കീവേ ഹൈപ്പവോൾട്ട്-ആർ

പവർഫുൾ 'ഹൈപ്പവോൾട്ട്-ആർ'; ഇലക്ട്രിക് മാക്സി-സ്കൂട്ടറിൽ വിപണി കീഴടക്കാൻ കീവേ എത്തുന്നു

മികച്ച പെർഫോമൻസും ആഡംബര യാത്രാസുഖവും വാഗ്‌ദാനം ചെയ്യുന്ന പുതിയ ഇലക്ട്രിക് മാക്സി-സ്കൂട്ടറായ കീവേ ഹൈപ്പവോൾട്ട്-ആർ (Keeway Hypevolt R) ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 1.99 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) ഈ പ്രീമിയം ഇവി സ്കൂട്ടറിന്റെ വില. നഗരയാത്രകൾക്കും ദീർഘദൂര യാത്രകൾക്കും ഒരുപോലെ അനുയോജ്യമായ രീതിയിലാണ് സ്കൂട്ടറിന്റെ നിർമാണം എന്നത് ഉപഭോക്താക്കളെ വാഹനം വാങ്ങിക്കാൻ കൂടുതലായി പ്രേരിപ്പിക്കുന്നുണ്ട്.

12kW പീക്ക് ഔട്ട്പുട്ട് നൽകുന്ന പി.എം.എസ്.എം ഇലക്ട്രിക് മോട്ടറാണ് കീവേ ഹൈപ്പവോൾട്ട് ആറിൽ സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ ബെൽറ്റ് ഡ്രൈവ് വഴിയാണ് പിൻചക്രത്തിലേക്ക് കരുത്ത് എത്തുന്നത്. അതിനാൽ മണിക്കൂറിൽ 115 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇവി സ്കൂട്ടറിന് സാധിക്കും. റൈഡർമാർക്ക് മികച്ച യാത്ര അനുഭവം നൽകാനായി ഇക്കോ (Eco), നോർമൽ (Normal), സ്പോർട് (Sport) എന്നിങ്ങനെ മൂന്ന് റൈഡിങ് മോഡുകളും സ്കൂട്ടറിൽ നൽകിയിട്ടുണ്ട്. കൂടാതെ, പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 2.3 സെക്കൻഡ് മാത്രം മതി എന്നതും ഹൈപ്പവോൾട്ട്-ആറിന്റെ പ്രത്യേകതയാണ്.

5.04kWh ശേഷിയുള്ള ഇരട്ട റിമൂവബിൾ (ഊരിയെടുക്കാവുന്ന) ബാറ്ററി പാക്കുകളാണ് ഹൈപ്പവോൾട്ട്-ആറിന്റെ കരുത്ത്. അതിനാൽത്തന്നെ ഒറ്റച്ചാർജിൽ 180 കിലോമീറ്റർ IDC റേഞ്ചാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. ബാറ്ററികൾ എളുപ്പത്തിൽ ഊരിയെടുത്ത് വീടുകളിലോ ഓഫീസുകളിലോ വെച്ച് ചാർജ് ചെയ്യാം എന്നത് വലിയൊരു ആശ്വാസമാണ്.

ഡിസൈനും സ്റ്റോറേജും

മാക്സി-സ്കൂട്ടർ ശൈലിയിലുള്ള ഡിസൈൻ രൂപമാണ് ഹൈപ്പവോൾട്ട്-ആറിന്റേത്. ഇരട്ട എൽ.ഡി.ഇ ഹെഡ്‌ലൈറ്റുകളും സീക്വൻഷ്യൽ പാറ്റേണിലുള്ള ഡി.എൽ.എല്ലുകളും മുൻവശത്തായി നൽകിയിരിക്കുന്നു. 14 ഇഞ്ച് അലോയ് വീലുകളിലെത്തുന്ന ടയറുകൾ റോഡിൽ കൂടുതൽ സാന്നിധ്യം ഉറപ്പിക്കുന്നുണ്ട്. സീറ്റിനടിയിലായി 27 ലിറ്റർ വലിയ സ്റ്റോറേജ് സ്പേസും ലഭ്യമാണ്. ഇതിൽ ഒരു ഇന്ത്യൻ-സ്പെക്ക് ഹെൽമെറ്റും ചാർജറും എളുപ്പത്തിൽ സൂക്ഷിക്കാം. ബ്ലൈൻഡ്-സ്പോട്ട് അസിസ്റ്റ്, മിററുകളിൽ പിന്നിൽ നിന്ന് വാഹനം വരുമ്പോൾ പ്രകാശിക്കുന്ന ഇൻഡിക്കേറ്റർ, റിവേഴ്സ് ക്യാമറ, 5 ഇഞ്ച് കളർ ഡിസ്‌പ്ലേ, ഡ്യൂവൽ ചാനൽ എ.ബി.എസ്, ഹിൽ-ഹോൾഡ് കണ്ട്രോൾ, ഹിൽ ഡീസന്റ് കണ്ട്രോൾ, ക്രൂയിസ് കണ്ട്രോൾ, ആന്റി-തെഫ്റ്റ് സിസ്റ്റം, ടയർ പ്രഷർ മോണിറ്ററിങ് തുടങ്ങിയ ആധുനിക ഫീച്ചറുകളാൽ സമ്പന്നമാണ് ഹൈപ്പവോൾട്ട്-ആർ.

ഹൈപ്പവോൾട്ട്-ആറിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ യാത്രാസുഖമാണ്. ഫ്ലാറ്റായ ഡ്യൂവൽ സീറ്റുകൾ ദീർഘദൂര യാത്രകളിൽപ്പോലും ക്ഷീണം ഉണ്ടാക്കില്ല. 770 എം.എം മാത്രമുള്ള കുറഞ്ഞ സീറ്റ് ഹൈറ്റ് കാരണം ചെറിയ ഉയരമുള്ളവർക്കും സ്കൂട്ടർ എളുപ്പത്തിൽ ഓടിക്കാം. 140 കിലോ ഭാരമുണ്ടെങ്കിലും ട്രാഫിക്കിൽ സ്കൂട്ടർ കൈകാര്യം ചെയ്യാൻ വളരെ എളുപ്പമാണ്.

1.99 ലക്ഷം രൂപ (എക്സ്-ഷോറൂം) വിലയുള്ള കീവേ ഹൈപ്പവോൾട്ട്-ആർ, മാക്സി-സ്കൂട്ടർ പ്രേമികൾക്ക് മികച്ചൊരു ചോയ്സ് ആണ്. ആകർഷകമായ ഡിസൈൻ, മികച്ച പെർഫോമൻസ്, ഉയർന്ന റേഞ്ച് എന്നിവ സ്കൂട്ടറിന്റെ പ്ലസ് പോയിന്റുകളാണ്. അതേസമയം, കടുപ്പമുള്ള മുൻ സസ്പെൻഷൻ, സങ്കീർണ്ണമായ ഡിസ്‌പ്ലേ എന്നിവ ചെറിയ പോരായ്മകളായും തുടരുന്നുണ്ട്. എന്നാൽ. ഇന്ത്യയിലെ വളർന്നുവരുന്ന ഇലക്ട്രിക് വിപണിയിൽ വിജയം കാണാൻ കീവേ തങ്ങളുടെ ആഫ്റ്റർ-സെയിൽസ് സർവീസും ഡീലർഷിപ്പ് ശൃംഖലയും കൂടുതൽ വിപുലീകരിക്കേണ്ടതുണ്ട്.

Tags:    
News Summary - Keeway introduced Hypavolt R EV Scooter in Indian Market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.