ഏഥർ പുറത്തുവിട്ട ടീസർ വിഡിയോയിലെ ദൃശ്യം

ഏഥർ എനർജിയുടെ ആദ്യ 'മെറ്റൽ ബോഡി' ഇവി സ്കൂട്ടർ: 'കൊണാർക്' ഉടൻ വിപണിയിൽ; കൂടുതൽ വിവരങ്ങൾ പുറത്ത്

പ്രമുഖ ഇലക്ട്രിക് ഇരുചക്രവാഹന നിർമാതാക്കളായ ഏഥർ എനർജിയുടെ (Ather Energy) ഏറ്റവും പുതിയ ഇലക്ട്രിക് സ്കൂട്ടറായ 'കൊണാർക്' സംബന്ധിച്ച നിർണായക വിവരങ്ങൾ പുറത്ത്. ഏഥറിന്റെ ചരിത്രത്തിൽ ആദ്യമായി പൂർണമായും മെറ്റൽ ബോഡി പാനലുകളോടെ എത്തുന്ന പ്രൊഡക്ഷൻ സ്കൂട്ടർ എന്ന വിശേഷണം ഇനിമുതൽ കൊണാർക്കിന് സ്വന്തം. കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ തരുൺ മേത്തയാണ് ടീസർ വീഡിയോയിലൂടെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 2026 ആഗസ്റ്റ് 29ന് നടക്കുന്ന 'ഏഥർ കമ്മ്യൂണിറ്റി ഡേ' ചടങ്ങിൽ സ്കൂട്ടർ ഔദ്യോഗികമായി അനാച്ഛാദനം ചെയ്യും.

പരമ്പരാഗതമായി പ്രീമിയം, സാങ്കേതികവിദ്യ അധിഷ്ഠിത മോഡലുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഏഥർ, കൊണാർക്കിലൂടെ മാസ്-മാർക്കറ്റ് കമ്മ്യൂട്ടർ സെഗ്‌മെന്റിലേക്ക് ചുവടുവെക്കുകയാണ്. ഏഥർ നിരയിൽ ആദ്യമായി മെറ്റൽ ബോഡി പാനലുകൾ ഉപയോഗിച്ച് നിർമിക്കുന്ന സ്കൂട്ടറാണ് കൊണാർക്. സാധാരണക്കാരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ബജറ്റ് ഫ്രെൻഡ്‌ലി ഇലക്ട്രിക് സ്കൂട്ടർ പുതിയ നൂതന ഇവി പ്ലാറ്റ്‌ഫോമിൽ നിർമിക്കുന്ന ആദ്യ മോഡലാണ്. മെറ്റൽ ബോഡി എത്തുന്നതോടെ പരമ്പരാഗത ഫാമിലി സ്കൂട്ടർ ഉപയോക്താക്കൾക്ക് കൂടുതൽ മികച്ച അനുഭവവും ദീർഘകാല ഈടും ഉറപ്പാക്കാൻ സാധിക്കും.

ഏഥർ എനർജിയുടെ ജനപ്രിയ മോഡലുകളായ 'റിസ്താ' (Rizta), '450 സീരീസ്' എന്നിവക്ക് താഴെയായിട്ടായിരിക്കും കൊണാർക് സ്ഥാനം പിടിക്കുക. അതിനാൽത്തന്നെ ഒരു ലക്ഷം രൂപ മുതൽ 1.25 ലക്ഷം രൂപ വരെയാകും സ്കൂട്ടറിന് പ്രതീക്ഷിക്കുന്ന എക്സ്-ഷോറൂം വില. നിലവിൽ റിസ്താക്ക് 1.21 ലക്ഷം രൂപയും 450 സീരീസിന് 1.28 ലക്ഷം രൂപയുമാണ് പ്രാരംഭ വില.

ഏഥർ എനർജി മുമ്പ് പ്രദർശിപ്പിച്ച EL01 കൺസെപ്റ്റിന്റെ ഡിസൈൻ തന്നെയാണ് കൊണാർക്കിലും നിലനിർത്തിയിരിക്കുന്നത്. ഹാൻഡിൽബാർ-മൗണ്ടഡ് ഹെഡ്‌ലൈറ്റ്, ലംബമായ ഫ്രണ്ട് ഏപ്രോൺ, വീതിയുള്ള LED DRL എന്നിവ സ്കൂട്ടറിന്റെ പ്രത്യേകതകളാണ്. മുൻവശത്ത് 14 ഇഞ്ച് വലിയ ചക്രവും പിന്നിൽ 12 ഇഞ്ച് ചക്രവും നൽകിയിരിക്കുന്നു. ഒപ്പം ഫ്രണ്ട് ഡിസ്ക് ബ്രേക്കും അലോയ് വീലുകളും പ്രതീക്ഷിക്കാം. സ്പോർട്ടി 450 സീരീസിൽ നിന്ന് വ്യത്യസ്തമായി, ദീർഘമേറിയ ഒറ്റ സീറ്റ്, വിശാലമായ ഫ്ലോർബോർഡ്, മികച്ച യാത്രാസൗകര്യം എന്നിവ കുടുംബപ്രേമികളെ ലക്ഷ്യമിട്ടുള്ളതാണ്.

2013ൽ ഐ.ഐ.ടി മദ്രാസ് പൂർവ് വിദ്യാർഥികളായ തരുൺ മേത്തയും സ്വപ്നിൽ ജെയ്നും ചേർന്ന് ആരംഭിച്ച കമ്പനിയാണ് ഏഥർ എനർജി. ഏകദേശം ഒരു ദശാബ്ദ കാലത്തെ പരിചയസമ്പത്തുമായാണ് ഏഥർ പുതിയ 'EL പ്ലാറ്റ്‌ഫോം' വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഉൽപ്പാദനച്ചെലവ് കുറക്കുക, ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങളും എളുപ്പത്തിലുള്ള പരിപാലനവും ഉറപ്പാക്കുക എന്നിവയാണ് പുതിയ പ്ലാറ്റ്‌ഫോമിന്റെ പ്രധാന ലക്ഷ്യം.  

Tags:    
News Summary - Ather Energys first metal body EV scooter Konark to hit the market soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.