തിരുവനന്തപുരം: ഏജൻറുമാരുടെ ഇടനില ഒഴിവാക്കി മോട്ടോർ വാഹനവകുപ്പ് നടപടികൾ കൂടുതൽ സുതാര്യമാക്കുന്നതിന്‍റെ ഭാഗമായി 60 സേവനങ്ങൾ കൂടി ആധാർ അധിഷ്ഠിതമാക്കുന്നു. സെപ്റ്റംബർ 21 മുതൽ പുതിയ ക്രമീകരണം നിലവിൽ വരും. വാഹന സംബന്ധമായ സേവനങ്ങൾ നൽകുന്ന വാഹൻ, ഡ്രൈവിങ് ലൈസൻസ് സംബന്ധമായ സേവനങ്ങൾക്കുള്ള സാരഥി എന്നീ പോർട്ടലുകൾ വഴിയുള്ള സേവനങ്ങളാണ് പൂർണമായും ഓൺലൈനാക്കുന്നത്.
ഫലത്തിൽ ഭൂരിഭാഗം ആവശ്യങ്ങൾക്കും അപേക്ഷകർക്ക് ആർ.ടി ഓഫിസുകളിൽ നേരിട്ട് എത്തേണ്ടി വരില്ല. പുതിയ ക്രമീകരണം നിലവിൽ വരുന്നതോടെ ഏജന്റ് വഴി മാത്രം ഇനി കാര്യങ്ങൾ നടപ്പാക്കി കിട്ടില്ല. വാഹനയുടമയുടെ മൊബൈൽ ഫോണിലേക്കാണ് ഒ.ടി.പി വരിക. നിലവിൽ ആധാറോ ഫോൺ നമ്പറോ നൽകാനുള്ള ഓപ്ഷനുണ്ട്. പലപ്പോഴും ഏജൻറുമാർ സ്വന്തം മൊബൈൽ നമ്പർ നൽകിയാണ് നടപടി പൂർത്തീകരിക്കുക. എന്നാൽ ഇനിയത് നടക്കില്ല.
നിലവിൽ 21 സേവനങ്ങൾ മാത്രമാണ് നേരിട്ട് ഹാജരാകേണ്ടാത്ത രീതിയിൽ ലഭ്യമായിട്ടുള്ളത്. ബാക്കിയുള്ളവക്ക് കൃത്യമായ ഒ.ടി.പി പരിശോധന ഇല്ലാത്തതിനാൽ ഇടനിലക്കാർ അപേക്ഷകരെ ചൂഷണം ചെയ്യുന്നതായി പരാതി ഉയർന്നിരുന്നു.
പുതിയ സംവിധാനം വരുന്നതോടെ അപേക്ഷകൾ ആദ്യം വരുന്നവർക്ക് ആദ്യം എന്ന മുൻഗണനാ ക്രമത്തിലാകും തീർപ്പാക്കുക. നിലവിൽ ഏജന്‍റുമാരുടെ ഇടപെടലുകളിൽ ഈ മുൻഗണന ക്രമം അട്ടിമറിച്ച് കാര്യങ്ങൾ നേടിയിരുന്നു. വാഹന പരിശോധന, അനന്തരാവകാശികളെ തിരിച്ചറിയൽ, വ്യക്തിഗത വാദം കേൾക്കൽ എന്നിവക്ക് ഒഴികെ ഓഫിസുകളിൽ പോകേണ്ടതില്ല. ഇത്തരം ആവശ്യങ്ങൾക്കുള്ള സ്ലോട്ടുകൾ ‘നമ്മുടെ കേരളം’ പോർട്ടൽ വഴി ഓൺലൈനായി ബുക്ക് ചെയ്യാം.
വ്യക്തിഗത വാദം കേൾക്കലിന് പോർട്ടലിലെ ‘വി മീറ്റ്’ സംവിധാനത്തിലൂടെ വീഡിയോ കോൾ വഴിയും ഹാജരാകാം. ഓൺലൈൻ അപേക്ഷകളുടെ പകർപ്പ് ഓഫിസുകളിൽ സമർപ്പിക്കേണ്ടതില്ല എന്നതും പുതിയ മാറ്റത്തിന്റെ പ്രത്യേകതയാണ്. ഡ്രൈവിങ് ലൈസൻസ്, കണ്ടക്ടർ ലൈസൻസ് തുടങ്ങിയവയുടെ ടെസ്റ്റുകൾക്കുള്ള സ്ലോട്ടുകൾ സാരഥി പോർട്ടൽ വഴിയും ഫിറ്റ്നസ് ടെസ്റ്റുകൾക്കുള്ള സ്ലോട്ടുകൾ വാഹൻ പോർട്ടൽ വഴിയുമാണ് ബുക്ക് ചെയ്യേണ്ടത്.
ആധാറിലെ പേരും ആർ.സി ബുക്കിലെ പേരും തമ്മിൽ പൊരുത്തമില്ലെങ്കിൽ സേവനങ്ങൾ തടസപ്പെടുമെന്നതാണ് പുതിയ വെല്ലുവിളി. പേരിനും ഇനീഷ്യലിനും ഇടയിലെ കുത്ത് പോലും വ്യത്യാസമാണെങ്കിൽ ഓൺലൈൻ നടപടികൾ തുടരാനാകില്ല.
ആർ.സിയിലെ പേര് ആധാറിലേത് പോലെ തിരുത്തുകയേ നിവർത്തിയുള്ളൂ. ഇതിനായി ആർ.ടി ഓഫിസുകളിൽ അപേക്ഷ സമർപ്പിക്കണം. ഓഫിസുകളിലെ തിരക്കിനനുസരിച്ച് തിരുത്തിക്കിട്ടാൻ ഒരാഴ്ച വരെ സമയമെടുത്തേക്കും. ആർ.സിയിലെ പേര് സാധാരണ ഇംഗ്ലീഷിലാണ്.
എന്നാൽ ആധാറിൽ ഇംഗ്ലീഷിലും മലയാളത്തിലും പേര് രേഖപ്പെടുത്തിയിരിക്കും. ഇതിൽ ആധാറിൽ ആദ്യം മലയാളത്തിലാണ് പേരെങ്കിലും ഓൺലൈൻ നടപടികൾ മുന്നോട്ടുപോകാനാവില്ല. ആധാറിൽ തിരുത്തൽ വരുത്തലേ മാർഗമുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.