ഇ-സൈക്കിളുകൾക്കും ഇ-ബൈക്കുകൾക്കും നിയന്ത്രണം കടുപ്പിക്കുന്നു; പുതിയ സുരക്ഷാ മാനദണ്ഡങ്ങളുമായി കേന്ദ്രം

ന്യൂഡൽഹി: മണിക്കൂറിൽ പരമാവധി 25 കിലോമീറ്റർ വേഗവും 600 വാട്ടിൽ താഴെ മോട്ടോർ ശേഷിയുമുള്ള ഇലക്ട്രിക് സൈക്കിളുകൾക്കും ഇ-ബൈക്കുകൾക്കും കൂടുതൽ കർശനമായ സാങ്കേതിക, സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. ഇതുസംബന്ധിച്ച ഭേദഗതികൾ ഉൾപ്പെടുത്തിയ കരട് വിജ്ഞാപനം മന്ത്രാലയം പുറത്തിറക്കി.

പുതിയ മാനദണ്ഡങ്ങൾ പ്രകാരം, മോട്ടോർ വാഹന നിയമത്തിൽനിന്നുള്ള ഇളവ് ലഭിക്കുന്നതിനായി ഇത്തരം വാഹനങ്ങൾ അംഗീകൃത പരിശോധനാ ഏജൻസികളുടെ പരിശോധനക്ക് വിധേയമാക്കി സർട്ടിഫിക്കേഷൻ നേടണം. നിലവിൽ 250 വാട്ടിൽ താഴെ മോട്ടോർ ശേഷിയുള്ള ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളെയാണ് ‘മോട്ടോർ വാഹനം’ എന്ന നിർവചനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. അതിനാൽ ഇവക്ക് രജിസ്ട്രേഷൻ നിർബന്ധമല്ല. ഈ പരിധി 600 വാട്ട് വരെ ഉയർത്താനാണ് പുതിയ നിർദേശം.

ഇത്തരം വാഹനങ്ങളിൽ ലെഡ്-ആസിഡ് ബാറ്ററികൾക്ക് പകരം ലിഥിയം-അയൺ ബാറ്ററികൾ മാത്രമേ ഉപയോഗിക്കാവൂ എന്നും കരട് നിർദേശത്തിൽ പറയുന്നു. വാഹനങ്ങളിൽ അനുയോജ്യമായ ബ്രേക്കുകളും ദൃശ്യപരത വർധിപ്പിക്കുന്ന റെട്രോ-റിഫ്ലക്ടീവ് സംവിധാനങ്ങളും നിർബന്ധമാക്കാനും നിർദേശമുണ്ട്.

പെഡൽ സഹായത്തോടെ പ്രവർത്തിക്കുന്ന ഇലക്ട്രിക് സൈക്കിളുകളിൽ മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിലെത്തുമ്പോഴോ യാത്രികൻ പെഡൽ ചെയ്യുന്നത് നിർത്തുമ്പോഴോ മോട്ടോറിന്റെ സഹായം ക്രമേണ കുറയുകയും പൂർണമായും നിലക്കുകയും വേണം.

കുറഞ്ഞ വേഗതയുള്ള ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ നഗരങ്ങളിലെ ചെലവ് കുറഞ്ഞ യാത്രാമാർഗമായി വേഗത്തിൽ പ്രചാരം നേടുന്നതിനിടെയാണ് പുതിയ നിയന്ത്രണ നിർദേശങ്ങൾ. നിലവിൽ ഇത്തരം വാഹനങ്ങളിൽ പലതും പരിമിതമായ നിയന്ത്രണ സംവിധാനങ്ങൾക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്. പുതിയ മാനദണ്ഡങ്ങൾ സുരക്ഷയും സാങ്കേതിക നിലവാരവും കൂടുതൽ ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്.

Tags:    
News Summary - New Safety Rules For E-Bikes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.