മുന്നോട്ടുവച്ചു. 1890 ജൂൺ 10-ന് മുംബൈയിലെ മിൽ തൊഴിലാളികൾക്ക് ഞായറാഴ്ച അവധി നൽകാനുള്ള തീരുമാനം ഉണ്ടായത് ഈ പോരാട്ടത്തിന്റെ പ്രധാന വിജയങ്ങളിലൊന്നായിരുന്നു.
പക്ഷേ ശനിയാഴ്ച കൂടി ചേർത്ത് രണ്ട് ദിവസത്തെ വാരാന്ത്യം ജനകീയമാക്കിയതിൽ ഹെൻറി ഫോർഡിനും ചെറിയ തോതിൽ പങ്കുണ്ടെന്ന് പറയാം. അമേരിക്കയിലെ
ഫോർഡ് മോട്ടോർ കമ്പനിയുടെ ഫാക്ടറികളിൽ അന്ന് ഒരു വലിയ മാറ്റം നടന്നു. തൊഴിലാളികൾക്ക് ഇനി ആഴ്ചയിൽ അഞ്ച് ദിവസം മാത്രം ജോലി. ദിവസവും എട്ട് മണിക്കൂർ. ആകെ 40 മണിക്കൂർ.
ശനിയാഴ്ചയും ഞായറാഴ്ചയും അവധി.
മേയ് 1, 1926 മുതൽ ഫാക്ടറി തൊഴിലാളികൾക്കായി ഈ രീതി ഫോർഡ് നടപ്പാക്കി. പിന്നീട് ഓഫീസ് ജീവനക്കാർക്കും ഇത് ബാധകമാക്കി. അന്നത്തെ വ്യവസായ ലോകത്ത് ഇത് ചെറിയൊരു മാറ്റമായിരുന്നില്ല.
പക്ഷേ ഹെൻറി ഫോർഡിന്റെ ചിന്തയിൽ ഇത് തൊഴിലാളികളുടെ ക്ഷേമം മാത്രം ലക്ഷ്യമിട്ട തീരുമാനമായിരുന്നില്ല.
അവിടെ ഒരു ബിസിനസ് കണക്കുകൂട്ടലും ഉണ്ടായിരുന്നു.
ആളുകൾക്ക് പണം മാത്രം ഉണ്ടായാൽ പോരാ. അത് ചെലവഴിക്കാൻ സമയവും വേണം.
ആളുകൾ ആഴ്ചയിൽ ആറോ ഏഴോ ദിവസം ജോലിയിൽ കുടുങ്ങിക്കിടക്കുകയാണെങ്കിൽ, അവർക്കെങ്ങനെ യാത്ര ചെയ്യാൻ സമയം കിട്ടും? തൊഴിലാളികൾക്ക് കാറുകൾ വാങ്ങാനുള്ള ശേഷി വർധിപ്പിക്കുന്നതിന് പ്രേരിപ്പിക്കുന്ന തന്ത്രം കൂടിയായി ഈ ചോദ്യം മാറി.
തൊഴിലാളി പ്രസ്ഥാനങ്ങൾ, യൂണിയനുകൾ, മറ്റ് വ്യവസായ സ്ഥാപനങ്ങൾ, സാമൂഹിക മാറ്റങ്ങൾ എന്നിവയെല്ലാം ചേർന്നാണ് ഇന്നത്തെ തൊഴിൽക്രമം രൂപപ്പെട്ടത്.
എന്നാൽ 1926-ൽ ഫോർഡ് പോലെയുള്ള ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യവസായ സ്ഥാപനങ്ങളിലൊന്ന് 5-ദിവസം, 40-മണിക്കൂർ ജോലി നടപ്പാക്കിയതോടെ ഈ മാതൃകക്ക് വലിയ പ്രചാരം ലഭിക്കുകയുണ്ടായി.
സിനിമയിലേക്ക് തിരിച്ചു വരാം
പ്രണയിനിയും കൂട്ടുകാരുമായി യാത്ര ആസ്വദിക്കവേ, മലയോര പാതയിലൂടെ പായുന്ന ആ ചുവന്ന ഫോർഡ് ഐക്കൺ കാറിൽ നിന്ന് ഒഴുകിയെത്തുന്ന "യവന കഥയിൽ നിന്നും വന്ന ഇടയകന്യകേ..." കേവലം മൂന്ന് വരികൾക്കുശേഷം മുറിഞ്ഞുപോയി. തിയേറ്ററിലെ പ്രേക്ഷകരെപ്പോലെ കാറിലുള്ള ചിലരും നിരാശരായി. 1995-ൽ റിലീസ് ചെയ്യാതെ പോയ ‘അന്ന’ എന്ന ചിത്രത്തിനായി ഔസേപ്പച്ചൻ ഒരുക്കിയ ഗാനം, വർഷങ്ങൾക്കുശേഷം ഫോർഡ് ഐക്കണിലൂടെ വീണ്ടും ജനശ്രദ്ധ നേടിയതും കൗതുകകരമായൊരു ചരിത്രമാണ്.
ഏതെങ്കിലുമൊരു ഹിൽ സ്റ്റേഷനിലേക്ക് കാർ ഓടിച്ചു പോകവേ മിതമായ വോള്യത്തിൽ ആ പാട്ടൊന്ന് പ്ലേ ചെയ്തു നോക്കൂ, താഴ്‌വര മുഴുവൻ ആ യവനകഥ മുഴങ്ങി കേൾക്കുന്ന പോലെ ഫീൽ ചെയ്യും- ഓർമകൾ തിരമാലപോലെ ആർത്തിരമ്പും. തിയേറ്ററിൽ അപൂർണ്ണമായി പോയ ആ പാട്ടനുഭവം മനസ്സിലെവിടെയോ ഓർമകളുടെ അടിവേരിലിട്ട് കൊളുത്തി വലിയുന്നത് അന്നേരം അറിയാൻ പറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.