തിരുവനന്തപുരം: വാഹനം മോടിപിടിപ്പിക്കുന്നതിൽ യു.ഡി.എഫ് വാഗ്ദാനങ്ങൾ നിലനിൽക്കെ, അനധികൃത രൂപമാറ്റങ്ങൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി മോട്ടോർ വാഹനവകുപ്പ്. വാഹനങ്ങളിലെ രൂപമാറ്റങ്ങൾ നിരത്തുകളിലെ സുരക്ഷക്ക് കടുത്ത ഭീഷണിയാണെന്ന് വിലയിരുത്തിയ ഹൈകോടതി, മോട്ടോർ വാഹന ചട്ടങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയതിന് പിന്നാലെയാണ് ഗതാഗത കമീഷണർ സർക്കുലർ പുറപ്പെടുവിച്ചത്.
സംസ്ഥാനത്താകെ പരിശോധന ശക്തമാക്കാനും നിയമലംഘനത്തിന് പിഴ ചുമത്താനും എൻഫോഴ്സ്മെന്റ് വിഭാഗം ആർ.ടി.ഒമാരോട് സർക്കുലർ വഴി നിഷ്കർഷിക്കുന്നു. അനധികൃത രൂപമാറ്റം നീക്കിയശേഷം വാഹനം വീണ്ടും പരിശോധനക്കായി ഹാജരാക്കണം. റീലുകളും വിഡിയോകളും നിർമിക്കാനായി അനധികൃത രൂപമാറ്റം വരുത്തുന്ന വാഹനങ്ങൾക്കെതിരെയും നിലവിലെ നിയമപ്രകാരം കർശന നടപടി സ്വീകരിക്കണം. മാത്രമല്ല, കഴിഞ്ഞ മൂന്ന് മാസത്തിനിടെ നിയമവിരുദ്ധ രൂപമാറ്റങ്ങൾക്കെതിരെ എൻഫോഴ്സ്മെന്റ് വിഭാഗം സ്വീകരിച്ച നടപടികൾ സംബന്ധിച്ച വിശദ റിപ്പോർട്ട് സെപ്റ്റംബർ മൂന്നിന് മുൻപ് ഗതാഗത കമീഷണറേറ്റിൽ ലഭ്യമാക്കണമെന്നും സർക്കുലറിൽ ആവശ്യപ്പെടുന്നുണ്ട്.
ഒരു ഭാഗത്ത് വാഹനങ്ങളിൽ മോഡിഫിക്കേഷൻ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടാനായി മോട്ടോർ വാഹനവകുപ്പ് ഓൺലൈൻ സർവേ നടത്തുന്നതിനിടെയാണിത്. യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയാൽ നിയമാനുസൃതമായ മോഡിഫിക്കേഷൻ അനുവദിക്കുമെന്ന് പ്രതിപക്ഷ നേതാവായിരിക്കെ വി.ഡി. സതീശൻ പ്രഖ്യാപിച്ചിരുന്നു. ഇതും ഒപ്പം മുഖ്യമന്ത്രിയായ ശേഷം വാർത്താസമ്മേളനത്തിൽ ‘യുവാക്കൾ വാഹനങ്ങൾ മോഡിഫൈ ചെയ്യട്ടെ’യെന്ന് വി.ഡി. സതീശൻ പറഞ്ഞതുമെല്ലാം വാഹന പ്രേമികളിൽ വലിയ ആവേശം നിറച്ചിരുന്നു.
വാഹനങ്ങളുടെ സാങ്കേതിക മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത് കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരമാണ്. ഈ വിഷയത്തിൽ രാജ്യസഭയിൽ ഉയർന്ന ചോദ്യത്തിന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നൽകിയ രേഖാമൂലമുള്ള മറുപടി സംസ്ഥാന സർക്കാറിന്റെ വാഗ്ദാനങ്ങൾക്ക് വലിയ തിരിച്ചടിയായിരുന്നു. വാഹനങ്ങളുടെ രൂപമാറ്റം സംബന്ധിച്ച മാനദണ്ഡങ്ങൾ നിശ്ചയിക്കാനോ അതിന് സ്വന്തം നിലക്ക് അനുമതി നൽകാനോ സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നു.
മോട്ടോർ വാഹന നിയമം പ്രകാരം, വാഹന നിർമാതാക്കൾ നൽകുന്നതും വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയതുമായ അടിസ്ഥാന സാങ്കേതിക വിവരങ്ങളിൽ അനുമതിയില്ലാതെ മാറ്റം വരുത്താൻ പാടില്ല. വാഹനത്തിന്റെ ചേസിസ്, എൻജിൻ, ബോഡി ഘടന എന്നിവയിൽ വ്യത്യാസം വരുത്തണമെങ്കിൽ യഥാർഥ നിർമാതാവോ അല്ലെങ്കിൽ അംഗീകൃത ഡീലർമാരോ സർട്ടിഫൈഡ് വർക്ക്ഷോപ്പുകളോ വഴി കേന്ദ്ര സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾക്ക് വിധേയമായി മാത്രമേ സാധിക്കൂ. വാഹനങ്ങളുടെ വേഗപരിധി നിയന്ത്രിക്കാൻ മാത്രമാണ് മോട്ടോർ വാഹന നിയമ പ്രകാരം സംസ്ഥാന സർക്കാറുകൾക്ക് അധികാരമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.