കാനഡയിൽ നിന്ന് കാർ ഇറക്കുമതിക്ക് 50 ശതമാനം തീരുവ; ടൊയോട്ടക്കും ഹോണ്ടക്കും തിരിച്ചടി

കാനഡയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 50 ശതമാനം തീരുവ ചുമത്താനുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം വലിയ പ്രതിസന്ധിയാകുന്നത് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടക്കും ഹോണ്ടക്കുമാണ്. കാനഡയിൽ നിർമിക്കുന്ന കാറുകളിൽ മുക്കാൽ ഭാഗവും ഈ രണ്ട് കമ്പനികളുടേതാണ്. നിർദിഷ്ട തീരുവ വരുന്ന ജനുവരി 1-ന് നിലവിൽ വന്നാൽ ഈ കമ്പനികൾക്ക് കാനഡയിലെ തങ്ങളുടെ ചില ഉൽപാദന യൂണിറ്റുകൾ താൽക്കാലികമായി നിർത്തേണ്ടി വന്നേക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

ആഗോള ഓട്ടോമൊബൈൽ വിപണിയിൽ ചൈനീസ് ഇലക്ട്രിക് വാഹങ്ങളുടെ കടുത്ത മത്സരത്തെ നേരിടുന്നതിനിടയിലാണ് ടൊയോട്ടക്കും ഹോണ്ടക്കും ഈ കനത്ത തിരിച്ചടി. ചൈനീസ് ബ്രാൻഡുകൾക്ക് പ്രവേശനമില്ലാത്ത യു.എസ് വിപണിയാണ് നിലവിൽ ഈ രണ്ട് കമ്പനികളുടെയും പ്രധാന ആശ്രയം. കഴിഞ്ഞ വർഷം ഹോണ്ടയുടെ യു.എസ് വിൽപനയുടെ നാലിലൊന്നും, ടൊയോട്ടയുടെ വിൽപനയുടെ 17 ശതമാനവും കാനഡയിൽ നിർമിച്ച വാഹനങ്ങളായിരുന്നു. അതിനാൽ നിലവിലുള്ള 25 ശതമാനം തീരുവ ഇരട്ടിയാക്കാനുള്ള ട്രംപിന്റെ തീരുമാനം ഈ കമ്പനികളെയാണ് ഏറ്റവും രൂക്ഷമായി ബാധിക്കുക.

ഏകദേശം 12 ലക്ഷം കാറുകൾ നിർമിക്കുകയും നാല് ലക്ഷത്തിലധികം ആളുകൾക്ക് തൊഴിൽ നൽകുകയും ചെയ്യുന്ന കാനഡയിലെ ഓട്ടോമൊബൈൽ വ്യവസായത്തെ തകർക്കാൻ ഈ തീരുവകൾക്ക് സാധിക്കുമെന്ന് ലണ്ടനിലെ പെൽഹാം സ്മിതേഴ്സ് അസോസിയേഷൻ അനലിസ്റ്റ് ജൂലി ബൂട്ട് അഭിപ്രായപ്പെട്ടു. യു.എസ് നയങ്ങൾ കാരണം കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം ടൊയോട്ടക്ക് 880 കോടി ഡോളറിലധികം നഷ്ടം വന്നിരുന്നു. ഈ സാഹചര്യത്തിൽ അമേരിക്കയിലെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 10 ബില്യൺ ഡോളർ വരെ നിക്ഷേപിക്കാനാണ് ടൊയോട്ടയുടെ പദ്ധതി.

കാനഡയിൽ നിന്നുള്ള വാഹനങ്ങൾ മറ്റ് വിപണികളിലേക്ക് തിരിച്ചുവിടാനും യു.എസ് വിപണിയിലേക്കുള്ള വിതരണം ഉറപ്പാക്കാനും കമ്പനികൾ ശ്രമിക്കുമെങ്കിലും അതത്ര എളുപ്പമായിരിക്കില്ല. അമേരിക്കൻ വിപണിയുടെ ആവശ്യങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമായാണ് അവിടേക്കുള്ള വാഹനങ്ങൾ നിർമിക്കുന്നത്. യു.എസ്-കാനഡ-മെക്സിക്കോ സ്വതന്ത്ര വ്യാപാര കരാറായ 'യു.എസ്.എം.സി.എ'യുടെ കാലാവധി സംബന്ധിച്ച അനിശ്ചിതത്വവും വാഹന നിർമാതാക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്. തീരുവകൾ യാഥാർത്ഥ്യമായാൽ അത് ആഗോള വാഹന നിർമ്മാണ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

Tags:    
News Summary - Toyota and Honda may get stuck with the bill for Trump’s Canada tariffs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.